Sabarimala Makaravilakku: ശബരിമല മകരവിളക്ക്; കൂടുതൽ സുരക്ഷ, വിന്യസിച്ചത് 5000 പൊലീസുകാരെ
Sabarimala Makaravilakku Festival 2025: ശബരിമല സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി കൂടുതൽ കാമറകൾ ദേവസ്വം വിജിലൻസ് സജ്ജമാക്കിയിട്ടുണ്ട്. 245 അത്യാധുനിക കാമറകളാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ സ്ഥാപിച്ചിരിക്കുന്നത്. ഇതെല്ലാെ കൂടാതെ പോലീസ് സിസിടിവി കാമറകളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂമും തയ്യാറാണ്.
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിൻറെ (Makaravilakku Festival) ഭാഗമായി സുരക്ഷയൊരുക്കുന്നതിനായി ശബരിമല സന്നിധാനത്ത് കൂടുതൽ സജ്ജീകരണം. സുരക്ഷയുടെ ഭാഗമായി കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്നും ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
ഈ സീസണിൽ പോലീസിന് പരാതി കേൾക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിൻറെ ഭാഗമായി സന്നിധാനത്ത് മാത്രം 1800 പോലീസുകാരെയാണ് നിയോഗിക്കുന്നത്. പമ്പയിൽ 800 പേരെയും നിലയ്ക്കലിൽ 700 പേരെയും 650 പേരെയും ഇടുക്കിയിൽ 1050 പേരെയും സുരക്ഷയുടെ ഭാഗമായി നിയോഗിക്കും. റേഞ്ച് ഐജി ശ്യാം സുന്ദറിനായിരിക്കും പമ്പയിൽ ചുമതല നൽകുക. എഡിജിപി ശ്രീജിത്തിൻറെ നേതൃത്വത്തിലായിരിക്കും സന്നിധാനത്ത് പോലീസ് സുരക്ഷ ഒരുക്കുക.
തിരുവാഭരണ ഘോഷയാത്ര നടത്തുന്നതിന് സ്‌പെഷ്യൽ സ്‌കീം നിശ്ചയിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കി. ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇതിൽ ഉൾപ്പെടുന്നത്. പോലീസ്, ഫയർ ആൻ്റ് റസ്‌ക്യൂ, എൻഡിആർഎഫ് തുടങ്ങിയ സേനകളെയാണ് വിന്യസിച്ചിട്ടുള്ളത്. ജ്യോതി കാണാൻ ആൾക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ പരിശോധിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിങ് ഞായറാഴ്ച നടക്കുന്നതാണ്.
അതേസമയം ശബരിമല സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി കൂടുതൽ കാമറകൾ ദേവസ്വം വിജിലൻസ് സജ്ജമാക്കിയിട്ടുണ്ട്. 245 അത്യാധുനിക കാമറകളാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ സ്ഥാപിച്ചിരിക്കുന്നത്. ഇതെല്ലാെ കൂടാതെ പോലീസ് സിസിടിവി കാമറകളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് കൺട്രോൾ റൂമും തയ്യാറാണ്.
കുമളിയിൽ നിന്ന് 50 കെഎസ്ആർടിസി ബസുകൾ
ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചു. പുല്ലുമേട് , പരുന്തുംപാറ , പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ ഇത്തവണ പ്രതീക്ഷിക്കുന്നുവെന്നും അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.
കുമളിയിൽ നിന്ന് 50 കെഎസ്ആർടിസി ബസ്സുകളാണ് ഇത്തവണ സർവീസ് നടത്തുക. കരുതലിന് 10 ബസ്സുകൾ നിർത്തും. മൊത്തം 60 ബസ്സുകളാണ് മകരവിളക്കിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് മകരവിളക്ക് കാണാനെത്തുന്നവരെ ശേഷം ശബരിമലയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കും. പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവവും പ്രദേശത്ത് അനുവദിക്കില്ല.