Sabarimala Mandala Kalam 2024: വൃശ്ചികത്തിലുമൊരു മണ്ഡലം: ആരുമറിയാത്ത ശബരിമല, അറിയേണ്ട 18 പടികൾ

The 18 Holy Steps Of Sabarimala Temple: മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് അരങ്ങേറുന്നത്. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കുന്നു. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.

Sabarimala Mandala Kalam 2024: വൃശ്ചികത്തിലുമൊരു മണ്ഡലം: ആരുമറിയാത്ത ശബരിമല, അറിയേണ്ട 18 പടികൾ
Updated On: 

15 Nov 2024 12:49 PM

കുളിരുന്ന വൃശ്ചികത്തിൻ്റെ മണ്ണ് പോലെയാവുന്ന കാലമാണ് ഭക്തന് മണ്ഡലകാലം. മലയാള മാസം വൃശ്ചികം ഒന്നിന് ആരംഭിച്ച് 41 ദിവസം നീളുന്ന ആത്മീയ യാത്ര കൂടിയാണ് ഇക്കാലം.ശബരിമലയ്ക്ക് പോകുന്നതിനായ ആളുകൾ വ്രതം അനുഷ്ടിക്കുന്നത് ഈ നാളുകളിൽ ആണ്. സാധാരണയായി മലയാള മാസങ്ങളിൽ ആദ്യത്തെ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്. മണ്ഡലകാലത്ത്, വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനു മാസത്തിലെ തിനൊന്ന് വരെ 41 ദിവസം ക്ഷേത്രം തുറന്നിരിക്കും.

തുടർന്ന് ക്ഷേത്രം നാല് ദിവസത്തേക്ക് അടച്ചിടും. മകരവിളക്ക് മഹോത്സവത്തിനായി നാല് ദിവസത്തിന് ശേഷം നട തുറന്ന് പൂജ ആരംഭിക്കും. ‌മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് അരങ്ങേറുന്നത്.

അന്നേ ദിവസം അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണവുമായി പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമലയിലെത്തിച്ചേരും. മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് മാത്രമേ ഈ തിരുവാഭരണം ചാർത്തുകയുള്ളു. രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും. ശേഷം ‘വേട്ട വിളി’ എന്ന ചടങ്ങ് നടത്തും. ‘കന്നി അയ്യപ്പന്മാർ വന്നിട്ടുണ്ടോ’ എന്ന് വിളിച്ച് ചോദിക്കും. അതിനായി ശരം കുത്തി ആലിൽ ചെന്ന് നോക്കാൻ ശാന്തിക്കാരൻ ആവശ്യപ്പെടും.

ഈ ആചാരത്തിന് പിന്നിൽ മറ്റൊരു വിശ്വാസമുണ്ട്… കന്നി അയ്യപ്പന്മാർ ദർശനത്തിനായി എത്താത്ത കൊല്ലം മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് അയ്യപ്പൻ വാക്ക് നൽകിയിട്ടുണ്ടത്രേ. കന്നി അയ്യപ്പന്മാർ ശരം കുത്തിയാലിൽ ശരം കുത്തണമെന്നൊരു ആചാരമുണ്ട്. ശരം കുത്തിയാലിൽ മാളികപ്പുറം ചെല്ലുമ്പോൾ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.

ഇത്തവണ ഡിസംബർ 26ന് മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി 11ന് നട അടയ്‌ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കുന്നു. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. തീർഥാടനത്തിന്‌ സമാപനം കുറിച്ചുകൊണ്ട് ജനുവരി 20ന് നട അടയ്‌ക്കും.

എന്താണ് മകരജ്യോതി?

