തിരുവിതാംകൂറിലെ സദ്യ ആർഭാടത്തിന്റെ പ്രതീകമാണ്. വെള്ളരിക്ക കൊണ്ടുള്ള പച്ചടി നിര്‍ബന്ധമാണ് ഇവിടെ സദ്യയ്ക്ക്. മാത്രമല്ല ഇലയില്‍ ഉപ്പ് വയ്ക്കുന്ന പതിവ് തിരുവിതാംകൂറുകാര്‍ക്കില്ല. ചുവപ്പ് നിറമുള്ള നാരങ്ങാക്കറിയും വെളുത്ത നിറമുള്ള നാരങ്ങാക്കറിയും ഉണ്ടാകും. അതു കഴിഞ്ഞാല്‍ അവിയല്‍, പിന്നെ തോരന്‍.
തോരന് പണ്ട് അമരപ്പയറും ഉപയോഗിച്ചിരുന്നു. പാലട പായസം, ശര്‍ക്കരയിട്ട അട പായസം, കടല പായസം, പയര്‍ പായസം, സേമിയ പായസം എന്നിവയാണ് തിരുവിതാംകൂറുകാരുടെ പായസപ്രധാനികള്‍.
തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രംസ്വഭാവമാണ് തിരുക്കൊച്ചിയിലെ സദ്യക്ക്. ഇലയിലാദ്യം വിളമ്പുക ഇഞ്ചിത്തൈരാണ്. ആയിരംകറിയെന്നാണ് ഇഞ്ചിത്തൈരിനെ പൊതുവെ പറയുന്നത്. പണ്ടുകാലത്ത് ഓണത്തിന് വിളമ്പുന്ന സദ്യയില്‍ അച്ചിങ്ങ വറുത്തത് വരെ ഉണ്ടായിരുന്നു. തോരന് പകരം മെഴുക്കുപുട്ടിയും വയ്ക്കാറുണ്ട്. പഴയകാലത്ത് ചക്കപായസം വരെ ഓണത്തിന് വിളമ്പിയിരുന്നു.
1) എരിശ്ശേരി അല്ലെങ്കില്‍ കൂട്ടുകറി, 2) കാളന്‍, 3) ഓലന്‍, 4) പായസം പോലെയുള്ള ഒരുതരം മധുരം. ഈ നാലുകറികളിൽ ഒതുങ്ങുന്നതായിരുന്നു വള്ളുവനാട്ടിലെ ഓണസദ്യ.
വള്ളുവനാട്ടിലെ ഓണസദ്യയ്ക്ക് മാങ്ങാ അച്ചാറിനേക്കാള്‍ പ്രാധാന്യം നാരങ്ങാ അച്ചാറിനാണ്, അതും വടുകപുളി നാരങ്ങ കൊണ്ടുള്ള അച്ചാറ്. പണ്ട് ഓണസദ്യക്ക് കൂട്ടുകറി വിളമ്പിയിരുന്നില്ല പകരം മത്തങ്ങ കൊണ്ടുള്ള എരിശ്ശേരിയായിരുന്നു പതിവ്.