Mar George Jacob Koovakkad: മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
Mar George Jacob Koovakkad Ordinated as Cardinal: ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായി, ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്ത വസ്ത്രം ധരിച്ചാണ് മാർ ജോസ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്.
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ കര്‍ദിനാള്‍ പദവിയിലേക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉയർത്തപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് ഫ്രാൻസിസ് മാർപ്പാപ്പയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിലാണ് മാര്‍ ജോര്‍ജ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെട്ടത്. മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഇത് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായി, ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്ത വസ്ത്രം ധരിച്ചാണ് മാർ ജോസ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്. കര്‍ദിനാള്‍ തിരുസംഘത്തിൽ ഒരേസമയം മൂന്ന് മലയാളികൾ വരുന്നത് ഇതാദ്യമായാണ്. “ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കുക. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. ലോകത്തോടൊപ്പം നടക്കുക. പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിൽ ഉള്ളത്. അധികാര്യം ഒരിക്കലും ആധിപത്യം പുലർത്താനുള്ളതാകരുത്.” പദവിയിലേക്ക് ഉയര്‍ത്തുന്ന 21 പേരെയും അഭിസംബോധന ചെയ്ത് മാര്‍പാപ്പ സംസാരിച്ചു.
ഇന്ത്യൻ സമയം എട്ടരയോടെ ആരംഭിച്ച ചടങ്ങിൽ, എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിൽ തിരുക്കര്‍മ്മങ്ങള്‍ നടന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘവും വത്തിക്കാനിലെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എം പി, രാജ്യസഭാംഗമായ ഡോ.സത്നാം സിംഗ് സിന്ധു, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി മുൻ ദേശീയ വക്താവ് ടോം വടക്കൻ എന്നിവരായിരുന്നു കേന്ദ്ര സംഘത്തിലെ ഏഴ് അംഗങ്ങൾ. കൂടാതെ, ചാണ്ടി ഉമ്മനും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സഭാ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. പൗരോഹിത്യത്തിന്‍റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
അതേസമയം, ആര്‍ച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഇന്ത്യക്ക് തീര്‍ത്തും അഭിമാനകരമായ കാര്യമാണെന്ന് മോദി എക്സിൽ കുറിച്ചു. “ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ സംഘം പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച നടത്തി” മോദി എക്സിൽ കുറിച്ചു.
It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.
The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony.
Prior to the Ceremony, the Indian… pic.twitter.com/LPgX4hOsAW
— PMO India (@PMOIndia) December 7, 2024