ഭൂമിയുടെ അകക്കാമ്പിൻ്റെ 'കറക്കം' മന്ദ​ഗതിയിൽ; ദിവസത്തിൻ്റെ ദൈർഘ്യം കൂടുമോ? Malayalam news - Malayalam Tv9

Rotation Of Earth: ഭൂമിയുടെ അകക്കാമ്പിൻ്റെ ‘കറക്കം’ മന്ദ​ഗതിയിൽ; ദിവസത്തിൻ്റെ ദൈർഘ്യം കൂടുമോ?

Updated On: 

18 Jun 2024 20:47 PM

Rotation Of Earth Inner Core: ഭൂമിയുടെ മന്ദ​ഗതിയിലുള്ള ഈ കറക്കം മൊത്തത്തിലുള്ള ഭ്രമണത്തെ തന്നെ ബാധിച്ചേക്കാമെന്നും ​ഗവേഷകർ പറയുന്നു.

1 / 6ദിവസം

ദിവസം നീങ്ങുന്നില്ലല്ലോ എന്ന് നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എന്നാൽ 24 മണിക്കൂറിൽ നിന്നും ദിവസത്തിൻ്റെ ദൈർഘ്യം കൂടിയാലോ...ചിന്തിക്കാൻ കൂടെ പറ്റാത്തവർ ഉണ്ട്. എന്നാൽ 24 മണിക്കൂർ തികയുന്നില്ലെന്ന പരാതിക്കാരും നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഈ വാർത്ത സന്തോഷം നൽകിയേക്കാം.

2 / 6

ഭൂമിയുടെ അകക്കാമ്പിൻ്റെ കറക്കം ഉപരിതലത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്നും ഇത് ഭൂമിയിൽ നിർണായകമായ പല മാറ്റങ്ങളും വരുത്തിയേക്കുമെന്നും സതേൺ കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നു. 'നേച്ചർ' മാസികയിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

3 / 6

തെക്കൻ അറ്റ്ലാൻ്റിക്കിന് ചുറ്റുമുള്ള സൗത്ത് സാൻഡ്‍വിച് ദ്വീപുകളിൽ 1991 മുതൽ 2023 വരെയുണ്ടായ 121 ഭൂചലനങ്ങളെ അപഗ്രഥിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 2010 മുതൽ ഭൂമിയുടെ അകക്കാമ്പിൻ്റെ കറക്കത്തിൻ്റെ വേഗത കുറഞ്ഞുവെന്നും 40 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വേഗത്തിലാണ് ഇപ്പോൾ അകക്കാമ്പ് കറങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

4 / 6

ഭൂമിയുടെ അകക്കാമ്പ് 4,800 കിലോമീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പും നിക്കലും കൊണ്ട് നിർമ്മിതമായ അകക്കാമ്പ് ചുട്ടുപഴുത്തതും വ്യാപ്തിയേറിയതുമാണെന്നാണ് കണ്ടെത്തൽ. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ഭൂമിയുടെ ഇത്തരത്തിലൊരു മെല്ലെപ്പോക്ക് ശാസ്ത്രലോകം മനസിലാക്കുന്നതെന്നും അതിനാൽ നിരന്തര നിരീക്ഷണങ്ങൾ തുടരുമെന്നും ​ഗവേഷകർ പറയുന്നു.

5 / 6

ഭൂമിയുടെ കാന്തിക വലയം, വെള്ളത്താൽ ചുറ്റപ്പെട്ട പുറന്തോടിൽ സൃഷ്ടിക്കുന്ന ചലനങ്ങളും പാറകൾ നിറഞ്ഞ ഭൂവൽക്കത്തിലെ ആഴമേറിയ പ്രദേശങ്ങളിൽ ചെലുത്തുന്ന ഗുരുത്വാകർഷണവുമാണ് ഇപ്പോഴത്തെ ഭൂമിയുടെ അകക്കാമ്പിൻറെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ​ഗവേഷകരിൽ ഒരാളായ ഡോ. വിദേലും സംഘവും വ്യക്തമാക്കുന്നത്.

6 / 6

ഭൂമിയുടെ മന്ദ​ഗതിയിലുള്ള ഈ കറക്കം മൊത്തത്തിലുള്ള ഭ്രമണത്തെ തന്നെ ബാധിച്ചേക്കാമെന്നും അവർ പറയുന്നു. ഇതുവഴി ഭൂമിയിലെ ദിവസങ്ങളുടെ ദൈർഘ്യവും കൂടാൻ സാധ്യതയുണ്ട്.

Follow Us On
Exit mobile version