Sabarimala Mandala Kalam 2024: ഒരു നോക്ക് കാണാൻ… ശബരിമലയിൽ തീർഥാടക തിരക്ക്; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷത്തിനുമേൽ
Sabarimala Latest News: തീർഥാടകരുടെ ദാഹമകറ്റാൻ ദേവസ്വം ബോർഡിന്റെ ചുക്കുവെള്ള വിതരണം ഇനി മുതൽ പൈപ്പിലൂടെ പതിനെട്ടാം പടി മുതൽ ശബരി പീഠം വരെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ശബരി പീഠം വരെയാണ് ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്.
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന പ്രവാഹം. മണ്ഡലകാലം പകുതി പിന്നിടുമ്പോൾ അയ്യനെ കണ്ടിറങ്ങിയവരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ മാറിയതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണവും 35,000ത്തിനു മുകളിലെത്തി. ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിലേക്ക് എത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. 89,840 പേരാണ് ഒറ്റ ദിവസം എത്തിയത്. ഇതിൽ 17,425 പേർ സ്പോട്ട് ബുക്കിങിലൂടെയാണ് വന്നത്.
ഇന്നലെയും മലകയറാൻ തീർഥാടക തിരക്കുണ്ടായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 9960 പേരാണ് സ്പോട് ബുക്കിങിലൂടെ ഇന്നലെ മാത്രം മലകയറിയത്. പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെയുള്ള സമയത്തിനിടെ 35,979 പേരാണ് ശബരിമലയിലേക്ക് എത്തിയത്. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി 18,951 പേർ എത്തിയതായാണ് വിവരം. അഴുതക്കടവ്, മുക്കുഴി, കരിമല വഴി 18,317 തീർഥാടകരും മലകയറി.
അതിനിടെ തീർഥാടകരുടെ ദാഹമകറ്റാൻ ദേവസ്വം ബോർഡിന്റെ ചുക്കുവെള്ള വിതരണം ഇനി മുതൽ പൈപ്പിലൂടെ പതിനെട്ടാം പടി മുതൽ ശബരി പീഠം വരെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ശബരി പീഠം വരെയാണ് ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. ശരംകുത്തിയിലെ ബോയിലർ പ്ലാൻ്റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്കു വെള്ള വിതരണം നടക്കുന്നത്.
ശബരിമലയിലെ കാലാവസ്ഥാ
ശബരിമലയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇടത്തരം നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ തവണ നേരിയതോ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള (മണിക്കൂറിൽ 2 സെ.മീ വരെ) സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ ശബരിമല തീർഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തുന്നത്.
സോളാർ പദ്ധതി
ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 27 പ്രധാന ക്ഷേത്രങ്ങൾക്ക് സോളാർ. സോളർ വൈദ്യുതി പദ്ധതി ഉടൻ നടപ്പാക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഭരണത്തിലുള്ള പ്രധാന ക്ഷേത്രങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ശബരിമലയിൽ ഫെഡറൽ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടു കൂടി 10 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.