Attukal Pongala 2025: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം, കനത്ത ചൂട് വെല്ലുവിളി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Attukal Pongala 2025 Precautions: മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ചൂട് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി തലസ്ഥാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് അനന്തപുരിയിൽ എത്തുന്നത്. വന്‍ ഭക്തജനപ്രവാഹമാണ് പൊങ്കാല പ്രമാണിച്ച് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. പൊങ്കാല അർപ്പിക്കാനായി എത്തുന്ന ഭക്തർക്ക് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ചൂട് വളരെ കൂടുതൽ ആയതിനാൽ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അറിയിച്ചു.
അന്തരീക്ഷ താപനില കൂടുതലായതിനാല്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചൂട് കൂടിയ സാഹചര്യത്തിൽ നിര്‍ജലീകരണം തടയുന്നതിന് ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ആരോഗ്യ വകുപ്പ് വിവിധയിടങ്ങളിൽ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ചൂട് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആംബുലന്‍സ് സേവനവും സജ്ജമാക്കിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടകൾ അനുഭവപ്പെടുന്നവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.
അതുപോലെ, പൊങ്കാലയിടുന്നവർ തീപ്പൊള്ളൽ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. തീ പിടിക്കുന്ന വിധത്തില്‍ വളരെ അലസമായി വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ അടുപ്പിനടുത്ത് വയ്ക്കാതിരിക്കുക. ഒരു ബക്കറ്റ് വെള്ളം എപ്പോഴും അടുത്ത് കരുതി വയ്ക്കണം. വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ ഓടാതെ വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അല്ലെങ്കിൽ അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടാം. പൊള്ളലേറ്റാല്‍ ഉടൻ പ്രഥമ ശുശ്രൂഷ ചെയ്യാൻ മറക്കരുത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക. പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്താനും വിട്ടുപോകരുത്.
പൊങ്കാലയിടുന്നവരുടെ ശ്രദ്ധയ്ക്ക്:
- കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കുക.
- സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് തടയാൻ തൊപ്പി, തുണി എന്നിവ ഉപയോഗിച്ച് തല മറയ്ക്കുക.
- ശുദ്ധ ജലം അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക.
- ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് നിര്‍ജലീകരണം തടയാൻ സഹായിക്കും.
- ഇടയ്ക്കിടെ കൈകാലുകളും മുഖവും കഴുകുന്നതും തണലത്ത് വിശ്രമിക്കുന്നതും നല്ലതാണ്.
- മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ അതിന് മുടക്കം വരുത്തരുത്.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.
- തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
- പഴവർഗങ്ങൾ കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണം.
- മാലിന്യങ്ങള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.