Sabarimala Spot Booking: ശബരിമലയിൽ വൻ തിരക്ക്: വെർച്വൽ ക്യൂ വെട്ടിക്കുറയ്ക്കും, സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനം
Huge Rush In Sabarimala: അതേസമയം ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഹൈക്കോടതിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ.
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും തീർത്ഥാടകരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി അധികൃതർ. വെർച്വൽ ക്യൂ വെട്ടിക്കുറയ്ക്കാനും സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുമാണ് തീരുമാനം. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും അയ്യപ്പ ദർശനം അനുവദിക്കുക. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു.
ഇത്തവണത്തെ മണ്ഡലകാലത്ത് സന്നിധാനത്ത് ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ മാത്രം അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം. അതേസമയം ജനുവരി 12 ന് 60,000, 13 ന് 50,000 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഹൈക്കോടതിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ ഇക്കാര്യത്തിൽ തീരുമാനമാകൂ.
ഇന്ന് രാവിലെ എട്ടുമണിവരെയുള്ള കണക്ക് പ്രകാരം, 31,507 പേരാണ് വെർച്വൽ ക്യൂവിലൂടെയും സ്‌പോട്ട് ബുക്കിങ്ങിലൂടെയും സന്നിധാനത്ത് എത്തിയത്. സ്‌പോട്ട് ബുക്കിങ് 7718 ആണ്. മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താന ഒരുങ്ങുന്നത്.
തങ്ക അങ്കി ഘോഷയാത്ര
മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ പുറപ്പെടുന്നതാണ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര പുറപ്പെടുന്നത്. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം 26ന് സന്നിധാനത്ത് എത്തിചേരും.
നാളെ രാവിലെ ഏഴ് മണിയോടെ തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നതാണ്. വിവിധ ക്ഷേത്രങ്ങളിലൂടെ ഘോഷയാത്ര കടന്നുപോകുന്നതാണ്. ആദ്യ ദിവസം ഇടത്താവളമെന്നോണം രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ്. പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. അതിൻ്റെയടുത്ത ദിവസം പെരുനാട് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് ഘോഷയാത്ര രാത്രി വിശ്രമിക്കുക.
26 ന് പകൽ 1.30ന് തങ്ക അങ്കി പമ്പയിലെത്തും. 3.30 വരെ പമ്പയിലെ ദർശനത്തിനുശേഷം തങ്ക അങ്കി ഘോഷയാത്ര 6.15ന് സന്നിധാനത്തെത്തും. 6.30 വരെ അയ്യനെ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ തീർഥാടകരെ പതിനെട്ടാംപടി കയറ്റാൻ അനുവദിക്കുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ നടക്കുന്നത്. അന്നുരാത്രി 11ന് ഹരിവരാസനം പാടി നടയടയ്ക്കും. പിന്നീട് 30ന് വൈകിട്ട് നാലിന് നട തുറക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
കാനനപാതയിലൂടെ എത്തുന്നവർക്ക് പ്രത്യേക പാസ്
അതേസമയം കാനനപാതയിലൂടെ സന്നിദാനത്ത് എത്തുന്ന ഭക്തർക്ക് പ്രത്യേക പാസ് നൽകുമെന്ന് ദേവസ്വം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എരുമേലി വഴി വരുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കാനാണ് തീരുമാനം. എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന വേണമെന്നത് ദീർഘനാളത്തെ ആവശ്യമായിരുന്നു. ഉന്നതതല യോഗം ചേർന്ന ശേഷമാണ് ഇത്തരമൊരു അനുകൂല തീരുമാനമെടുക്കുന്നത്. ഇതോടെ കാനന പാതയിലൂടെ എത്തുന്ന ഭക്തർ പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താനാണ് അവസരം.