ഇത് റീ-റിലീസുകളുടെ കാലമാണല്ലോ. മലയാളത്തിലും, തമിഴിലും ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് അടുത്തിടെയായി റീ-റിലീസ് ചെയ്തത്. ഇപ്പോഴിതാ ധനുഷ് നായകനായെത്തിയ '3' ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനം ഐശ്വര്യ രജനീകാന്താണ്.
2012 മാർച്ച് 30 ന് ആണ് ചിത്രം റിലീസ് ആയത്. റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2024 സെപ്റ്റംബർ 14ന് ആണ് വീണ്ടും തീയേറ്ററുകളിൽ എത്തുന്നത്.
കൂടാതെ ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് ആണ് ധനുഷിന്റെ സുഹൃത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്ന ശിവകാർത്തികേയൻ. ശിവകാർത്തികേയനെ സിനിമയിൽ അഭിമുഖപ്പെടുത്തിയതും ധനുഷാണ്. അവിടെന്ന് സ്റ്റാർ വാല്യൂ ഉള്ളൊരു നടനായി താരം വളർന്നു.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാംതന്നെ വലിയ ഹിറ്റായിരുന്നു, ഇപ്പോഴും ആ പാട്ടുകൾക്ക് നല്ല ഡിമാൻഡ് ആണ്. 'വൈ ദിസ് കൊലവെറി' മുതൽ 'പോ നീ പോ' വരെ എല്ലാ പാട്ടുകളും ആരാധകർക്ക് ഇന്നും മനഃപാഠം ആണ്. അനിരുദ്ധ് ആണ് സംഗീത സംവിധായകൻ.
ചിത്രത്തിൽ ധനുഷ്, ശ്രുതി ഹാസൻ, ശിവകാർത്തികേയൻ എന്നിവരെ കൂടാതെ പ്രഭു, സുന്ദർ രാമു, ഭാനുപ്രിയ, ജീവ രവി, രോഹിണി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തിയിരുന്നു.