AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Easter 2025: വേദനകൾക്ക് അവസാനം, മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റ് ക്രിസ്തു; പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റർ

Easter 2025: ഈസ്റ്ററോടനുബന്ധിച്ച് ദൈവാലയങ്ങളിൽ നാളെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ചാമ്പൽ ബുധനാഴ്ച മുതലുള്ള നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ​എഡി രണ്ടാം നൂറ്റാണ്ടിൽ, ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റർ ആഘോഷിച്ചതെന്നാണ് കരുതുന്നത്.

Easter 2025: വേദനകൾക്ക് അവസാനം, മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റ് ക്രിസ്തു; പ്രത്യാശയുടെ സന്ദേശവുമായി നാളെ ഈസ്റ്റർ
Image Credit source: Freepik
nithya
Nithya Vinu | Published: 19 Apr 2025 12:48 PM

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ക്രിസ്ത്യാനികൾ നാളെ ഈസ്റ്റർ ആഘോഷിക്കുന്നു. യേശു ക്രിസ്തു മരിച്ച് അടക്കപ്പെട്ട്, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവ സമൂഹം ഈസ്റ്റർ ആഘോഷിക്കുന്നത്.

ഈസ്റ്ററോടനുബന്ധിച്ച് ദൈവാലയങ്ങളിൽ നാളെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ചാമ്പൽ ബുധനാഴ്ച മുതലുള്ള നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ​ഗാ​ഗുൽത്താ മലയിലെ കുരിശ് മരണത്തിന് ശേഷം മരണത്തിന്റെ ചങ്ങലകളെ പൊട്ടിച്ച് ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തു, ഏത് വേദനകൾക്കൊടുവിലും ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന സന്ദേശം നൽകുന്നു.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ. ക്രൈസ്തവ സമൂഹം ഈ‍ ദിവസം പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും എല്ലാ കാലത്തും വിജയിക്കുന്നതും നിലനിൽക്കുന്നതും സത്യം മാത്രമാണെന്നുമുള്ള സുപ്രധാന പാഠങ്ങളാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്.

ALSO READ: ഈസ്റ്റർ മുട്ടകളുടെ ചരിത്രം തുടങ്ങിയത് ക്രിസ്തുവിനും മുൻപ്; വിശദമായി അറിയാം

എഡി രണ്ടാം നൂറ്റാണ്ടിൽ, ഏഷ്യാമൈനറിലാണ് ആദ്യമായി ഈസ്റ്റർ ആഘോഷിച്ചതെന്നാണ് കരുതുന്നത്. ഈ വർഷം ഏപ്രിൽ 20നാണ് ഈസ്റ്റർ വരുന്നത്. എല്ലാ വർഷവും ഡിസംബർ ‍25-ന് ക്രിസ്തുമസ് ആഘോഷിക്കുമെങ്കിലും ഈസ്റ്ററിന് സ്ഥിരമായ ഒരു തീയതി ഇല്ല. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉയിർപ്പ് പെരുന്നാൾ ആയി ആചരിക്കണമെന്ന് എഡി 325-ൽകൂടിയ നിഖ്യാ സുന്നഹദോസിൽ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഇതിന് കാരണം.

മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്. വെർണൽ ഇക്വിനോക്സിന് ശേഷം വരുന്ന വരുന്ന പൂർണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഇത് പ്രകാരം ഈസ്റ്റർ, മാർച്ച് 22-നും ഏപ്രിൽ 25-നും ഇടയിൽ വരുന്നു. എന്നാൽ ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ആരാധനാവർഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളിൽ ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്.

1953-ൽ മലങ്കര സഭ കൂടി ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്. 2010-ലെയും 2011-ലെയും ഈസ്റ്റർ ദിനങ്ങൾ രണ്ടു കലണ്ടർ സമ്പ്രദായങ്ങൾ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇതു സംഭവിക്കുന്നത് അപൂർവ്വമാണ്.