Sabarimala KSRTC Service : അയ്യനെ കണ്ടു മടങ്ങാന്‍ ഇനി എന്തെളുപ്പം ! പമ്പയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സര്‍വീസുമായി കെഎസ്ആര്‍ടിസി
Sabarimala Mandala Kalam 2024 : ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുകയാണ്. മണ്ഡലകാലം പകുതി പിന്നിടുമ്പോൾ 17 ലക്ഷം പേരാണ് ശബരിമലയില്‍ എത്തിയത്. കാലാവസ്ഥയും അനുകൂലമായതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000 കടന്നതായാണ് റിപ്പോര്‍ട്ട്
പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് എളുപ്പത്തില്‍ വരാനും, തിരിച്ച് മടങ്ങാനും ഇനി വളരെ എളുപ്പം. പമ്പയില്‍ നിന്ന് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. തെങ്കാശി, തിരുനെല്‍വേലി, കോയമ്പത്തൂര്‍, പഴനി എന്നിവിടങ്ങളിലേക്കാണ് സംസ്ഥാനന്തര സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നത്.
കോയമ്പത്തൂരിലേക്കും, പഴനിയിലേക്കും റിസര്‍വേഷന്‍ സൗകര്യവുമുണ്ട്. തെങ്കാശിയില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാരുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പായി പോകുന്ന അയ്യപ്പ ഭക്തർക്ക് +914752222626, +918078023692 നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.
ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കുകയാണ്. മണ്ഡലകാലം പകുതി പിന്നിടുമ്പോൾ 17 ലക്ഷം പേരാണ് ശബരിമലയില്‍ എത്തിയത്. കാലാവസ്ഥയും അനുകൂലമായതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000 കടന്നതായാണ് റിപ്പോര്‍ട്ട്.
തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ഇന്നലെ 2712 ട്രിപ് ചെയിന്‍ സര്‍വീസാണ് കെഎസ്ആര്‍ടിസി നടത്തിയത്. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ മാത്രം ഇന്നലെ ഒമ്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് യാത്ര ചെയ്തത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസിക്ക് കാര്യമായ വരുമാനവും ലഭിച്ചു. ഏകദേശം 50 ലക്ഷം രൂപയാണ് ഇതിലൂടെ ലഭിച്ചത്.
ചെങ്ങന്നൂരിലേക്കാണ് പമ്പയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ അയച്ചത്. 179 സര്‍വീസുകളാണ് ചെങ്ങന്നൂരിലേക്ക് അയച്ചത്. എരുമേലിയിലേക്ക് 127 സര്‍വീസുകള്‍ അയച്ചു. കോട്ടയത്തേക്ക് 72 ദീര്‍ഘദൂര സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തി. 45 സര്‍വീസുകളാണ് കൊട്ടാരക്കരയിലേക്ക് സജ്ജീകരിച്ചത്. 40 സര്‍വീസുകള്‍ എറണാകുളത്തേക്കും വിട്ടു. തിരുവനന്തപുരത്തേക്ക്-32, പത്തനംതിട്ടയിലേക്ക്-29 എന്നിങ്ങനെ സര്‍വീസുകള്‍ ക്രമീകരിച്ചു.
ALSO READ: ഒരു നോക്ക് കാണാൻ… ശബരിമലയിൽ തീർഥാടക തിരക്ക്; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷത്തിനുമേൽ
നിരീക്ഷണം ശക്തമാക്കി
തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ 258 ക്യാമറകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൊലീസും, ദേവസ്വം വിജിലന്‍സുമാണ് നിരീക്ഷണം നടത്തുന്നത്. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലും നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാല്‍ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കും. നൂറിലേറെ സിസിവിടി ക്യാമറകള്‍ ശബരിമലയിലെ വിവിധ പ്രദേശങ്ങളിലായി ദേവസ്വം ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളിലും 150-ലേറെ ക്യാമറകളുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 89,840 പേരാണ് ഒറ്റ ദിവസം എത്തിയത്. സ്പോട്ട് ബുക്കിങിലൂടെയാണ് ഇതിൽ 17,425 പേർ വന്നത്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട്, അഴുതക്കടവ്, മുക്കുഴി, കരിമല എന്നിവ വഴിയും നിരവധി ഭക്തര്‍ എത്തുന്നുണ്ട്.