Sabarimala Mandala Kalam 2024: ഹരിവരാസനം വെറുതേ പാടാനുള്ളതല്ല; പാട്ടിന്റെ ചരിത്രവും അര്‍ത്ഥവുമറിയാം

Harivarasanam Song: ഓംകാര പൊരുളും തത്വമസി പൊരുളുമായ അയ്യപ്പസ്വാമി ഒരിക്കലും ഉറങ്ങുന്നില്ല. നിതാന്ത ജാഗ്രതാവസ്ഥയിലുള്ള നിത്യ പ്രകാശമാണ് അയ്യപ്പന്‍. പില്‍ക്കാലത്ത് ശബരിമല നട അത്താഴപ്പുജയ്ക്ക് ശേഷം അടയ്ക്കുമ്പോള്‍ ചൊല്ലുന്ന ഗീതമായി മാറിയതാണ് ഹരിവരാസനം പാടല്‍. ഈ ഗീതത്തിന്റെ രചനയ്ക്ക് മുന്‍പും ശബരിമല യാത്രയും പൂജയുമെല്ലാം ഉണ്ടായിരുന്നല്ലോ.

Sabarimala Mandala Kalam 2024: ഹരിവരാസനം വെറുതേ പാടാനുള്ളതല്ല; പാട്ടിന്റെ ചരിത്രവും അര്‍ത്ഥവുമറിയാം

ശബരിമല (Image Credits: PTI)

Published: 

26 Nov 2024 11:45 AM

അയ്യപ്പ സ്വാമിയുടെ ഭക്തി സാന്ദ്രമായ ഹരിവരാസന സ്തുതിയെ കുറിച്ച് പ്രചരിച്ച് വരുന്ന ഒട്ടേറെ കഥകളുണ്ട്. ഇവയില്‍ പലതും ഭക്തജന മനസുകളില്‍ ശങ്കയും ഭ്രമവും ജനിപ്പിയ്ക്കുന്നതാണ് എന്നതാണ് സത്യം. ഹരിവരാസനം എന്ന ഗീതം അയ്യപ്പന്റെ ഉറക്ക് പാട്ടാണ്, ഇത് മറ്റ് ക്ഷേത്രങ്ങളില്‍ ആലപിക്കരുത്, ഈ ഗീതം പാടിയാല്‍ പിന്നെ മറ്റ് കീര്‍ത്തനങ്ങള്‍ പാടരുത് എന്ന് തുടങ്ങി പല അഭിപ്രായങ്ങളും പ്രത്യേകിച്ച് മണ്ഡലക്കാലത്ത് പ്രചരിക്കാറുണ്ട്.

വാസ്തവത്തില്‍ ഈ അഭിപ്രായങ്ങള്‍ക്കൊന്നും അടിസ്ഥാനമോ പ്രമാണമോ ഇല്ല എന്നതാണ് സത്യം. കോന്നകത്ത് ജാനകി അമ്മ എന്ന ഭക്ത രചിച്ച് കമ്പക്കൂടി ശ്രീനിവാസ അയ്യര്‍ എന്ന ഭക്തനിലൂടെയാണ് ഈ കീര്‍ത്തനം പുറലോകത്തേക്ക് എത്തുന്നത്. ഈ ഗാനം നിലവില്‍ വന്നിട്ട് അധികം കാലമൊന്നും ആയിട്ടില്ല.

ഓംകാര പൊരുളും തത്വമസി പൊരുളുമായ അയ്യപ്പസ്വാമി ഒരിക്കലും ഉറങ്ങുന്നില്ല. നിതാന്ത ജാഗ്രതാവസ്ഥയിലുള്ള നിത്യ പ്രകാശമാണ് അയ്യപ്പന്‍. പില്‍ക്കാലത്ത് ശബരിമല നട അത്താഴപ്പുജയ്ക്ക് ശേഷം അടയ്ക്കുമ്പോള്‍ ചൊല്ലുന്ന ഗീതമായി മാറിയതാണ് ഹരിവരാസനം പാടല്‍. ഈ ഗീതത്തിന്റെ രചനയ്ക്ക് മുന്‍പും ശബരിമല യാത്രയും പൂജയുമെല്ലാം ഉണ്ടായിരുന്നല്ലോ.

