Sabarimala Mandala Kalam : ശരണം വിളിയുമായി ഭക്തസഹസ്രങ്ങള്‍; ശബരിമലയില്‍ ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര
Sabarimala Mandala Kalam Karpoorazhi : ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.വി. പ്രകാശ്, ദേവസ്വം ബോർഡ് ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയുടെ ഭാഗമാകും
ശബരിമലയില്‍ ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രകള്‍ നടക്കും. മണ്ഡലപൂജയ്ക്ക് മുന്നോടിയായി സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്രയാണ് ഇന്ന് നടക്കുന്നത്. വൈകുന്നേരം 6.30ന് ദീപാരാധനയ്ക്ക് ശേഷം കര്‍പ്പൂരദീപ ഘോഷയാത്ര നടക്കും. തന്ത്രിയും മേല്‍ശാന്തിയും തിരി തെളിയിച്ച് കര്‍പ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.
മേൽപാലത്തിലൂടെ മാളികപ്പുറം ക്ഷേത്ര സന്നിധിയിലെത്തി വാവരുനട വഴി പതിനെട്ടാംപടിക്കു സമീപത്തെത്തിയാണ് ഘോഷയാത്ര സമാപിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി.വി. പ്രകാശ്, ദേവസ്വം ബോർഡ് ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയുടെ ഭാഗമാകും.
വാദ്യമേളങ്ങൾ, കാവടി തുടങ്ങിയവയും ഘോഷയാത്രയില്‍ ഉണ്ടാകും. സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർപ്പൂരാഴി ഘോഷയാത്ര നാളെ വൈകിട്ട് നടക്കും.
മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ക്ഷേത്ര നട 26ന് അടയ്ക്കും. രാത്രി അത്താഴപൂജയ്ക്ക് ശേഷമാകും നട അടയ്ക്കുക. മണ്ഡല പൂജ 26ന് ഉച്ചയ്ക്കാണ്. 60,000 പേര്‍ക്കാണ് 26ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിച്ചിട്ടുള്ളത്. സ്‌പോട് ബുക്കിങ് അന്ന് ഇല്ല. മണ്ഡല പൂജ കഴിഞ്ഞ് രാത്രി 10ന് ആണ് നട അടയ്ക്കാറുള്ളതെങ്കിലും തിരക്കുണ്ടെങ്കില്‍ 11 വരെ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
30ന് വൈകുന്നേരം അഞ്ചിന് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ലെങ്കിലും ദര്‍ശനം അനുവദിക്കും. 31ന് പുലര്‍ച്ചെ മൂന്നിന് പൂജകളും അഭിഷേകവും ആരംഭിക്കും. 30ന് 30,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 70,000 പേര്‍ക്കാണ് മറ്റ് ദിവസങ്ങളില്‍ അനുമതിയുള്ളത്.
Read Also : തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്‍
ജനുവരി 14ന് ആണ് മകരവിളക്ക്. ജനുവരി 11ന് അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ എരുമേലി പേട്ടതുള്ളല്‍ നടക്കും. ജനുവരി 12ന് പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ഘോഷയാത്ര 14ന് വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. ശരംകുത്തിയില്‍ വച്ച് സ്വീകരിക്കും. തുടര്‍ന്ന് സന്നിധാനത്ത് എത്തിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.
12 മുതല്‍ 14 വരെ വരെ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു. 12ന് 60,000 പേര്‍ക്കും, 13ന് 50,000 പേര്‍ക്കും, 14ന് 40,000 പേര്‍ക്കുമാണ് അനുമതി. സ്‌പോട് ബുക്കിങും ഈ ദിവസങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്. ജനുവരി 20ന് രാവിലെ ഏഴിന് നട അടയ്ക്കും. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടുള്ളത് 19 വരെ മാത്രമാണ്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര 25ന് വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ 75 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് 25ന് സന്നിധാനത്ത് എത്തിച്ചേരുക. ഘോഷയാത്രയ്ക്ക് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ രഥഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. 30 അംഗ പൊലീസ് സംഘവും, 14 ദേവസ്വം ഉദ്യോഗസ്ഥരുമാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്.