മകരം ഒന്നിന് തലേനാൾ അകലെ മലകൾക്ക് മുകളിൽ ഉദിച്ച് കാണുന്ന ദിവ്യജ്യോതിസാണ് മകരവിളക്കെന്ന് (മകരജ്യോതി) എന്ന് പറയുന്നത്. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം ദിവസം ശബരിമല നട അടയ്ക്കും. മകര വിളക്ക് ദിനത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും ഉണ്ട്. ക്ഷേത്രത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള പൊന്നമ്പലമേട് എന്ന മലമുകളിൽ മൂന്ന് പ്രാവശ്യമാണ് മകരജ്യോതി പ്രത്യക്ഷപ്പെടുന്നത്.

41 ദിവസത്തെ മണ്ഡലകാല വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

ശബരിമല ശ്രീ ധർമ്മശാസ്താവിനെ വ്രത നിഷഠയോടെ വേണം ദർശനം നടത്താനെന്നാണ് വിശ്വാസം. കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് ഈ വ്രത സമയത്ത് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമലയിൽ ദർശനം നടത്താൻ. ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നും അറിയപ്പെടാറുണ്ട്. ശബരിമല തീർത്ഥാടന സമയത്ത് മനസ്സും ശരീരവും ശുദ്ധമായിരിക്കണമെന്നാണ് വിശ്വാസം. അതിൽ പ്രധാനം ബ്രഹ്മച്ചര്യമാണ്. മാലയിട്ടാൽ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ലെന്നതും നിർബന്ധം.

കൂടാതെ ലഹരിവസ്തുക്കൾ ഉപയോഗിക്കാനോ മത്സ്യവും മാംസവും ഭക്ഷിക്കാനോ പാടില്ല. അതുപോലെ തന്നെ പഴയ ആഹാരം കഴിക്കാൻ പാടില്ല. ശവസംസ്‌കാര കർമ്മത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണമെന്നും ചില സ്ഥലങ്ങളിൽ വിശ്വാസം നിലനിൽക്കുന്നു. പകൽ സമയങ്ങളിൽ ഉറക്കം അരുത്.

തുലാം മാസത്തിൽ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യം തന്നെ ശബരിമലയ്ക്ക് പോകുന്നത്. വ്രത സമയത്ത് കറുപ്പോ നീലയോ വസ്ത്രം ധരിച്ച് മാലയിട്ടു നിത്യവും ക്ഷേത്ര ദർശനം നടത്തുകയും ശരണം വിളിക്കുകയും വേണം. രുദ്രാക്ഷമാലയോ തുളസിമാലയോ സ്പടിക മാലയോ ഇട്ടുകൊണ്ടാണ് വ്രതം തുടങ്ങുന്നത്.

കെട്ടുനിറ അഥവാ ‘കെട്ടുമുറുക്ക് ‘ എന്ന ചടങ്ങോടെയാണ് അയപ്പനെ ദർശിക്കാൻ പുറപ്പെടുന്നത്. വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ ഈ ചടങ്ങ് നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ വേണം കെട്ടുനിറയ്ക്കൽ നടത്താൻ. ഇരുമുടിക്കെട്ടു താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ച് വേണം അയ്യപ്പഭ​ഗവാനെ കാണാൻ യാത്ര തിരിക്കാവൂ. വ്രതാനുഷ്ഠാനത്തിൽ ധരിച്ച മാല ഇട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അഴിച്ചു മാറ്റാൻ. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നത് നന്നല്ല.

എന്താണ് ഇരുമുടികെട്ട്?

സന്നിധാനത്തിലെ പതിനെട്ട് പടികൾ ചവിട്ടാൻ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ഇരുമുടിയിൽ ഒന്ന് മുൻമുടിയും മറ്റൊന്ന് പിൻമുടിയുമായാണ് കണക്കാക്കുന്നത്. മുൻമുടിയിലുള്ളതെല്ലാം ഭഗവാൻ അയ്യപ്പന് സമർപ്പിക്കാനും പിൻമുടിയിലുള്ളതെല്ലാം ഭക്തൻറെ ആവശ്യങ്ങൾക്കുമായാണ് കരുതുന്നത്. ആത്മീയവും ഭൗതികവുമായ ജീവിതത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ജീവിതത്തിൽ ഭൗതിക തലത്തിൻറേയും ആത്മീയ തലത്തിൻറേയും സന്തുലിതാവസ്ഥ ഉണ്ടാവണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

