Vishu 2025: ആഘോഷം ഒന്ന്, ആഘോഷങ്ങൾ പലവിധം; ‘ഒരു തെക്കൻ വിഷു കാലം’ ഇങ്ങനെ
Vishu In Kerala southern districts: കേരളത്തിന്റെ എല്ലാ ജില്ലകളിലും വിഷു ആഘോഷം ഒരു പോലെയല്ല. ആഘോഷം ഒന്നാണെങ്കിലും ആഘോഷ രീതികൾ പലവിധമാണ്. തെക്കൻ കേരളം വിഷു ആഘോഷിക്കുന്നത് പോലെയല്ല വടക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും വിഷു.

പൊന്നിൻ കണിയുമായി വിഷു കാലം വന്നെത്തി. വിഷു കണിയും, കൈനീട്ടവും ക്ഷേത്ര ദർശനവുമൊക്കെയായി വിഷു കാലം കെങ്കേമമാക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. എന്നാൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും വിഷു ആഘോഷം ഒരു പോലെയല്ല. ആഘോഷം ഒന്നാണെങ്കിലും ആഘോഷ രീതികൾ പലവിധമാണ്. തെക്കൻ കേരളം വിഷു ആഘോഷിക്കുന്നത് പോലെയല്ല വടക്കൻ കേരളത്തിലെയും മധ്യ കേരളത്തിലെയും വിഷു.
തെക്കൻ കേരളത്തിലെ വിഷു ആഘോഷം
മറ്റ് ജില്ലകാരെ അപേക്ഷിച്ച് തെക്കൻ ജില്ലയിലെ വിഷു ആഘോഷം വളരെ ചെറുതാണ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് വിഷു ആഘോഷങ്ങൾ കൂടുതൽ. രാവിലെ എഴുന്നേറ്റ് കണി കാണുക, കൈനീട്ടം കൊടുക്കുക, ക്ഷേത്രങ്ങൾ സന്ദർശിക്കുക, ചിലപ്പോൾ സദ്യ ഒരുക്കുക അവിടെ തീർന്നു വിഷു ആഘോഷം. ചുരുക്കി പറഞ്ഞാൽ ഉച്ചയ്ക്ക് മുന്നേ തന്നെ ഇവിടത്തെ ആഘോഷങ്ങൾ അവസാനിക്കാറുണ്ട്. തെക്കൻ ജില്ലക്കാർ ഓണമാണ് കെങ്കേമമാക്കാറുള്ളത്.
ഈ വ്യത്യാസം എന്ത് കൊണ്ട് ?
കേരളത്തിലെ വിവിധ ജില്ലകളിൽ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വരുന്ന ഈ വ്യത്യാസം കേരള സംസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളം രൂപീകരിക്കുന്നതിന് മുമ്പ്, ഇന്നത്തെ തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി, നാഗർകോവിൽ പ്രദേശങ്ങളെല്ലാം തെക്ക് ദേശത്ത് സ്ഥിതി ചെയ്തിരുന്ന തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. ഈ പ്രദേശങ്ങൾ പിൽക്കാലത്ത് തമിഴ്നാടിനൊപ്പം ചേർന്നെങ്കിലും ഈയൊരു സംഭവം കേരളീയ സംസ്കാരത്തിൽ വലിയ രീതിയിൽ പ്രതിഫലിക്കുന്നുണ്ട്.
ALSO READ: അങ്ങനെ വെറുതെ വെച്ചാല്‍ പോരാ! വിഷുക്കണിയൊരുക്കാന്‍ ഇവ നിര്‍ബന്ധം
കേരള സംസ്ഥാനം രൂപീകരിച്ച ശേഷവും തിരുവനന്തപുരം ജില്ലയിൽ തദ്ദേശീയരെക്കാൾ കൂടുതൽ തമിഴ് സംസ്കാരം ഉള്ളവരായിരുന്നു. ഉദ്യോഗസ്ഥരെല്ലാം തമിഴ്നാട്ടുകാരായിരുന്നു. അതിനാൽ തന്നെ കേരളത്തിന്റെ മറ്റ് ജില്ലകളിൽ കർഷകർക്കിടയിൽ ആഘോഷിച്ചിരുന്ന വിഷു അത്ര പ്രാധാന്യത്തിൽ തെക്കൻ ജില്ലകളിൽ എത്തിയില്ല.
ഇന്നും തമിഴ് സംസ്കാരത്തിന്റെ വലിയ സ്വാധീനം തെക്കൻ ജില്ലകളിൽ ഉണ്ട്. അതിനാലാണ് വിഷു തിരുവനന്തപുരം പോലുള്ള തെക്കൻ ജില്ലകാർക്ക് ആഘോഷം മാത്രമാവുന്നത്. തിരുവനന്തപുരത്ത് വിഷുസദ്യ പോലും ഒരുക്കുന്നവർ ചുരുക്കമാണ്. വിഷു നാളിൽ മറ്റ് ജില്ലക്കാർ സദ്യ ഒരുക്കുമ്പോൾ തെക്കൻ കേരളക്കാർക്ക് സദ്യ തിരുവോണത്തിനാണ്. അതും നല്ലുഗ്രൻ വെജിറ്റേറിയൻ സദ്യ. വടക്കോട്ട് പടക്കം പൊട്ടിച്ച് വിഷു ആഘോഷിക്കുമ്പോൾ തെക്കൻ ജില്ലക്കാർ പടക്കം പൊട്ടിച്ച് തിമിർക്കുന്നത് ദീപാവലിക്കാണ്.