Maha Kumbh 2025: കോടി പുണ്യം തേടിയെത്തിയത് കോടാനുകോടി ഭക്തര്‍; മഹാകുംഭമേളയിലെത്തിയത് 45 കോടിയിലധികം പേര്‍; റെക്കോഡ്
Maha Kumbh Mela 2025 Maghi Purnima: മാഘി പൂർണ്ണിമയോടനുബന്ധിച്ചുള്ള പുണ്യസ്‌നാനവുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ദശലക്ഷക്കണക്കിന് ഭക്തരാണ് പുണ്യസ്‌നാനത്തിന് എത്തിയത്. പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഏതാണ്ട് 1.8 കോടി ഭക്തര്‍ ഇന്ന് ഇതുവരെ പുണ്യസ്‌നാനം നടത്തി

ഏറ്റവും കൂടുതല്‍ ഭക്തര്‍ പങ്കെടുത്തതിന്റെ നേട്ടം ഇത്തവണത്തെ മഹാകുംഭമേളയ്ക്ക് സ്വന്തം. ഫെബ്രുവരി 11 വരെയുള്ള കണക്കുകള്‍ പ്രകാരം 45 കോടിയിലധികം ഭക്തരാണ് പുണ്യം തേടിയെത്തിയത്. 45 ദിവസത്തിനുള്ളില്‍ 45 കോടി ഭക്തരെത്തുമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ ഒരു മാസത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായി. ഇനിയും 15 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഇനിയും നിരവധി ഭക്തര്‍ മഹാകുംഭമേളയിലെത്തുമെന്ന് തീര്‍ച്ച. അതോടെ റെക്കോഡ് നേട്ടം ഇനിയും കുതിച്ചുയരുമെന്നും വ്യക്തം.
ജനക്കൂട്ട നിയന്ത്രണമാണ് അധികാരികളുടെ മുന്‍ഗണന. ഇതുവരെ കാര്യക്ഷമമായി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചു. തീർത്ഥാടകരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി, ചൊവ്വാഴ്ച മുതൽ സംസ്ഥാന സർക്കാർ മേള പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു. സുഗമമായ തീര്‍ത്ഥാടനം ലക്ഷ്യമിട്ടാണ് നടപടി. അവശ്യ സേവനങ്ങൾ മാത്രം അനുവദിക്കും.
എഐ സിസിടിവി കാമറകള്‍, ഡ്രോണുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാണ്. സ്‌നാനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും, തിരക്ക് കുറയ്ക്കാനും ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളുണ്ട്.




രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചലച്ചിത്ര-കായിക താരങ്ങള്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ മഹാകുംഭമേളയുടെ ഭാഗമായി. ഡൽഹിയിലെ എയിംസ്, ഐഎംഎസ് ബിഎച്ച്‌യു എന്നിവിടങ്ങളിലെ സ്പെഷ്യലിസ്റ്റുകളും വിദഗ്ധരും ഭക്തർക്ക് മികച്ച വൈദ്യചികിത്സ ഉറപ്പാക്കി.
പഞ്ചകർമ, യോഗ തെറാപ്പി, ബോധവൽക്കരണ കാമ്പെയ്‌നുകൾ തുടങ്ങിയവയും നടത്തി. ശുചിത്വം ഉറപ്പുവരുത്താന്‍ മികച്ച മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തി. 22,000 ശുചീകരണ തൊഴിലാളികൾ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ രീതികൾ കർശനമായി നടപ്പിലാക്കുന്നു. നിരവധി ബയോ ടോയ്‌ലറ്റുകളും ഓട്ടോമേറ്റഡ് മാലിന്യ നിർമാർജന യൂണിറ്റുകളും സ്ഥാപിച്ചു. ക്ലാസിക്കൽ നൃത്ത പ്രകടനങ്ങൾ, സംഗീതം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്. നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
Read Also : പല വഴികള്‍, ഒരു ലക്ഷ്യം ! കേരളത്തില്‍ നിന്ന് മഹാകുംഭമേളയ്ക്ക് എങ്ങനെ പോകാം? ഇതാണ് മാര്‍ഗങ്ങള്‍
മാഘി പൂർണ്ണിമ
ഇന്ന് മാഘി പൂർണ്ണിമയോടനുബന്ധിച്ചുള്ള പുണ്യസ്‌നാനവുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. ത്രിവേണി സംഗമത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് പുണ്യസ്‌നാനത്തിന് എത്തിയത്. പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഏതാണ്ട് 1.8 കോടി ഭക്തര്‍ ഇന്ന് ഇതുവരെ പുണ്യസ്‌നാനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.