Sabarimala Mandala Kalam 2024: അയ്യനെ കാണാൻ ഭക്തജന സാഗരം; തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു
Sabarimala Thanka Anki Procession: തങ്ക അങ്കിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളും സന്നിധാനത്ത് ആരംഭിച്ചുകഴിഞ്ഞു. മണ്ഡലകാലം സമാപിക്കാനിരിക്കെ ഭക്തജനസാഗരമാണ് ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത്. പുലർച്ചെ മൂന്ന് മുതൽ രാവിലെ ഏഴ് വരെയുള്ള കണക്കുപ്രകാരം, 23,176 തീർഥാടകരാണ് അയ്യപ്പ ദർശനത്തിന് എത്തിയത്.
മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രത്തിൽ പുലർച്ചെ മുതലുണ്ടായിരുന്ന തങ്കയങ്കി ദർശനത്തിന് ശേഷമാണ് ഘോഷയാത്രക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ യാത്ര പൂർത്തിയാക്കിയശേഷം 25 ന് വൈകിട്ടാവും തങ്ക അങ്കിയുമായി സന്നിധാനത്ത് എത്തിച്ചേരുക. അതേസമയം ശബലമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
തങ്ക അങ്കിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളും സന്നിധാനത്ത് ആരംഭിച്ചുകഴിഞ്ഞു. മണ്ഡലകാലം സമാപിക്കാനിരിക്കെ ഭക്തജനസാഗരമാണ് ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത്. പുലർച്ചെ മൂന്ന് മുതൽ രാവിലെ ഏഴ് വരെയുള്ള കണക്കുപ്രകാരം, 23,176 തീർഥാടകരാണ് അയ്യപ്പ ദർശനത്തിന് എത്തിയത്. ശനിയാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാൻ ക്യൂവിൽ 18,600 പേർ നില്പുണ്ടായിരുന്നു. ക്യൂവിലുണ്ടായിരുന്നവർ പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ വടക്കേ നട വഴി ഇവർ ദർശനത്തിന് എത്തി.
ആദ്യ ദിവസം ഇടത്താവളമെന്നോണം രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ്. പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. അതിൻ്റെയടുത്ത ദിവസം പെരുനാട് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കുക. ഡിസംബർ 25ന് ബുധനാഴ്ച പകൽ 1.30ന് തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുള്ള അവസരമൊരുക്കും. ശേഷം 6.15ന് ഘോഷയാത്ര സന്നിധാനത്തേക്ക് എത്തും.
സന്നിധാനത്തെത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും സംയുക്തമായി ആചാരപൂർവം സ്വീകരിക്കും. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ നടക്കുന്നത്. അന്നുരാത്രി 11ന് ഹരിവരാസനം പാടി നടയടയ്ക്കും. പിന്നീട് 30ന് വൈകിട്ട് നാലിന് നട തുറക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 20,677 പേരാണ് സ്പോട്ട് ബുക്കിങ് വഴി സന്നിധാനത്ത് എത്തിയത്. ഇതു തുടർച്ചയായ മൂന്നാം ദിവസമാണ് സ്പോട്ട് ബുക്കിങ് ഇരുപതിനായിരം കടക്കുന്നത്.
ALSO READ: ശബരിമലയിൽ വൻ തിരക്ക്: വെർച്വൽ ക്യൂ വെട്ടിക്കുറയ്ക്കും, സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനം
അതേസമയം ശബരിമല മണ്ഡല മകരവിളക്ക് പൂജ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഡിസംബർ 25 ന് 54,000, 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം അനുവദിക്കുക. മകര വിളക്ക് ദിവസവും നിയന്ത്രണമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് തീർത്ഥാടക നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കും. ഹൈക്കോടതിയുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഒമ്പത് വയസുകാരന് പന്നിയുടെ ആക്രമണം
കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന് എത്തിയ ഒമ്പത് വയസുകാരന് സന്നിധാനത്ത് വച്ച് പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആലപ്പുഴ സ്വദേശി ശ്രീഹരിക്കാണ് പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. പിതാവ് മനോജ് അടങ്ങുന്ന ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പമാണ് ശ്രീഹരി ശബരിമലയിലെത്തിയത്.
മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി എത്തി വലിയ നടപ്പന്തൽ ഭാഗത്തേക്ക് ഇറങ്ങവെ പാഞ്ഞെത്തിയ പന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് മുകളിലായി ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ശ്രീഹരിയെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് കണ്ണൂർ സ്വദേശിയായ എഎസ്ഐയ്ക്കും ശബരിമലയിൽ വച്ച് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിരുന്നു.