Maha Kumbh Mela 2025 : പല വഴികള്‍, ഒരു ലക്ഷ്യം ! കേരളത്തില്‍ നിന്ന് മഹാകുംഭമേളയ്ക്ക് എങ്ങനെ പോകാം? ഇതാണ് മാര്‍ഗങ്ങള്‍

How To Visit Maha Kumbh Mela From Kerala : മഹാകുംഭമേളയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ്‌രാജിലാണ് മഹാകുംഭമേള നടക്കുന്നത്. നിരവധി പേരാണ് മഹാകുംഭമേളയുടെ ഭാഗമാകുന്നത്. കേരളത്തില്‍ നിന്നടക്കം മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്നുണ്ട്. കേരളത്തില്‍ നിന്ന് മഹാകുംഭമേളയിലേക്ക് എങ്ങനെ പുറപ്പെടാമെന്ന് പരിശോധിക്കാം

Maha Kumbh Mela 2025 : പല വഴികള്‍, ഒരു ലക്ഷ്യം ! കേരളത്തില്‍ നിന്ന് മഹാകുംഭമേളയ്ക്ക് എങ്ങനെ പോകാം? ഇതാണ് മാര്‍ഗങ്ങള്‍

maha kumbh mela

Published: 

20 Jan 2025 23:55 PM

നീണ്ട കാത്തിരിപ്പിന് ശേഷം സമാഗതമായ മഹാകുംഭമേളയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് അവസാനിക്കും. സന്യാസിമാരും, ഭക്തരുമടക്കം നിരവധി പേരാണ് മഹാകുംഭമേളയുടെ ഭാഗമാകുന്നത്. കേരളത്തില്‍ നിന്നടക്കം വിശ്വാസികള്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്നുണ്ട്. കേരളത്തില്‍ നിന്ന് മഹാകുംഭമേളയിലേക്ക് എങ്ങനെ പുറപ്പെടാമെന്ന് പരിശോധിക്കാം. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് മഹാകുംഭമേള നടക്കുന്നത്. പ്രയാഗ്‌രാജിലേക്ക് പുറപ്പെടാനുള്ള എളുപ്പമാര്‍ഗം വിമാനയാത്രയാണ്. തിരുവനന്തപുരത്ത് നിന്ന് അടക്കം വിമാന സര്‍വീസുകളുണ്ട്. അലഹബാദിലേക്കോ വാരണാസിയിലേക്കോ പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യാം. പ്രയാഗ്‌രാജ് വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി പരിമിതമാണ്.

എന്നാല്‍ മുംബൈ, ഡല്‍ഹി, ബെംഗളൂരു, തുടങ്ങിയ സ്ഥലങ്ങള്‍ വഴിയുള്ള കണക്ടിങ് ഫ്ലൈറ്റുകളില്‍ ചിലപ്പോള്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ നിരവധി എയർലൈനുകൾ ഈ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

വിമാന യാത്ര സാധ്യമല്ലാത്തവര്‍ക്ക് കേരളത്തില്‍ നിന്ന് പ്രയാഗ്‌രാജിലേക്ക് ട്രെയിന്‍ വഴിയും യാത്ര ചെയ്യാം. വിമാനയാത്രയെ അപേക്ഷിച്ച് ദൈര്‍ഘ്യം കൂടുതലാണെങ്കിലും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങള്‍ വീക്ഷിക്കുന്നതിനുള്ള അവസരം കൂടിയാണ് ട്രെയിന്‍ യാത്ര. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം. തിരുവനന്തപുരത്ത് നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്ക് 35 മുതല്‍ 40 മണിക്കൂര്‍ വരെ വേണ്ടി വന്നേക്കാം.

വാരണാസിയില്‍ നിന്ന് പ്രയാഗ്‌രാജിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന് ദീര്‍ഘദൂര ബസോ, സ്വകാര്യ ടാക്‌സിയോ ഉപയോഗിക്കേണ്ടി വരും. ഏകദേശം 120 കിലോമീറ്റര്‍ ദൂരമുണ്ട്. 3-4 മണിക്കൂര്‍ സമയമെടുക്കും. മഹാകുംഭമേളയുടെ സമയമായതിനാല്‍ പ്രത്യേക ബസുകളും ക്യാബുകളും ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

Read Also : മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

പ്രയാഗ്‌രാജിൽ എത്തിയാല്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ വിവിധ ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്. ബസുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ തുടങ്ങിയവ ലഭ്യമാണ്. ആയിരക്കണക്കിന് താല്‍ക്കാലിക ടെന്റുകള്‍, ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയവ തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രയാഗ്‌രാജില്‍ പൊതുവെ ചൂട് കൂടുതലായിരിക്കും. തിരിച്ചറിയല്‍ കാര്‍ഡ്, ചെറിയ ഫസ്റ്റ് എയ്ഡ് കിറ്റ്, കുട തുടങ്ങിയവ കരുതുന്നതും നല്ലതാണ്. എന്നാല്‍ പ്രധാനപ്പെട്ട രേഖകള്‍ മോഷണം പോകാതിരിക്കാനും നഷ്ടപ്പെടാതിരിക്കാനും അതീവ ജാഗ്രത പുലര്‍ത്തണം.

ഇത്തവണ 45 കോടിയിലധികം ആളുകൾ മഹാകുംഭത്തിൽ പങ്കെടുക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മഹാ കുംഭമേളയിലെ ആദ്യത്തെ അമൃത് സ്നാൻ (ഷാഹി സ്നാൻ) ജനുവരി 15ന് പുലര്‍ച്ചെ ആരംഭിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മഹാകുംഭമേളയ്ക്കിടെയുണ്ടായ തീപിടിത്തത്തില്‍ പതിനെട്ടോളം ടെന്റുകള്‍ കത്തിനശിച്ചു. ആളപായമില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഉടന്‍ തന്നെ അഗ്നിശമന സേന തീയണച്ചു. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19ല്‍ പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം സംസാരിച്ചു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?