Sabarimala Makaravilakku 2025 : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?
Sabarimala Makaravilakku And Makara Jyothi Updates : പുലര്‍ച്ചെ മൂന്നിന് നട തുറന്നു. 8.45ന് മകരസംക്രമ പൂജ നടക്കും. തിരുവാഭരണഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.30ന് കൊടിമരച്ചുവട്ടില്‍ സ്വീകരണം. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന. ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞതിന് ശേഷം മാത്രമേ പതിനെട്ടാംപടി കയറാന്‍ തീര്‍ത്ഥാടകരെ അനുവദിക്കൂ
ഭക്തസഹസ്രങ്ങളുടെ മനം നിറയ്ക്കാന്‍ ഇന്ന് ശബരിമലയില്‍ മകരവിളക്കിന്റെ പുണ്യദര്‍ശനം. പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയുടെ ദര്‍ശനപുണ്യം തേടി ഒരു വപുസോടെയും മനസോടെയും ഭക്തര്‍ ഇന്ന് അയ്യപ്പ സന്നിധിയിലെത്തും. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടര്‍ന്ന് വനതലം വിറയ്ക്കുന്ന തരത്തിലുള്ള ശരണം വിളികള്‍ക്കിടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശനം. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ശക്തമായ സുരക്ഷാ ക്രമീകരമങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യായിരത്തോളം പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല.
ഇന്ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നു. 8.45ന് മകരസംക്രമ പൂജ നടക്കും. തിരുവാഭരണഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. 6.30ന് കൊടിമരച്ചുവട്ടില്‍ സ്വീകരണം. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന. ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞതിന് ശേഷം മാത്രമേ പതിനെട്ടാംപടി കയറാന്‍ തീര്‍ത്ഥാടകരെ അനുവദിക്കൂ.
രാവിലെ 10 വരെ മാത്രമേ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടൂ. തിരുവാഭരണഘോഷയാത്ര എത്തുന്നതിനാല്‍ 12ന് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. തിരുവാഭരണഘോഷയാത്ര നടക്കുന്നതിനാല്‍ സ്‌പെഷ്യല്‍ പാസ് ഇല്ലാത്തവരെ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കില്ല.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ വിവിധയിടങ്ങളിലുണ്ട്. സ്‌ട്രെച്ചര്‍ സംവിധാനവും ലഭ്യമാണ്. ഇന്ന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്, സ്‌പോട്ട് ബുക്കിങ് ഉള്ളവരെ മാത്രമാകും കടത്തിവിടുന്നത്. അനുവദനീയമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമാകണം മകരജ്യോതി ദര്‍ശിക്കേണ്ടത്. അനുവദനീയമായ ചില സ്ഥലങ്ങള്‍ ചുവടെ:
നിലയ്ക്കലിൽ
- അട്ടത്തോട്
- അട്ടത്തോട് പടിഞ്ഞാറെ കോളനി
- ഇലവുങ്കൽ
- നെല്ലിമല
- അയ്യൻമല
പമ്പയിൽ
- ഹിൽടോപ്പ്
- ഹിൽടോപ്പ് മധ്യഭാഗം
- വലിയാനവട്ടം
സന്നിധാനത്ത്
- പാണ്ടിത്താവളം
- ദർശനം കോപ്ലക്‌സിന്റെ പരിസരം
- അന്നദാന മണ്ഡപത്തിന്റെ മുൻവശം
- തിരുമുറ്റം തെക്കുഭാഗം
- ആഴിയുടെ പരിസരം
- കൊപ്രാക്കളം
- ജ്യോതിനഗർ
- ഫോറസ്റ്റ് ഓഫിസിന്റെ മുൻവശം
- വാട്ടർ അതോറിറ്റി ഓഫിസിന്റെ പരിസരം
Read Also : മകരസംക്രാന്തി ദിനത്തിൽ പുഷ്യ നക്ഷത്ര യോഗം, ഈ രാശിക്കാർക്ക് നേട്ടം
ഭഗവാനെ കണ്ടുതൊഴാം
തിരുവാഭരണം ചാർത്തിയ ഭഗവാനെ കണ്ടുതൊഴാന്‍ 15 മുതല്‍ 17 വരെ അവസരമുണ്ട്. 18ന് കളഭാഭിഷേകം ഉണ്ട്. 19ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് മഹോത്സവത്തിന് സമാപനം. 19ന് ഹരിവരാസനം പാടി നടയടയ്ക്കും വരെ തീര്‍ത്ഥാടകര്‍ക്ക് ഭഗവാനെ ദര്‍ശിക്കാം.
ഇടുക്കി ജില്ല സജ്ജമെന്ന് കളക്ടര്‍
മകരജ്യോതി ദർശനത്തിന് ഇടുക്കി ജില്ല സജ്ജമെന്ന് കളക്ടര്‍ വി. വിഗ്നേശ്വരി. ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ ഒരുക്കങ്ങള്‍ കളക്ടര്‍ വിലയിരുത്തി. 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.
മകരവിളക്ക് ദർശനശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് പോകാൻ തീർത്ഥാടകരെ അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് വ്യക്തമാക്കി. ഗവി റൂട്ടില്‍ മകരജ്യോതി കാണുന്നതിനായി വനത്തിനുള്ളിലെ അപകടകരമായ സ്ഥലങ്ങളിലൂടെ പോകുന്നത് തടയാന്‍ പൊലീസും വനം വകുപ്പും സംയുക്ത പരിശോധന നടത്തും.