Easter 2025: വ്യത്യസ്ത തീയതികളും വ്യത്യസ്ത ആചാരങ്ങളും…: ലോകത്തിലെ ഈസ്റ്റർ ആഘോഷങ്ങൾ ഇങ്ങനെ
Easter Celebration In Different Countries: ചില രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ പല രാജ്യങ്ങളിൽ ഈ ദിവസം പല രീതിയിലാണ് ആഘോഷിക്കുന്നത്. ചില രാജ്യങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ശത്രുക്കൾ കുരുശിലേറ്റിയ മൂന്നാം നാൾ ക്രിസ്തുദേവൻ ഉയർത്തെഴുന്നേറ്റതിൻ്റെ സന്തോഷമായാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. അതിനാൽ ലോകത്തെവിടെയാണെങ്കിലും ക്രിസ്തീയ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കാൻ മറക്കില്ല. എന്നാൽ ചില രാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ പല രാജ്യങ്ങളിൽ ഈ ദിവസം പല രീതിയിലാണ് ആഘോഷിക്കുന്നത്. ചില രാജ്യങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഗ്രീസ്
ഗ്രീക്കുകാർ ആഘോഷിക്കുന്നത് ഓർത്തഡോക്സ് ഈസ്റ്ററാണ്. ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഗ്രീസിൽ ഈസ്റ്റർ ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വർഷവും വ്യത്യസ്ത സമയങ്ങളിലാണ് ഇത് നടക്കുന്നത്. ഗ്രീക്ക് ദ്വീപായ കോർഫുവിൽ ഈസ്റ്റർ ദിനത്തിൽ രസകരമായ ഒരു ആചാരം നിലനിൽക്കുന്നുണ്ട്. അന്ന് രാവിലെ പഴയ പാത്രങ്ങൾ ജനാലകളിൽ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയുന്നു.
പോളണ്ട്
പോളണ്ടിൽ ഈസ്റ്റർ ആഘോഷത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച ദിവസം ആളുകൾ പരസ്പരം ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു. വെറ്റ് തിങ്കൾ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പോളിഷ് രാജകുമാരന്റെ സ്നാനവുമായി ബന്ധപ്പെട്ട ആചാരമാണിത്.
ഫ്രാൻസ്
ഫ്രാൻസിന്റെ തെക്ക് ഭാഗങ്ങളിൽ ഈസ്റ്റർ തിങ്കളാഴ്ച ആളുകൾ ഒരു ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്നു. വളരെ വലുതായതിനാൽ ഏകദേശം 15,000 മുട്ടകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ ബോണപാർട്ടുമായി ബന്ധപ്പെട്ടതാണ് ആചാരം. അദ്ദേഹം ഇവിടുന്ന് കഴിച്ച ഓംലെറ്റ് ഇഷ്ടപ്പെട്ടുവെന്നും പിന്നാലെ ബോണപാർട്ടിനും സൈന്യത്തിനും വേണ്ടി വലിയൊരു ഓംലെറ്റ് ഉണ്ടാക്കി കൊടുക്കാൻ പട്ടണത്തിലുള്ളവർ ആഗ്രഹിച്ചുവെന്നുമാണ് വിശ്വാസം.
വിക്ടോറിയ
നമ്മുടെ നാട്ടിലെപോലെ തന്നെ ഈസ്റ്ററിന് മുമ്പുള്ള ആഴ്ച ഹോളി വീക്കായി കാണുന്നു. അങ്ങനെ ആ ആഴ്ചയിലെ മുട്ടകൾ സൂക്ഷിച്ചുവെച്ച് അലങ്കരിച്ച് ഹോളി വീക്ക് മുട്ടകളാക്കി മാറ്റുന്നു. പിന്നീട് ഇത് കുട്ടികൾക്ക് സമ്മാനമായി നൽകും. സാറ്റിൻ പേപ്പർ കൊണ്ട് പൊതിഞ്ഞായിരിക്കും മുട്ടകൾ സമ്മാനമായി നൽകുക.