Akshaya Tritiya 2025: എന്താണ് അക്ഷയ തൃതീയ? പ്രാധാന്യമെന്ത്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Significance of Akshaya Tritiya: ദാന ധര്‍മാദികള്‍ ചെയ്തു ആ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്കും അക്ഷയ തൃതിയ പ്രസിദ്ധമാണ്.

സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയനാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് വിശ്വാസം. തൃതിയ എന്നതിന് മൂന്നാമത് എന്നാണ് അർത്ഥം. വൈശാഖ മാസത്തിലെ മൂന്നാം നാൾ, അതാണ് അക്ഷയ തൃതിയ. അക്ഷയ ത്രിതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയ തൃതീയ എന്ന പേരുണ്ടായതെന്നാണ് കരുതുന്നത്.
അക്ഷയ എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങിയാൽ ഒരിക്കലും നശിക്കില്ല എന്നാണ് വിശ്വാസം. അന്ന് പാവപെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു. കൂടാതെ, വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലഭദ്രൻ എന്നിവർ ജനിച്ച ദിവസം, ഭഗവതി അന്നപൂർണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം തുടങ്ങിയ പ്രത്യേകതകളും അന്നേ ദിവസത്തിനുണ്ട്.
ഐതിഹ്യം
അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഉണ്ട്. പുരാതന കാലത്ത് ദരിദ്രനും എന്നാൽ വളരെയേറെ ഭക്തനുമായ ഒരു വൈശ്യൻ ജീവിച്ചിരുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയിൽ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുകയും ബ്രാഹ്മണർക്ക് ദാനം ചെയ്യുകയും ചെയ്യുന്നത് ശാശ്വത പുണ്യം കൈവരിക്കാൻ സഹായിക്കുമെന്ന് ഒരു ദിവസം വൈശ്യൻ മനസ്സിലാക്കി.
ALSO READ: അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വേണ്ട അല്ലേ? വില ഇങ്ങനെ പോയാല്‍ എവിടെ വരെ എത്തും!
അതിനാൽ, അക്ഷയ തൃതീയ ദിവസത്തിൽ അദ്ദേഹം, ധർമ്മദാസ് ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന്, ഗംഗയിൽ കുളിച്ച്, ആചാരപ്രകാരം ഭഗവാനെ ആരാധിച്ചു. കൂടാതെ തന്റെ കഴിവനനുസരിച്ച് ദാനം ചെയ്തു. ഈ പുണ്യകർമ്മങ്ങൾ കാരണം, അദ്ദേഹം അടുത്ത ജന്മത്തിൽ കുശാവതിയിലെ രാജാവായി ജനിച്ചുവെന്നാണ് വിശ്വസിക്കുന്നത്.
പ്രാധാന്യം
ഭാരതീയ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയ ദിവസമാണെന്ന് വിശ്വസിക്കുന്നു. ദാന ധര്‍മാദികള്‍ ചെയ്തു ആ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്കും അക്ഷയ തൃതിയ പ്രസിദ്ധമാണ്.
അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഈ പുണ്യ മാസത്തില്‍ ചെയ്യുന്ന സല്‍കര്‍മങ്ങളിലൂടെ ഇല്ലാതാവുന്നു. ഈ സമയത്ത് ചെയ്യുന്ന പുണ്യ കര്‍മ ഫലത്താല്‍ വ്യക്തിയുടെ മേൽ കലിയുടെ ദോഷങ്ങള്‍ ബാധിക്കാതെ അതൊരു രക്ഷാകവചമായി തീരും.