താന്ത്രിക ദൃഷ്ട്യാ നോക്കിയാലും അയ്യപ്പന്റെ ഉറക്കിനും പാട്ടിനും ഒന്നും ഒരു സാംഗത്യവും ഇല്ല. ഹരിവരാസനം എന്ന കീര്‍ത്തനത്തെ കുറിച്ചും അതിന്റെ രചയിതാവിനെ കുറിച്ചും ആദ്യം മുതല്‍ തന്നെ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആദ്യം കമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ ആണ് ഹരിവരാസനത്തിന്റെ കര്‍ത്താവ് എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ശ്രീ അയ്യര്‍ ഈ കൃതിയുടെ സാമ്പാദകന്‍ മാത്രം ആണെന്നും കൊന്നകത്ത് ജാനകി അമ്മ എന്ന ഭക്തയാണ് ഇത് രചിച്ചതെന്നും പറയപ്പെട്ടു. അവര്‍ തന്റെ അച്ഛന്‍ അനന്തകൃഷ്ണ അയ്യര്‍ക്ക് ഈ കൃതി അയ്യപ്പന് സമര്‍പ്പിയ്ക്കാനായി നല്‍കിയതാണത്രേ. അനന്തകൃഷ്ണ അയ്യര്‍ അന്ന് ശബരിമല മേല്‍ശാന്തിയായിരുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന എ പദ്മകുമാര്‍ ജാനകി അമ്മയുടെ കുടുംബത്തില്‍ പെടുന്ന ആളാണ് എന്നും ഇതിന്റെ കയ്യെഴുത്ത് പ്രതി അവരുടെ തറവാട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും അവകാശപ്പെടുന്നു. 1923ല്‍ ആണ് ഈ ഗീതം രചിക്കപ്പെടുന്നത്. 2023ല്‍ ഈ കീര്‍ത്തനത്തിന്റെ നൂറാം വാര്‍ഷികം സംഗീതജ്ഞന്‍ ഇളയ രാജയുടെ നേതൃത്വത്തില്‍ ആഘോഷിയ്ക്കുകയുണ്ടായി.

Also Read: Sabarimala Mandala Kalam 2024: കാലിടറാതെ ചവിട്ടാം പതിനെട്ട് പടികള്‍; മലകള്‍ മാത്രമല്ല വേറെയുമുണ്ട് അര്‍ത്ഥങ്ങള്‍

1950ല്‍ സ്വാമി വിമോചനാനന്ദ ആണ് ഈ കീര്‍ത്തനം ശബരിമലയില്‍ ആദ്യമായി പാടിയത്. തുടര്‍ന്ന് വടക്കില്ലം ഈശ്വരന്‍ നമ്പൂതിരി എന്ന മേല്‍ശാന്തി ആണ് രാത്രി നട അടയ്ക്കുന്ന സമയത്ത് ഇത് പതിവായി ചൊല്ലി തുടങ്ങിയത്. ദീര്‍ഘകാലം ശബരിമല മേല്‍ ശാന്തിയായിരുന്ന അദ്ദേഹം നട അടയ്ക്കുന്ന വേളയില്‍ ഒരു കീര്‍ത്തനം ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഹരിവരാസനം കേട്ടതു മുതല്‍ അദ്ദേഹം ഹരിവരാസനം ചൊല്ലി നട അടച്ചുതുടങ്ങി. വടക്കില്ലം ഈശ്വരന്‍ നമ്പൂതിരി തുടങ്ങിവെച്ച സമ്പ്രദായം പിന്നീട് വന്ന മേല്‍ശാന്തിമാരും തുടര്‍ന്നു. അങ്ങിനെ അത് ഒരു സമ്പ്രദായമായി മാറി. പിന്നീട് നടത്തിയ സ്വര്‍ണ പ്രശ്‌നത്തിലും ദേവന് ഇത് ഇഷ്ടമാണെന്ന് തെളിഞ്ഞു.

