Nineveh Lent : സുറിയാനിക്കാരുടെ ഏറ്റവും ചെറിയ നോമ്പ്; മൂന്ന് നോമ്പാചരണങ്ങൾക്ക് തുടക്കമായി
Nineveh Lent AKA Three Day Lent : വലിയ നോമ്പിന് 18 ദിവസം മുന്നോടിയായിട്ടാണ് ക്രിസ്ത്യാനികൾ മൂന്ന് നോമ്പ് ആചരിക്കുന്നത്. ബൈബിളിലെ പഴയനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നോമ്പ് ആചരിക്കുന്നത്.

Jonah Nineveh Lent
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ പരമ്പരാഗതമായി ആചരിക്കുന്ന മൂന്ന് നോമ്പിന് തുടക്കമായി. സുറിയാനി ക്രിസ്ത്യാനികളുടെ അഞ്ച് കാനോനിക നോമ്പിലെ ഏറ്റവും ചെറിയ നോമ്പാണ് മൂന്ന് നോമ്പ് അഥവാ നിനവേ നോമ്പ്. വലിയ നോമ്പിന് 18 ദിവസം മുമ്പാണ് മൂന്ന് നോമ്പ് ആചരിക്കുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങൾക്ക് ശേഷം വ്യാഴാഴ്ച പ്രത്യേക ആരാധനയോടെയാണ് മൂന്ന് നോമ്പ് അവസാനിക്കുന്നത്.
രണ്ട് പാരമ്പര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് മൂന്ന് നോമ്പ് ആചരിക്കുന്നത്. ഒന്ന് ബൈബിളിൽ പറയുന്ന യോന എന്ന പ്രവാചകൻ്റെ കഥയെ ആസ്പദമാക്കിയാണ് മൂന്ന് നോമ്പ് ആചരിക്കപ്പെടുന്നതിന് പിന്നിലുള്ള പ്രധാന ചരിത്രം. ദൈവത്തിൻ്റെ കല്പനപ്രകാരം നിനവേ എന്ന പറയുന്ന ദ്വീപുകാരുടെ മാനസാന്തരത്തിനായി പ്രവർത്തിക്കാതെ മറ്റൊരുടത്തേക്ക് പോയ യോനയെ വലിയ ഒരു മത്സ്യം വിഴുങ്ങുകയും പ്രവാചകൻ അതിൻ്റെ ഉദരത്തിൽ ചിലവഴിച്ച മൂന്ന് ദിവസങ്ങളെ അനുസ്മരിക്കുന്നതാണ് നിനവേ നോമ്പ്. മത്സ്യത്തിൻ്റെ ഉള്ളിൽ കിടന്ന യോന മാനസാന്തരപ്പെട്ട യോന പിന്നീട് നിനവേയിലെത്തിയ അവരുടെ മാനസാന്തരത്തിനായി പ്രവർത്തിച്ചുയെന്നാണ് ബൈബിളിൽ പറയുന്നത്.
ഇത് കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പറയുന്ന മറ്റൊരു ചരിത്രമുണ്ട്. എഡി 570-580 കാലഘട്ടത്തിൽ നിനവേ, അസോർ, ബേസ്ഗർമേ എന്നീ പേർഷ്യൻ നഗരങ്ങളിൽ പ്ലേഗ് ബാധയുണ്ടായി. നിരവധി പേരാണ് ഈ അസുഖാധയെ തുടർന്ന് മരണപ്പെട്ടത്. തുടർന്ന് ഒരു ഞായറാഴ്ച എല്ലാവരും ഒന്നിച്ച് പ്ലേഗ് ബാധ വിട്ടുമാറാൻ പ്രാർഥിക്കുകയും തുടർന്ന് മൂന്ന് ദിവസം ദേവാലയത്തിനുള്ളിൽ അവർ പ്രാർഥന തുടരുകയും ചെയ്തു. മൂന്നാം ദിവസം അവരിലുണ്ടായിരുന്ന പ്ലേഗ് രോഗം മാറുകയും രോഗബാധ പൂർണമായും ഭേദമാകുകയും ചെയ്തു. ഈ ചരിത്രത്തിൻ്റെ അടിസ്ഥാനത്തിലും കൂടിയാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ് ആചരിക്കുന്നത്.
നിലവിൽ സിറിയൻ ക്രിസ്ത്യാനികൾ വലിയ പ്രധാന്യത്തോടെയാണ് മൂന്ന് നോമ്പ് ആചരിക്കുന്നത്. ഇടയ്ക്ക് ഒരു ചടങ്ങ് പോലെ കണ്ടിരുന്നെങ്കിലും ഇപ്പോൾ വളരെ ഭക്തിയോടെ നിനവേ നോമ്പ് ഓർത്തഡോക്സ്, യാക്കോബായ ക്രിസ്ത്യൻ സഭകൾ മൂന്ന് നോമ്പ് ആചരിക്കാറുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ പള്ളികളിൽ പ്രത്യേക ഉപവാസ പ്രാർഥനയും നേർച്ച കഞ്ഞിയും നൽകിയാണ് വിശ്വാസികൾ മൂന്ന് നോമ്പ് ആചരിക്കുന്നത്. മൂന്ന് നോമ്പ് ആചരിച്ച് 18 ദിവസം കഴിയുമ്പോഴാണ് സിറിയൻ ക്രിസ്ത്യൻ വിശ്വാസികൾ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പ് ആചരിക്കുന്നത്.