Sabarimala Pilgrimage: 300 സ്‌പെഷ്യൽ ട്രെയിനുകൾ, മൊബൈൽ ചാർജിങ് മുതൽ ഫ്രി വൈഫൈ വരെ; ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യം
Sabarimala Seoson 2024: കഴിഞ്ഞവർഷം നിർത്തലാക്കിയ റെയിൽവേ റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പിൽഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായിട്ടുണ്ട്. കുടിവെള്ളം, വിരിവെക്കാനുള്ള സൗകര്യം, സഹായകേന്ദ്രം, സിസിടിവി ക്യാമറ, മൊബൈൽ ചാർജിങ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവയും സ്റ്റേഷനുകളിൽ ഏർപ്പെടുത്തും.

ശബരിമല ക്ഷേത്രം (Image Credits: Social Media)
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല തീർഥാടനകാലത്ത് (Sabarimala Pilgrimage) ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുമെന്നും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് 300 സ്‌പെഷ്യൽ തീവണ്ടികളോടിക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ ആണ് ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല തീർഥാടനത്തിനു മുന്നോടിയായി ചെങ്ങന്നൂരിൽ നടന്ന റെയിൽവേയുടെ അവലോകനയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തീർഥാടനം സുഗമമാക്കാനായി കോട്ടയം വഴിയും മധുര, പുനലൂർ വഴിയും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചിരുന്നു. പ്രത്യേക തീവണ്ടികൾ കൊല്ലം വരെയോ തിരുവനന്തപുരം വരെയോ നീട്ടണമെന്നും എംപിയുടെ ആവശ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. എന്നാലിതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും അനുഭാവപൂർവം പരിഗണിക്കാമെന്നാണ് ഡിആർഎം ഉറപ്പുനൽകിയത്. കൂടാതെ തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ തീവണ്ടിക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പും അനുവദിക്കമമെന്നാവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘവും ഡിആർഎമ്മിന് നിവേദനം നൽകിയിരുന്നു.
കഴിഞ്ഞവർഷം നിർത്തലാക്കിയ റെയിൽവേ റിസർവേഷൻ കേന്ദ്രം പുനഃസ്ഥാപിക്കാനും മൂന്ന് പിൽഗ്രിം കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും തീരുമാനമായിട്ടുണ്ട്. കുടിവെള്ളം, വിരിവെക്കാനുള്ള സൗകര്യം, സഹായകേന്ദ്രം, സിസിടിവി ക്യാമറ, മൊബൈൽ ചാർജിങ് സൗകര്യം, സൗജന്യ വൈഫൈ തുടങ്ങിയവയും സ്റ്റേഷനുകളിൽ ഏർപ്പെടുത്തും.
സ്റ്റേഷനു മുന്നിലുള്ള ഓട വൃത്തിയാക്കാൻ നഗരസഭയ്ക്കു റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. നഗരത്തിൽ സാംക്രമിക രോഗങ്ങളടക്കം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ഓടകൾ വൃത്തിയാക്കണമെന്ന് ആവശ്യം വലിയതോതിൽ ഉയർന്നിരുന്നു. ഇതിൻ്റെ ഭാഗമായി ജല അതോറിറ്റി, റെയിൽവേ സ്റ്റേഷൻ, മഹാദേവക്ഷേത്രം, കെഎസ്ആർടിസി., വണ്ടിമല ദേവസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലായി 25 കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റെയിൽവേയുടെ നിയമാവലിയനുസരിച്ച് പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഹെൽപ്പ് ഡെസ്‌ക്, എയ്ഡ് പോസ്റ്റ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി അനുവദിക്കുമെന്നും ഡിവിഷണൽ മാനേജർ അറിയിച്ചു. മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. ശബരിമല തീർഥാടനം തുടങ്ങുംമുൻപ് വിവിധ വകുപ്പുകൾ ചെയ്യേണ്ട ജോലികൾ പൂർത്തിയാക്കണമെന്നും മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയിട്ടുണ്ട് നേരത്തേ നടന്ന അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. ചെങ്ങന്നൂരിലെത്തുന്ന തീർഥാടകർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകാൻ പാടില്ലെന്നും ശുചീകരണ പ്രവർത്തനമുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.