ഈ ഗീതം എഴുതിയ ഭക്തയും ഇത് ഒരു ഉറക്ക് പാട്ട് എന്ന സങ്കല്പത്തിലല്ല എഴുതിയത്. അയ്യപ്പനെ പാട്ട് പാടി ഉറക്കുക എന്ന സങ്കല്‍പം ഒന്നും താന്ത്രികമായും ഇല്ല. ഇതെല്ലാം പിന്നീട് ഓരോരുത്തര്‍ ഭാവനയ്ക്കനുസരിച്ച് പ്രചരിപ്പിച്ചതാണ്. നട അടയ്ക്കുമ്പോള്‍ ചൊല്ലാന്‍ തുടങ്ങിയതോടെ അത് ഒരു ആചാരമായി മാറി എന്നതാണ് കാര്യം. വാസ്തവത്തില്‍ അയ്യപ്പന്‍ ഉറങ്ങുന്നു എന്ന് പറഞ്ഞാല്‍ ഉപാസകന്റെ ഉള്ളിലിരിക്കുന്ന ആത്മ ചൈതന്യവുമായി ഉപാസകന് വരുന്ന ലയവും സമാധി അവസ്ഥയുമാണ്.

ആത്മ ചൈതന്യത്തിന് ഉറക്കമില്ല. അത് ജാഗ്രത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും സാക്ഷിയായി നില കൊള്ളുന്ന വസ്തുവാണ്. മായ കൊണ്ട് ആത്മ സ്വരുപത്തെ മറയ്ക്കുന്നതാണ് വാസ്തവത്തില്‍ ഉറക്കം. അത് ദേവന് സംഭവിയ്ക്കുന്നതല്ല, നമുക്കാണ് സംഭവിയ്ക്കുന്നത്. ഹരിവരാസനം ശബരിമലയില്‍ മാത്രമേ ആലപിക്കാന്‍ പാടുള്ളു മറ്റ് ക്ഷേത്രങ്ങളില്‍ പാടില്ല എന്ന് പറയുന്നതും തെറ്റാണെന്നാണ് പലരും പറയുന്നത്. ഗുരുവായൂരപ്പനെ സ്തുതിക്കുന്ന നാരായണീയം ഗുരുവായൂര്‍ മാത്രമേ ചൊല്ലാവൂ എന്ന് പറഞ്ഞാല്‍ എങ്ങനെ ഇരിയ്ക്കും?

ഭഗവാനെ കീര്‍ത്തിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ എവിടെ വേണമെങ്കിലും ചൊല്ലാം. ശരീരം ക്ഷേത്രവും ഹൃദയം ശ്രീകോവിലും നമ്മുടെ ആത്മ ചൈതന്യം ഭാഗവാനുമാണ്. ഈ ചൈതന്യത്തെ സ്തുതിയ്ക്കുന്നതിന് എന്തിനാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത്? ഹരിവരാസനം പാടിയാല്‍ പിന്നെ മറ്റ് കീര്‍ത്തനങ്ങള്‍ പാടരുത് എന്ന് പറയുന്നതും ഇത് പോലെയാണ്.

സാധാരണ ഭജന അവസാനിക്കുമ്പോള്‍ നാം മംഗളം പാടാറുണ്ടല്ലോ. ഹരിവരാസനം മംഗള സ്‌തോത്രമായി കരുതിയാല്‍ ഭജന അവസാനിപ്പിയ്ക്കാം. ഇതെല്ലാം ഒരു ചിട്ടയും സമ്പ്രദായവും എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഇല്ല. ഭക്തന്റെ ഭക്തി ഭാവത്തിനും ആത്മാര്‍ത്ഥതയ്ക്കുമാണ് പ്രാധാന്യം. ശാസ്ത്ര സമ്മതമല്ലാത്ത വിധി നിഷേധങ്ങള്‍ പ്രചരിപ്പിച്ച് ഭക്ത മനസുകളില്‍ ഭീതിയും വിഹ്വലതയും ഭ്രമവും സൃഷ്ടിക്കുന്നത് അധര്‍മ മാണ് എന്നെ പറയേണ്ടൂ.

തയാറാക്കിയത്: ഉണ്ണികൃഷ്ണന്‍ കുറ്റീരി

പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?
ബാത്ത്‌റൂമിലെ കറ കളയാൻ ഈ കുഞ്ഞൻ പുളി മതി...
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം