5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് നിർത്തലാക്കി ദേവസ്വം ബോർഡ്

Sabarimala Special Facilitation Card For Devotees: എരുമേലിയിൽ നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി 32 കിലോമീറ്ററോളം കാൽനടയായാണ് ഭക്തർ ശബരിമല ദർശനത്തിന് എത്തുന്നത്. ഇത്രയും ദൂരം നടന്ന് എത്തുന്ന ഭക്തർക്ക് വരിനിൽക്കാതെ പതിനെട്ടാംപടി ചവിട്ടാനായാണ് ഫെസിലിറ്റേഷൻ കാർഡ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്.

Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് നിർത്തലാക്കി ദേവസ്വം ബോർഡ്
ശബരിമല (Image Credits: PTI)
athira-ajithkumar
Athira CA | Published: 01 Jan 2025 08:32 AM

പത്തനംതിട്ട: എരുമേലിയിൽ നിന്ന് മുക്കുഴി വഴി ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് നൽകുന്ന പാസിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കാനനപാത വഴി കാൽനടയായി വരുന്ന തീർത്ഥാടകർക്ക് നൽകുന്ന പ്രത്യേക പാസ് താത്ക്കാലികമായി നിർത്തിവച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ച്വൽ, സ്പോട്ട് ബുക്കിം​ഗുകളിലൂടെ ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർ ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

പരമ്പരാ​ഗത പാതയിലൂടെ എത്തുന്ന ഭക്തർക്ക് മുക്കുഴിയിൽ നിന്ന് ദർശനത്തിനായി പ്രതിദിനം 5000 പ്രത്യേക പാസ് നൽകാനായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം. എന്നാൽ ഈ പാതയിലൂടെ തീർത്ഥാടനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം അഞ്ചിരട്ടിയിൽ അധികം വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മുക്കുഴി വഴി എത്തുന്ന ഭക്തർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിന്റെ തീരുമാനം.

ദേവസ്വം ബോർഡിന്റെ അറിയിപ്പ്

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എരുമേലി അഴുതക്കടവ് മുക്കുഴി വഴി പമ്പയ്ക്കുള്ള കാനന പാതയിലൂടെ സഞ്ചരിക്കുന്ന അയ്യപ്പ ഭക്തർക്കായി ഏർപ്പെടുത്തിയ സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് ഇന്ന് (01-01-2025) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വച്ചിട്ടുള്ളതാണ്. എന്നാൽ എരുമേലി അഴുതക്കടവ് മുക്കുഴി വഴി പമ്പയ്ക്കുള്ള പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർത്ഥാടനത്തിന് യാതൊരുവിധ തടസ്സങ്ങളും ഇല്ല.

പരമ്പരാഗത പാതയിലൂടെ സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡുമായി അനിയന്ത്രിതമായി ഭക്തർ എത്തിയത് തിരക്ക് നിയന്ത്രിക്കുന്നതിന് തടസ്സമായി. ഇത് അയ്യപ്പ ദർശനത്തിനായി നടപ്പന്തലിൽ വരി നിൽക്കുന്നവരുടെ എതിർപ്പിന്‌ ഇടയാക്കിയെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹെെക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്മേൽ സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് തിരക്ക് നിയന്ത്രിക്കുന്നതിന് തടസ്സമായാൽ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഈ സൗകര്യം പിൻവലിക്കുന്നത്‌‌ ദേവസ്വം ബോർഡിന് പരി​ഗണിക്കാമെന്നും കോടതി നിർദേശിച്ചു. പിന്നാലെയാണ് സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് താത്ക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചത്.

എരുമേലിയിൽ നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി 32 കിലോമീറ്ററോളം കാൽനടയായാണ് ഭക്തർ ശബരിമല ദർശനത്തിന് എത്തുന്നത്. ഇത്രയും ദൂരം നടന്ന് എത്തുന്ന ഭക്തർക്ക് വരിനിൽക്കാതെ പതിനെട്ടാംപടി ചവിട്ടാനായാണ് ഫെസിലിറ്റേഷൻ കാർഡ് നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ, അയ്യായിരത്തിലേറെപ്പേർ പ്രത്യേക പാസുമായി ദർശനത്തിനെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടായി. മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ വഴിയുള്ള സ്‌പോട്ട് ബുക്കിം​ഗിലും ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും എന്നാൽ ഇക്കാര്യം ഭക്തരെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ചീഫ് പൊലീസ് കോ ഓർഡിനേറ്റർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട കലക്ടർമാർ എന്നിവർ ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ഈ മാസം 6-ന് സമർപ്പിക്കണമെന്നും ഹെെക്കോടതി അറിയിച്ചു.