Akshaya Tritiya 2025: സര്‍വൈശ്വര്യത്തിന്റെ അക്ഷയ തൃതീയ; അറിയാം ചരിത്രവും പ്രത്യേകതയും
Akshaya Tritiya 2025 Significance And History: വിവാഹങ്ങൾ നടത്താനും, സ്വർണമോ മറ്റ് വിലയേറിയ നിക്ഷേപങ്ങളോ നടത്തുന്നതിനും, പുതിയ തുടക്കങ്ങൾ കുറയ്ക്കുന്നതിനും ഏറ്റവും ശുഭകരമായ ദിനമായി അക്ഷയ തൃതീയയെ കാണുന്നു.

വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. വൈശാഖ മാസത്തിലെ മൂന്നാം ദിവസമാണ് നമ്മൾ അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. തൃതീയ എന്നാൽ മൂന്നാമത് എന്നാണ് അർഥം. ഈ വർഷം ഏപ്രിൽ 30നാണ് അക്ഷയ തൃതീയ. വിവാഹങ്ങൾ നടത്താനും, സ്വർണമോ മറ്റ് വിലയേറിയ നിക്ഷേപങ്ങളോ നടത്തുന്നതിനും, പുതിയ തുടക്കങ്ങൾ കുറയ്ക്കുന്നതിനും ഏറ്റവും ശുഭകരമായ ദിനമായി അക്ഷയ തൃതീയയെ കാണുന്നു. ഈ ദിവസം ഒരു തരി പൊന്നെങ്കിലും വാങ്ങാത്ത മലയാളികൾ കുറവാണ്. അതുകൊണ്ട് തന്നെ അക്ഷയ ത്രിതീയ പ്രമാണിച്ച് ജ്വല്ലറികൾ വലിയ ഓഫറുകൾ അടക്കം നൽകി ഉപഭോക്താക്കളെ ആകർഷിക്കാറുമുണ്ട്.
എന്താണ് അക്ഷയ തൃതീയ?
അക്ഷയ തൃതീയ കൊണ്ട് അർത്ഥമാക്കുന്നത് സമ്പത്ത്, സമൃദ്ധി, സന്തോഷം, പ്രതീക്ഷ എന്നിവ ഒരിക്കലും ക്ഷയിക്കില്ല എന്നതാണ്. അക്ഷയ തൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം എന്നും നിലനിൽക്കുമെന്ന് പണ്ട് കാലം മുതൽക്കേ ഒരു വിശ്വാസമുണ്ട്. വൈശാഖ മാസത്തിലെ ചാന്ദ്ര ദിനത്തിലാണ് അക്ഷയ തൃതീയ ഉത്സവമായി ആഘോഷിക്കുന്നത്. രോഹിണി നാളിൽ അക്ഷയതൃതീയ വന്നാൽ കൂടുതൽ ഐശ്വര്യമാകുമെന്നാണ് വിശ്വാസം. അന്ന് ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു.
ചരിത്രപരമായ പ്രത്യേകത?
വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം. ഈ ദിവസം വൈഷ്ണവ ക്ഷേത്രങ്ങളിൽ വിശ്വാസികൾ അദ്ദേഹത്തെ ആരാധിക്കുന്നു. പരശുരാമന്റെ ബഹുമാനാർത്ഥം ഇത് ആചരിക്കുന്നവർ ഈ ഉത്സവത്തെ പരശുരാമജയന്തി എന്നും വിളിക്കാറുണ്ട്. ചിലർ ഈ ദിനത്തിൽ വിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ കൃഷ്ണനിൽ തങ്ങളുടെ ഭക്തി കേന്ദ്രീകരിക്കുന്നു.
അക്ഷയ തൃതീയ നാളിൽ വ്യാസ മുനി, ഗണപതിക്ക് മഹാഭാരതം പാരായണം ചെയ്തു കൊടുത്തെന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യ പ്രകാരം ഈ ദിവസമാണ് ഭഗീരഥൻ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്ക് ഒഴുക്കിയത്. കുചേലൻ തൻ്റെ ബാല്യകാല സുഹൃത്തായ കൃഷ്ണനെ ദ്വാരകയിൽ സന്ദർശിച്ചപ്പോൾ പരിധിയില്ലാത്ത സമ്പത്ത് അനുഗ്രഹമായി ലഭിച്ചത് ഈ ദിവസമാണെന്നാണ് മറ്റൊരു ഐതിഹ്യം.
ALSO READ: അക്ഷയ തൃതീയയിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അക്ഷയ തൃതീയ ആചരിക്കേണ്ടത് എങ്ങനെ?
അക്ഷയതൃതീയ എന്ന പുണ്യ ദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക. ഈ ദിനത്തിൽ പിതൃതർപ്പണം ചെയ്യുന്നതും, പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും, പൂജ, ജപം എന്നിവ നടത്തുന്നതും ഏറെ നല്ലതാണ്. അന്ന് ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നാണ് വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നത്
പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കുക, ദാഹജലം നൽകുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക തുടങ്ങിയ സൽക്കർമ്മങ്ങൾ അക്ഷയ തൃതീയയിൽ അനുഷ്ഠിക്കുക. ഈ ദിവസം ദേവതകൾക്കും പിതൃക്കൾക്കും എള്ള് തർപ്പണം ചെയ്യുക. അക്ഷയ ത്രിതീയ ദിനത്തിൽ കുലദേവതയുടെ നാമം ജപിക്കുന്നതും, കുലദേവതയോട് പ്രാർത്ഥിക്കുന്നതും നല്ലതാണ്.