Holy Week 2025: ഓശാന മുതൽ ഈസ്റ്റർ വരെ; വിശുദ്ധവാരത്തിലെ പ്രത്യേക ദിവസങ്ങളെ അറിയാം
Holy Week 2025: ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ഒരു ആഴ്ച ക്രൈസ്തവർ വിശുദ്ധവാരമായി അല്ലെങ്കിൽ പീഢാനുഭവ വാരമായി ആചരിക്കുന്നു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 20 വരെയാണ് വിശുദ്ധവാരം.

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകളുയർത്തി വീണ്ടും ഒരു വിശുദ്ധവാരം. ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള ഒരു ആഴ്ച ക്രൈസ്തവർ വിശുദ്ധവാരമായി അല്ലെങ്കിൽ പീഢാനുഭവ വാരമായി ആചരിക്കുന്നു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 20 വരെയാണ് വിശുദ്ധവാരം. ഈ ആഴ്ചയിലെ ഓരോ ദിവസത്തിന്റെയും പ്രത്യേകതകളറിയാം.
ഏപ്രിൽ 13: ഓശാന ഞായർ
ക്രിസ്തുയേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണകളുയർത്തിയാണ് ക്രിസ്ത്യാനികൾ ഓശാന ഞായർ ആഘോഷിക്കുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ പ്രത്യേക ആരാധനകളും പരിപാടികളും നടക്കും. കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് വന്ന യേശുവിനെ ഒലിവിലകളേന്തിയും ഓശാന പാടിയുമാണ് രാജകീയ പദവികളോടെ ജനം വരവേറ്റത്.
ഏപ്രിൽ 14,15: വിശുദ്ധ തിങ്കൾ, വിശുദ്ധ ചൊവ്വ
വിശുദ്ധവാരത്തിൽ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾ വിശുദ്ധ തിങ്കളാഴ്ചയെന്നും (വലിയ തിങ്കളാഴ്ച) വിശുദ്ധ ചൊവ്വാഴ്ചയെന്നുമാണ് അറിയപ്പെടുന്നത്. ജെറുസലേമിലേക്ക് വന്ന ക്രിസ്തു അടുത്ത രണ്ട് ദിവസവും അവിടെ തങ്ങി ജനങ്ങളെ പഠിപ്പിക്കുകയും മത അധികാരികളുമായി സംസാരിക്കുകയും ചെയ്യുന്നു. കൂടാതെ യേശു ജെറുസലേമിലെ പ്രാർത്ഥന സ്ഥലത്തെ ശുദ്ധീകരിച്ച ദിവസമെന്ന പ്രത്യേകതയും വലിയ തിങ്കളാഴ്ചയ്ക്കുണ്ട്.
ഏപ്രിൽ 16: വിശുദ്ധ ബുധനാഴ്ച (ചാര ബുധനാഴ്ച)
യേശുവിന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്ത യേശുവിനെ ഒറ്റിക്കൊടുക്കാൻ മഹാപുരോഹിതന്മാരുമായി ഗൂഢാലോചന നടത്തിയ ദിവസം. ചാര ബുധനാഴ്ചയെന്നും അറിയപ്പെടുന്നു. മുപ്പത് വെള്ളിക്കാശിനാണ് യേശുവിനെ ഒറ്റിക്കൊടുത്തത്.
ഏപ്രിൽ 17: പെസഹ വ്യാഴം
ക്രിസ്തുയേശുവിന്റെ അവസാന അത്താഴത്തിന്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ പെസഹ വ്യാഴം ആചരിക്കുന്നത്. കുരിശു മരണത്തിന് മുമ്പായി യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകുകയും അവരുമായി ഒന്നിച്ച് അവസാനമായി അത്താഴം കഴിച്ച ദിവസം. ഇന്നേ ദിവസം ദൈവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധ കുർബാനയും നടത്തുന്നു. യേശു ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ ഓർമയ്ക്ക് തിരഞ്ഞടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി ചുംബിക്കുന്ന ചടങ്ങുകളും ചില ഇടവക വിഭാഗങ്ങളിലുണ്ട്.
ഏപ്രിൽ: 18 ദു:വെള്ളി
മനുഷ്യരുടെ പാപങ്ങളുടെ പരിഹാരമായി യേശു കുരിശുമരണം വരിച്ച ദിവസം. മരണത്തിന് വിധിക്കപ്പെട്ട ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുൽത്താമലയിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയുടെ സ്മരണയ്ക്കായി ഇന്നേ ദിവസം കുരിശിന്റെ വഴി സംഘടിപ്പിക്കുന്നു. കൂടാതെ ദൈവാലയങ്ങളിൽ പ്രത്യേക ആരാധനകൾ നടത്തുകയും യേശുക്രിസ്തു കുരിശിൽ കിടന്ന് അവസാനമായി പറഞ്ഞ ഏഴ് മൊഴികൾ ധ്യാനിക്കുകയും ചെയ്യുന്നു.
ഏപ്രിൽ 19: ദു:ഖശനി
ദു:ഖവെള്ളിയാഴ്ചയ്ക്കും ഈസ്റ്ററിനും ഇടയിലാണ് ദു:ശനി വരുന്നത്. യേശുവിന്റെ ശരീരം കല്ലറയിൽ കിടന്ന മണിക്കൂറുകളെയാണ് ഈ ദിവസം അനുസ്മരിക്കുന്നത്. ദു:ശനിയാഴ്ച ദൈവാലയങ്ങളിൽ പ്രാർത്ഥനകളോ മറ്റ് ശുശ്രൂഷകളോ ഉണ്ടായിരിക്കില്ല.
ഏപ്രിൽ 20: ഈസ്റ്റർ
കുരിശുമരണത്തിന്റെ മൂന്നാം നാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസമാണ് ക്രിസ്ത്യാനികൾ ഈസ്റ്റർ ഞായറാഴ്ചയായി ആഘോഷിക്കുന്നത്. ക്രൈസ്തവരുടെ പ്രധാന ദിവസങ്ങളിൽ ഒന്ന്. ഇന്നേ ദിവസം ദൈവാലയങ്ങളിൽ ആരാധനകളും വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ വലിയ നോമ്പ് മുറിക്കുന്ന ദിവസം കൂടിയാണ്.