Attukal Pongala 2025: എന്താണ് പൊങ്കാലയുടെ പിന്നിലെ കഥ? എങ്ങനെയാണ് പൊങ്കാലയിടേണ്ടത് ?
ആറ്റുകാലിൽ 10 ദിവസമാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാന ദിവസമാണ് പൊങ്കാല ദിനം, കുംഭമാസത്തിലെ പൂരം നാളിലാണിത്, അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം നഗരം ജനസാഗരമാകുന്ന സമയം

Attukal Pongala 2025
പൂഴി വാരി എറിഞ്ഞാൽ നിലത്ത് തൊടില്ലാത്ത ഭക്ത സാഗരത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് തിരുവനന്തപുരം നഗരം. ആറ്റുകാൽ പൊങ്കാല എന്നത് ഒരു ചടങ്ങ് മാത്രമല്ല നമ്മുടെ സംസ്കാരത്തിൻ്റെയും കൂടി ഭാഗമായി മാറിക്കഴിഞ്ഞു. കേരളത്തിലെ 100 കണക്കിന് ഭഗവതി ക്ഷേത്രങ്ങളിലും പൊങ്കാല നൈവേദ്യമുണ്ടെങ്കിലും ആറ്റുകാലമ്മയുടെ പൊങ്കാല കേരളക്കരക്ക് എല്ലാമുള്ളതാണെന്നതാണ് സത്യം. വർഷം തോറുമുള്ള ഭക്തരുടെ പ്രാതിനിധ്യം ഇത് വ്യക്തമാക്കുന്നു. ഇതിന് പിന്നിലുള്ള ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.
എന്താണ് പൊങ്കാല ?
ചിലപ്പതികാരത്തിൽ മധുരാപുരി ചുട്ട് ചാമ്പലാക്കി രൗദ്ര ഭാവത്തിലെത്തിയ കണ്ണകിയെ സ്ത്രീകൾ അരിയും ശർക്കരയും ചേർത്ത് മൺകലത്തിലുണ്ടാക്കിയ മധുരതരമായ പായസം കൊണ്ട് ശാന്തയാക്കി എന്നും ദേവി അന്നപൂർണേശ്വരിയായി ഭക്തർക്ക് മുൻപിൽ പ്രസാദിച്ചു, പിൽക്കാലത്ത് അത് പൊങ്കാല നൈവേദ്യമായി എന്നുമാണ് ഒരു കഥ. തമിഴ്നാട്ടിലെ പൊങ്കലുമായി സാമ്യമുള്ളതിനാൽ തന്നെ പൊങ്കുക എന്ന പദം പൊങ്കാലയായി മാറിയെന്നും പറയപ്പെടുന്നു.
ALSO READ: Attukal Pongala: ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി അനന്തപുരി; ക്ഷേത്രത്തിലെ നാളത്തെ ചടങ്ങുകള്‍ അറിയാം
എപ്പോഴാണ് പൊങ്കാല ?
ആറ്റുകാലിൽ 10 ദിവസമാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാന ദിവസമാണ് പൊങ്കാല ദിനം, കുംഭമാസത്തിലെ പൂരം നാളിലാണിത്. ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ഡാര അടുപ്പിൽ മേൽശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. 13- വ്യാഴാഴ്ച രാവിലെ 9.45-ന് പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവില 10.15-നാണ് അടുപ്പ് വെട്ട് നടക്കുക. ഉച്ചക്ക് 1.15-ന് ഉച്ച പൂജയോടെ ആറ്റുകാലമ്മക്ക് പൊങ്കാല നേദിക്കും.
എങ്ങനെയാണ് പൊങ്കാല ഇടേണ്ടത്
ഭൂമിയാകുന്ന മൺകലത്തിൽ അരിയാകുന്ന മനസ്സ് സമർപ്പിച്ച് ശർക്കരെയെ പോലെ ഉരുകി, തിളച്ച് പൊങ്ങി അഹം ബോധത്തെ ഇല്ലാതാക്കുന്നു എന്നതാണ് തത്വം.
പൊങ്കാലയിൽ പ്രാധാന്യം പൊങ്കാല പായസത്തിന് തന്നെയാണ്. ഉണക്കലരി, തേങ്ങ, ശർക്കര എന്നിവ പുത്തൻ മൺകലത്തിൽ വെച്ച്,ശുദ്ധ ജലം ഒഴിച്ച് വേവിക്കുന്നു ഇതാണ് പായസം. ഇതിന് പുറമെയും ചില നൈവേദ്യങ്ങൾ തയ്യാറാക്കാറുണ്ട്. ഭദ്രകാളിക്ക് എറ്റവും പ്രിയപ്പെട്ട കടും പായസം അഥവ കഠിന പായസം, വെള്ളച്ചോറ്, തെരളി (കുമ്പിൾ) മണ്ടപ്പുട്ട് എന്നിവയും നിവേദ്യത്തിൽപ്പെട്ടതാണ്. ആളുകൾ വ്യത്യസ്ത വിശ്വാസങ്ങളിൽ ഇവ ഉണ്ടാക്കുന്നു.