Sabarimala Devotees: കാനനപാതയിലൂടെ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ്; വരിനിൽക്കൽ ഒഴിവാക്കാം
Sabarimala Devotees Special Pass: വനംവകുപ്പിൻ്റെ ഇടപെടലോടുകൂടിയാണ് ഇത്തരമൊരു ആവശ്യത്തിന് പച്ചക്കൊടി ഉയർന്നിരിക്കുന്നത്. കാനനപാത വഴി വരുന്നവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് എത്തിചേരാവുന്നതാണ്. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയും സന്നിധാനത്തേക്ക് എത്താവുന്നതാണ്.
പത്തനംതിട്ട: ശബരിമലയിൽ കാനനപാതയിലൂടെ കാൽനടയായി സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക പാസ് അനുവദിച്ചു. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽക്കാൻ ഒരുങ്ങുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഭക്തരുടെ പ്രത്യേക പരിഗണന വേണമെന്ന ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
കാനന പാതവഴി വരുന്ന അയ്യപ്പഭക്തർക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താനാണ് അവസരം ഒരുങ്ങുന്നത്. വനംവകുപ്പിൻ്റെ ഇടപെടലോടുകൂടിയാണ് ഇത്തരമൊരു ആവശ്യത്തിന് പച്ചക്കൊടി ഉയർന്നിരിക്കുന്നത്. കാനനപാത വഴി വരുന്നവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് എത്തിചേരാവുന്നതാണ്. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയും സന്നിധാനത്തേക്ക് എത്താവുന്നതാണ്.
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കാനാവും. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച ഭക്തർക്ക് മാത്രമാണ് പ്രത്യേക വരി നൽകുക. വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകുന്നത് വനം വകുപ്പ് അധികൃതരാണ്.
ALSO READ: പമ്പയില്‍ മാത്രമല്ല എരുമേലിയിലും സ്‌പോട്ട് ബുക്കിങ് ചെയ്യാം; കരുതേണ്ടത് ഇത്രമാത്രം
വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്
ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർഥാടനം ആരംഭിച്ചതിനു പിന്നാലെ ഇതുവരെ വനംവകുപ്പ് പിടികൂടിയത് 135 പാമ്പുകളെയെന്ന് റിപ്പോർട്ട്. പാമ്പിൻ്റെ ശല്യം കൂടിയതിനാൽ സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ മൂന്ന് പാമ്പുപിടുത്തക്കാരെ പരിശീലനം നൽകി വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ തുടങ്ങിയ മുന്തിയ പാമ്പുകളെയാണ് പിടികൂടിയത്. തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പ്രവണത ഒഴിവാക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനത്തിനകത്തേക്ക് പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ശരിയായ വഴിയിലൂടെ മാത്രം തീർഥാടകർ സന്നിധാനത്തേക്ക് പോവുകയും തിരിച്ചു പോവുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ വന്യജീവി സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കാവുന്നതാണ്. പുല്ലുമേട് എരുമേലി കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർ വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നു അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി വനംവകുപ്പ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.