Good Friday 2025: ആരാണ് നസ്രാണികൾ?; കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഈ പേരെങ്ങനെ ലഭിച്ചു?
Who Are Nasranis?: ക്രിസ്തുമത വിശ്വാസികൾ അറിയപ്പെടുന്നത് നസ്രാണികളെന്നാണ്. ഈ പേര് വന്നതിന് പിന്നിൽ യേശുക്രിസ്തുവുമായി നേരിട്ടൊരു ബന്ധമുണ്ട്. ഈ ബന്ധവും അതിൻ്റെ വഴിയും പരിശോധിക്കാം.

കേരളത്തിലെ ക്രിസ്തു മത വിശ്വാസികൾ പൊതുവെ അറിയപ്പെടുന്ന പേരാണ് നസ്രാണികൾ. കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനി സമൂഹമായ സുറിയാനി ക്രിസ്ത്യാനികളെ മൊത്തത്തിൽ ഇങ്ങനെയാണ് വിളിക്കുന്നതെങ്കിലും ഈ പേര് എങ്ങനെ വന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല. നസ്രാണി എന്ന പേര് വന്നതെങ്ങനെയെന്ന് നമുക്ക് പരിശോധിക്കാം.
യേശുക്രിസ്തുവിൻ്റെ 12 ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹയാണ് ഇന്ത്യയിൽ ക്രിസ്തുമതം അവതരിപ്പിച്ചതെന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലും തോമാശ്ലീഹ തന്നെയാണ് ക്രിസ്തുമതം പരിചയപ്പെടുത്തിയത്. കേരളത്തിൻ്റെ പരമ്പരാഗത ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികളെന്നാണ് അറിയപ്പെടുന്നത്. ചേരമാൻ പെരുമാൾ ഇവർക്ക് മാപ്പിള എന്ന പദവിയും നൽകിയിരുന്നു. കൂനൻ കുരിശ് യുദ്ധത്തിന് ശേഷം സുറിയാനി ക്രിസ്ത്യാനികൾം പല സഭകളായി വിഘടിച്ചു. സിറോ – മലങ്കര സഭ, യാക്കോബായ സുറിയാനി സഭ, ഓർത്തഡോക്സ് സഭ തുടങ്ങി വിവിധ സഭകളുണ്ട്. ആരാധനാഭാഷ സുറിയാനി ആയതിനാൽ ഇവർക്ക് സുറിയാനി ക്രിസ്ത്യാനികളെന്ന പേര് ലഭിച്ചു.
Also Read: Maundy Thursday 2025: പെസഹാ അപ്പവും പാലും; തയ്യാറാക്കുന്നത് എങ്ങനെ?
നസ്രാണി എന്ന വാക്കിൻ്റെ അർത്ഥം നസ്രായൻ്റെ അതായത് യേശുക്രിസ്തുവിൻ്റെ അനുയായി എന്നാണ്. യേശുക്രിസ്തു നസ്രത്ത് സ്വദേശിയായിരുന്നല്ലോ. അദ്ദേഹത്തിൻ്റെ അനുയായികളെ സൂചിപ്പിക്കുന്ന അറാമിയ ഭാഷയിലെ പദം നസ്രായ എന്നാണ്. ഈ പദത്തിൽ നിന്നാണ് നസ്രാണി എന്ന വാക്കുണ്ടായത്. അതായത് നസ്രായ എന്ന സുറിയാനി പദത്തിൻ്റെ മലയാള പദമാണ് നസ്രാണി.
നസ്രായൻ എന്ന യേശുവിനെ ഗ്രീക്ക് ഭാഷയിൽ നസറേനോസ് എന്നും നസ്രായിയോസ് എന്നും വിശേഷിപ്പിച്ചിരുന്നു. നസറേനോസ് എന്ന ഗ്രീക്ക് വാക്ക് ലത്തീനിൽ നസാറേനൂസ് എന്നായി. ഇംഗ്ലീഷിലേക്ക് വന്നപ്പോൾ അത് നസറേൻ എന്നും ആയിത്തീർന്നു. ഇത് മലയാളീകരിച്ചപ്പോൾ നസ്രാണി എന്ന വാക്കുണ്ടായി.
നസ്രായ എന്ന പദം വളരെ കാലം മുൻപ് തന്നെ ക്രിസ്ത്യാനികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. പേർഷ്യൻ, റോമാ സാമ്രാജ്യങ്ങളിലൊക്കെ ഈ പദം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ചരിത്രത്തിലൂടെ സഞ്ചരിച്ച് കേരളത്തിലെത്തുകയും കേരളത്തനിമയിൽ ആ പേര് നസ്രാണി എന്നാവുകയും ചെയ്തു. ചുരുക്കത്തിൽ നസ്രാണി എന്ന പദത്തിൻ്റെ അർത്ഥം യേശുവിൻ്റെ അനുയായികൾ.