Easter 2025: ഈസ്റ്റർ മുട്ടകളുടെ ചരിത്രം തുടങ്ങിയത് ക്രിസ്തുവിനും മുൻപ്; വിശദമായി അറിയാം
History Of Easter Egg: ഈസ്റ്റർ മുട്ടകളുടെ ചരിത്രത്തിന് ഒരുപാട് പഴക്കമുണ്ട്. എന്നുവച്ചാൽ, ചരിത്രാതീത കാലത്തേക്ക് നീളുന്ന ചരിത്രം. ഈ ചരിത്രം തുടങ്ങുന്നത് ആഫ്രിക്കയിൽ നിന്നാണ്. മെസപ്പൊട്ടോമിയയിൽ നിന്നാണ് അടയാളങ്ങൾ കിട്ടിയത്.

ഈസ്റ്ററുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രത്യേകതയാണ് ഈസ്റ്റർ എഗ്സ് അഥവാ ഈസ്റ്റർ മുട്ടകൾ. നമ്മുടെ നാട്ടിൽ ഇതത്ര സാധാരണയല്ലെങ്കിലും വിദേശത്ത് ഈസ്റ്റർ മുട്ടകൾക്ക് വലിയ പ്രത്യേകതയുണ്ട്. പ്രത്യുത്പാദനത്തിൻ്റെയും പുനർജന്മത്തിൻ്റെയും പരമ്പരാഗത ചിഹ്നമാണ് മുട്ടകൾ. യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തെയാണ് ഈ മുട്ടകൾ ഇപ്പോൾ സൂചിപ്പിക്കുന്നതെങ്കിലും അലങ്കാരമുട്ടകളായ ഇവയുടെ ചരിത്രം ക്രിസ്തുവിനും മുൻപാണ് ആരംഭിക്കുന്നത്. പാസ്കൽ മുട്ടകൾ എന്ന് കൂടി അറിയപ്പെടുന്ന ഈസ്റ്റർ മുട്ടകളുടെ ചരിത്രം വിശദമായി അറിയാം.
ചായം പൂശിയ ചിക്കൻ മുട്ടകളാണ് ഈസ്റ്റർ എഗ്ഗ് ആയി ഉപയോഗിക്കുന്നത്. പരമ്പരാഗതമായി ഇതാണ് രീതി. എന്നാൽ, നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ മുട്ടകളും തടിയിൽ നിർമ്മിച്ചിട്ടുള്ള മുട്ടകളും ചോക്കലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകളുമൊക്കെ ഇക്കാലത്ത് പതിവായിക്കഴിഞ്ഞു. പല നാടുകളിൽ പല തരത്തിലുള്ള ഈസ്റ്റർ മുട്ടകൾ ഉപയോഗിക്കാറുണ്ട്.
മുട്ടത്തോടുകൾ അലങ്കരിക്കുന്ന പതിവ് പ്രാചീനമാണ്. ആഫ്രിക്കയിൽ നിന്ന് 60,000 വർഷം പഴക്കമുള്ള, അലങ്കരിച്ച ഒട്ടകപക്ഷി മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. ചരിത്രാതീതകാലം മുൻപുള്ള ഈജിപ്തിലും മെസപൊട്ടോമിയയിലും മുട്ടകൾ മരണവും പുനർജനനവുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തിലെ ഫറോവമാരുടെ കല്ലറകളിൽ നിന്ന് അലങ്കരിക്കപ്പെട്ട മുട്ടകൾ കണ്ടെത്തിയിട്ടുണ്ട്. ഈ പതിവിൽ നിന്നാവാം ഈസ്റ്റർ മുട്ടകളുടെ വരവ് എന്നാണ് വിലയിരുത്തൽ.




Also Read: Easter 2025: പാഷൻ ഓഫ് ദ ക്രൈസ്റ്റ് മുതൽ സൺ ഓഫ് ഗോഡ് വരെ; ഈസ്റ്റർ ദിനത്തിൽ കാണാൻ പറ്റിയ സിനിമകൾ
മെസപൊട്ടോമിയയിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികളിൽ നിന്നാണ് ഈസ്റ്റർ മുട്ടകളെന്ന പതിവ് തുടങ്ങുന്നത്. അലങ്കാര മുട്ടകളെന്ന പതിവിനെ ചുവന്ന ചായം പൂശി ഇവർ യേശുക്രിസ്തുവുമായി ബന്ധപ്പെടുത്തി. യേശുക്രിസ്തുവിൻ്റെ രക്തവും അദ്ദേഹത്തിൻ്റെ കുരിശുമരണവുമാണ് ചുവന്ന ചായത്തിലൂടെ മെസപ്പൊട്ടോമിയൻ ക്രിസ്ത്യാനികൾ അടയാളപ്പെടുത്തിയത്. ഇത് ക്രിസ്ത്യൻ സഭകൾ ഏറ്റെടുത്തു. ഓർത്തഡോക്സ് സഭ വഴിയാണ് റഷ്യയിലേക്കും സൈബീരിയയിലേക്കും ഈ പതിവ് എത്തിയത്. ഗ്രീക്ക് സഭയിൽ നിന്ന് റോമൻ കാത്തലികളും പ്രൊട്ടസ്റ്റൻ്റുകളും ഈ പതിവ് യൂറോപ്പിലുടനീളം വ്യാപിപ്പിച്ചു എന്നാണ് ചരിത്രകാരന്മാർ പറയുന്നു. മെസപ്പൊട്ടോമിയക്കാർ ചുവന്ന ചായം മാത്രമാണ് മുട്ടയിൽ തേച്ചതെങ്കിൽ പല നാടുകൾ പലതരത്തിലുള്ള മാറ്റം കൊണ്ടുവന്നു. ഇങ്ങനെയാണ് പലനിറത്തിലും പല രീതിയിലും ഈസ്റ്റർ മുട്ടകൾ ലോകമെങ്ങും പ്രചരിച്ചത്. മുട്ടകളുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഗെയിമുകളും പല സംസ്കാരങ്ങളിലുമുണ്ട്.