Sabarimala Devotees: വിമാനങ്ങളിൽ ഇനി നെയ്യ് തേങ്ങ കൊണ്ടുപോകാം; അനുമതി നൽകി വ്യോമയാന മന്ത്രാലയം
Sabarimala Devotees:യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകുക. മണ്ഡല-മകര വിളക്ക് തീർത്ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഇളവ് അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇരുമുടിക്കെട്ട് (image credits: social media)
ന്യൂഡൽഹി: ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് എയര്‍ക്രാഫ്റ്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം. അയപ്പഭക്തന്മാർ ഇരുമുടികെട്ടിൽ കൊണ്ടുപോകാവുന്ന വസ്തുക്കൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇരുമുടികെട്ടിൽ കരുതുന്ന നെയ്യ് തേങ്ങ വിമാന ക്യാബിനിൽ കയറ്റാൻ അനുവാദം നൽകി വ്യോമയാന മന്ത്രാലയം. യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകുക. മണ്ഡല-മകര വിളക്ക് തീർത്ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഇളവ് അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
സാധാരണ നിലയില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ഇരുമുടിക്കെട്ടിൽ നെയ്തേങ്ങ അനുവദിക്കാറില്ല. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അപകടകരമായ വസ്തുവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുകൂടിയാണ് നാളികേരം. എന്നാൽ പുതിയ തീരുമാന പ്രകാരം ഇളവ് വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർക്ക് അനുഗ്രഹമാകും പുതിയ തീരുമാനം. ഒപ്പം കൂടുതൽ ഭക്തർ വിമാനമാർഗം എത്തുന്നത് വ്യോമയാന മേഖലയ്‌ക്കും ഗുണം ചെയ്യും.
അതേസമയം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തി സർക്കാർ. ശബരിമല തീർഥാടകർക്ക് എരുമേലിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി പാർക്കിങ് സൗകര്യം വിപുലീകരിക്കും. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.