Chanakya Niti: നിശബ്ദത തന്നെ ആയുധം, ഈ സമയങ്ങളിൽ മിണ്ടാതിരിക്കണമെന്ന് ചാണക്യൻ പറയുന്നു
Chanakya Niti: നിശബ്ദത ശക്തമായ ആയുധമാണെന്ന് ചാണക്യൻ പറയുന്നു. ചില സമയങ്ങളിൽ ആയിരം വാക്കുകളേക്കാൾ നിങ്ങളുടെ മൗനം ഗുണം ചെയ്യും. ചാണക്യന്റെ അഭിപ്രായത്തിൽ, ജീവിത വിജയത്തിന് നിശബ്ദത ഏങ്ങനെ ഉപകാരപ്പെടുന്നുവെന്ന് പരിശോധിക്കാം.

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണുഗുപ്തൻ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. മൗര്യ സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത മൗരന്റെ ഉപദേശകനുമായിരുന്നു അദ്ദേഹം. ജീവിതത്തിലെ സമസ്ത മേഖലകളിൽ അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു. ചാണക്യൻ രചിച്ച അർത്ഥശാസ്ത്രവും ചാണക്യനീതിയും ജീവിത വിജയത്തിന് വേണ്ട തന്ത്രങ്ങളും നിർദ്ദേശങ്ങളും ആളുകൾക്ക് നൽകുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ടതാണെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളും ഉപദേശങ്ങളും ആധുനിക കാലത്തും ഏറെ പ്രസക്തമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ചാണക്യന്റെ വചനങ്ങൾക്ക് ആരാധകർ ഏറെയാണ്.
ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ഒരു വ്യക്തി ഏങ്ങനെ പെരുമാറണമെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്. നിശബ്ദത ശക്തമായ ആയുധമാണെന്ന് ചാണക്യൻ പറയുന്നു. ചില സമയങ്ങളിൽ ആയിരം വാക്കുകളേക്കാൾ നിങ്ങളുടെ മൗനം ഗുണം ചെയ്യും. ചാണക്യന്റെ അഭിപ്രായത്തിൽ, ജീവിത വിജയത്തിന് നിശബ്ദത ഏങ്ങനെ ഉപകാരപ്പെടുന്നുവെന്ന് പരിശോധിക്കാം.
സങ്കടപ്പെടുന്നവരുടെ മുമ്പിൽ
ഏതൊരു മനുഷ്യന്റെയും കൈയിലുള്ള ശക്തമായ ആയുധമാണ് നിശബ്ദതയെന്ന് ചാണക്യൻ അഭിപ്രായപ്പെടുന്നു. മനസ് തകർന്നിരിക്കുന്ന, അല്ലെങ്കിൽ നഷ്ടങ്ങളെ ഓർത്ത് സങ്കടപ്പെടുന്ന ഒരാളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുന്നതിനേക്കാൾ അവരുടെ അടുത്ത് നിശബ്ദനായി ഇരിക്കുന്നതാണ് നല്ലതെന്ന് ചാണക്യൻ പറയുന്നു. ആശ്വാസവാക്കുകളേക്കാൾ അവർക്ക് ആവശ്യം നിങ്ങളുടെ സാമീപ്യമാവാം.
ദേഷ്യത്താൽ നിയന്ത്രണം നഷ്ടപ്പെട്ടവർ
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ കോപമാണ്. ദേഷ്യത്താൽ അവന് വിവേചിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ദേഷ്യം അവരുടെ മനസ്സിനെ കീഴടക്കുന്നു. അതുകൊണ്ട് തന്നെ ദേഷ്യം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടവർക്ക് മുന്നിൽ മൗനം പാലിക്കുന്നതാണ് നല്ലതെന്ന് ചാണക്യൻ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ അവരോട് സംസാരിക്കുന്നത് പ്രശ്നം ഗുരുതരമാക്കും. അത് ചിലപ്പോൾ നിങ്ങളുടെ ജീവന് തന്നെ അപകടമാകാം. അതിനാൽ കോപത്താൽ നിയന്ത്രണം നഷ്ടപ്പെട്ടവർക്ക് മുന്നിൽ വാദപ്രതിവാദം നടത്തരുതെന്ന് ചാണക്യൻ ഉപദേശിക്കുന്നു.
പരദൂഷണം
നാം പലപ്പോഴും പരദൂഷണങ്ങൾ കേൾക്കാറുണ്ട്, ചിലപ്പോൾ അതിൽ പങ്കാളിയുമാകാറുണ്ട്. എന്നാൽ പരദൂഷണം ഒരു നല്ല ശീലമല്ലെന്ന് ചാണക്യൻ പറയുന്നു. ജോലി സ്ഥലത്തായാലും മറ്റ് സാഹചര്യങ്ങളിലായാലും ആളുകൾ കൂട്ടം കൂടി പരദൂഷണം പറയുമ്പോൾ മിണ്ടാതിരിക്കണമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
അറിയാത്തതിനെ കുറിച്ച്
നമുക്ക് അറിയാത്തതിനെ കുറിച്ച് പറയരുത്. അത്തരത്തിലുള്ള ചർച്ചകളിലോ സംവാദങ്ങളിലോ നിശബ്ദത പാലിക്കുക. അവിടെ അറിവുള്ളവർ, അല്ലെങ്കിൽ അതിനെ കുറിച്ച് പഠിച്ചിട്ടുള്ളവർ പറയുന്ന കാര്യങ്ങൾ കേട്ട് മനസ്സിലാക്കുക. അറിയാത്ത കാര്യങ്ങളെ കുറിച്ച് തെറ്റ് പറയുന്നതിനേക്കാൾ മൗനം പാലിക്കുന്നത് ഉചിതമെന്ന് ചാണക്യൻ പറയുന്നു.
കുടുംബത്തിൽ
കുടുംബത്തിൽ മുതിർന്നവർ സംസാരിക്കുമ്പോൾ നിശബ്ദത പാലിക്കണമെന്നും ഇടയ്ക്ക് കയറി സംസാരിക്കരുതെന്നും ചാണക്യൻ പറയുന്നു. അവരെ പറയാൻ അനുവദിക്കുക. അവർ സംസാരിച്ച് കഴിഞ്ഞ ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്.
സ്വകാര്യത
മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ചില സാഹചര്യങ്ങളിൽ വ്യക്തികൾ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരുടെ ആവശ്യത്തെ മാനിക്കേണ്ടത് അത്യാവശ്യമാണ്. നിശബ്ദത പാലിച്ച് അവരുടെ ആഗ്രഹത്തെ ബഹുമാനിക്കുക.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)