എന്നാൽ ഇരുമുടികെട്ടിലെ മുൻമുടി എപ്പോഴും വലുതായിരിക്കണം എന്നാണ്. അതായത് ഒരു വ്യക്തിയുടെ ആത്മീയ തലം എപ്പോഴും ഉയർന്നിരിക്കണം. നന്മയുടേയും തിന്മയുടേയും പ്രതീകമായും ഇരുമുടിക്കെട്ടിനെ കണക്കാക്കുന്നു. ഗുരുസ്വാമിയുടെ നിർദ്ദേശ പ്രകാരം ഇരുമുടിക്കെട്ട് നിറക്കുന്നതിനെ കെട്ടുനിറ എന്നും അറിയപ്പെടുന്നു.

മുൻകെട്ടിൽ ഉണക്കലരി, നെയ്‌ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയാണ് കർപ്പൂരം തുടങ്ങി ദേവന് അർപ്പിക്കേണ്ട പൂജാ സാധനങ്ങളും പുണ്യ നിവേദ്യങ്ങളും നിറയ്ക്കുന്നു. ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ എന്നിവ ഒഴിവാക്കണമെന്ന് ഇത്തവണ തന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കാരണം ഇവ ശബരിമലയിൽ പൂജയ്ക്കായി ഉപയോഗിക്കുന്നില്ല.

ഇരുമുടികെട്ടിൽ നെയ്യ് തേങ്ങയാണ് ഏറ്റവും പ്രധാനം. തേങ്ങയുടെ പുറം നന്നായി വൃത്തിയാക്കി, അതിലൊരു ദ്വാരമാട്ട് തേങ്ങാവെള്ളം കളയുന്നു. പിന്നീട് ഭഗവാൻ്റെ അഭിഷേകത്തിന് ഉപയോഗിക്കുന്ന ശുദ്ധമായ നെയ്യ് തേങ്ങയിൽ നിറയ്ക്കുന്നു. നെയ്യ് തേങ്ങയുടെ ദ്വാരം പിന്നീട് അടയ്ക്കുന്നു.

ശബരിമലയിലെ 18 പടികൾ

ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പതിനെട്ടാംപടി അഥവാ പതിനെട്ട് പടികൾ കയറുക എന്നത്. ഭഗവാൻ്റെ ദർശനം ലഭിക്കുന്നതിനായി ഭക്തർ അവരുടെ ആദ്യപടിയിൽ വലതുകാൽ വെച്ചാണ് കയറേണ്ടത്. ശബരിമല ക്ഷേത്രത്തിന് ചുറ്റുമുള്ള 18 മലകളെയാണ് 18 പടികൾകൊണ്ട് സൂചിപ്പിക്കുന്നത്. 18 മലകൾ ഇവയാണ്, പൊന്നമ്പലമേട് മല, ഗരുഡന്മല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, ഖല്ഗിമല, മാതഗംമല, മൈലാട്ടുംമല, ശ്രീപാദമല, ദേവര്മല, നിലയ്ക്കല്മല, തലപ്പാറ മല, നീലിമല, കരിമല, പുതുശ്ശേരി മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല.

മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്. ആദ്യത്തെ അഞ്ചുപടികൾ ഗന്ധം, രൂചി, കാഴ്ച, സ്പര്ശം, ശബ്ദം എന്നീ ഇന്ദ്രിയാനുഭവങ്ങളെയും, ആറുമുതൽ പതിമൂന്നുവരെയുള്ള പടികൾ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരികഭാവങ്ങളെയും പതിനാലു മുതൽ പതിനാറുവരെയുള്ളവ സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്കാരപരമായ ഊര്ജ്ജതാളങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. അവസാനത്തെ രണ്ട് പടികൾ അറിവിനെയും അജ്ഞതയെയും സൂചിപ്പിക്കുന്നു.

Related Stories
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