5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: ‘സ്വാമിയേ ശരണമയ്യപ്പ’; വീണ്ടുമൊരു മണ്ഡലകാലം: ഇനി വ്രതശുദ്ധിയുടെ നാളുകൾ; അറിയേണ്ടതെല്ലാം

Sabarimala Mandala Puja 2024: ഇനിയുള്ള നാളുകൾ‌ വ്രതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും നാളുകളാണ്. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ അയ്യപ്പ ഭക്തര്‍ തയ്യാറെടുക്കുകയാണ്. ‌

Sabarimala Mandala Kalam 2024: ‘സ്വാമിയേ ശരണമയ്യപ്പ’; വീണ്ടുമൊരു മണ്ഡലകാലം: ഇനി വ്രതശുദ്ധിയുടെ നാളുകൾ; അറിയേണ്ടതെല്ലാം
Sabarimala Temple( Image Credits: Social Media)
sarika-kp
Sarika KP | Updated On: 14 Nov 2024 23:38 PM

ശരണമന്ത്രങ്ങൾ മുഴക്കികൊണ്ട് വീണ്ടുമൊരു മണ്ഡലകാലം കൂടി കടന്നുവരികയാണ്. ഇനിയുള്ള നാളുകൾ‌ വ്രതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും നാളുകളാണ്. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ അയ്യപ്പ ഭക്തര്‍ തയ്യാറെടുക്കുകയാണ്. ‌പോയവർഷത്തെ അലച്ചിലുകളെല്ലാം മറന്ന് സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വാമിയ്ക്കായി മാറ്റിവച്ച് മോക്ഷദായകനായ ശ്രീ അയ്യപ്പന്റെ പാദാരവിന്ദങ്ങളിൽ അർപ്പിക്കുവാനുള്ള ഇരുമുടി ക്കെട്ടുമേന്തി മലചവിട്ടുവാനുള്ള ആരംഭമായി.

പതിനെട്ട് പടിയും കടന്ന് എത്തുമ്പേൾ തത്ത്വമസി എന്ന സത്യമാണ് ഓരോ അയ്യപ്പ ഭക്തരിലും ഉണ്ടാകുന്നത്. ‘തത് ത്വം അസി’ അഥവാ ‘അത് നീ ആകുന്നു’ എന്ന സാമവേദസാരമായ പദം നമ്മെ സ്വയം വിശകലനത്തിന് പ്രാപ്തരാക്കുന്നു. ഈ കാലത്ത് വ്രതം എടുക്കുന്നത് ഏറ്റവും ​ഗുണം എന്നാണ് പറയുന്നത്. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചശുദ്ധികളുടെ സംഗമമായാണ് വ്രതങ്ങളെ കാണുന്നത്. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങള്‍ക്കുള്ളത്. ഹൈന്ദവ സംസ്‌കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലം. ശാസ്താപ്രീത്യര്‍ത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു.

Also Read-Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി

വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഡലകാല വ്രതം ധനു പതിനൊന്നിനാണ് അവസാനിക്കുന്നത്. നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. വൃശ്ചികം ഒന്നിനു രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുന്നവർ പൂർണമായും മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ ഒഴിവാക്കി അഹിംസ, സത്യം, ആസ്‌തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊള്ളണം. ഇതിനുപുറമെ രണ്ട് നേരവും (പ്രാതസന്ധ്യയിലും സായംസന്ധ്യയിലും)ശരണം വിളിക്കണം. ഒടുവില്‍ ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.

ശബരിമല വ്രതം നോൽക്കുന്നത് ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല ദർശനത്തിലൂടെ ഇവ മൂന്നിൽ നിന്നും മുക്തി നേടുമെന്നാണ് വിശ്വാസം. മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു.