5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ

Huge Rush In Sabarimala: സ്പോട്ട് ബുക്കിങ്ങിലൂടെ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് ഭക്തജനങ്ങൾക്ക് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഒരു നെയ് വിളക്കിന് 1000 രൂപയാണ് തുക ഈടാക്കുന്നത്.

Sabarimala Mandala Kalam 2024: ശബരിമലയിൽ വൻ ഭക്തജന തിരക്ക്: ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ
ശബരിമല (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 30 Nov 2024 09:07 AM

ശബരിമലയിൽ വൻ ഭക്തജനതിരക്ക് (Sabarimala rush). ശബരിമലയിൽ വെള്ളിയാഴ്ച മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആദ്യത്തെ 12 ദിവസത്തെ കണക്ക് അനുസരിച്ച്, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ദർശനം നടത്തിയിരിക്കുന്നത്. കൂടാതെ, ആദ്യ 12 ദിവസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപയാണ് ഇത്തവണ ശബരിമലയിൽ വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 15 ലക്ഷം രൂപ അധിക വരുമാനം ഉണ്ടായെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

സ്പോട്ട് ബുക്കിങ്ങിലൂടെ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് ഭക്തജനങ്ങൾക്ക് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഒരു നെയ് വിളക്കിന് 1000 രൂപയാണ് തുക ഈടാക്കുന്നത്.

അതേസമയം, ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളോ മറ്റ് പ്രശ്നങ്ങളോ ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് പറഞ്ഞു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങുമെന്നും മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

അനാചാരങ്ങളെ കുറിച്ച് ഭക്തജനങ്ങൾക്ക് ബോധവൽക്കരണം നടത്തുമെന്നും അതിനായി ജീവനക്കാരെ നിയമിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചിരുന്നു. പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പഠിച്ചാണ് അവർ ഇത്തവണ പ്രവർത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റമറ്റ രീതിയിലാണ് തിരക്ക് നിയന്ത്രിക്കുന്നത്. അക്കാര്യത്തിൽ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പറഞ്ഞു.

ALSO READ: ശബരിമലയിൽ കുട്ടികൾക്ക് ചോറൂണ് എങ്ങനെ നടത്താം

കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14111 രൂപ വരുമാനമാണ് ലഭിച്ചത്. 15,89,12575 രൂപ കൂടുതൽ ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അറിയിച്ചു.

കൂട്ടം തെറ്റിയാൽ കണ്ടെത്താൻ റിസ്റ്റ് ബാൻഡ്

ശബരിമലയിൽ തിരക്കിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്താൻ റിസ്റ്റ് ബാൻഡുമായി സേവനവുമായി പോലീസ്. പമ്പ ഗണപതി കോവിലിന് സമീപമാണ് തീർത്ഥാടകർക്കായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻഡ് കയ്യിൽ ധരിപ്പിച്ചാണ് കുട്ടികളെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ഇത് കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഏറെ സഹായകമാണെന്ന് അധികൃതർ അറിയിച്ചു.

കുട്ടികൾ, വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്ക് പമ്പ മുതൽ തന്നെ പോലീസ് പ്രത്യേക ശ്രദ്ധ നല്കുന്നുണ്ട്. പമ്പയിൽ വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ സേവനത്തിലൂടെ പ്രതിദിനം കുട്ടികളടക്കം അയ്യായിരത്തോളം പേർക്ക് കൈയിൽ ബാൻഡ് ധരിപ്പിക്കുന്നുണ്ട്. ഇതര സംസ്ഥാന തീർത്ഥാടകർക്കാണ് ഈ സേവനം ഏറെ സഹായകമാകുക.

 

Latest News