എയിംസ്, നികുതിവിഹിതം; ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകൾ | Budget 2024 Kerala Expectations AIIMS Tax Share Nirmala Sitharaman Malayalam news - Malayalam Tv9

Budget 2024 : എയിംസ്, നികുതിവിഹിതം; ബജറ്റിൽ കേരളത്തിൻ്റെ പ്രതീക്ഷകൾ

Published: 

23 Jul 2024 10:25 AM

Budget 2024 Kerala Expectations: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളം തികഞ്ഞ പ്രതീക്ഷയിലാണ്. എയിംസും നികുതിവിഹിതത്തിലെ വർധനയുമടക്കമുള്ള ആവശ്യങ്ങൾ ഇത്തവണയെങ്കിലും ബജറ്റിൽ പരിഗണിച്ചേക്കുമെന്നാണ് കേരളത്തിൻ്റെ പ്രതീക്ഷ.

1 / 5മൂന്നാം

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കുകയാണ്. ഇന്ന് പകൽ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾക്കൊപ്പം കേരളത്തെ ഇത്തവണ കാര്യമായി പരിഗണിക്കുമെന്നാണ് വിലയിരുത്തൽ. കേരളം ഏറെക്കാലമായി ഉന്നയിക്കുന്ന എയിംസ് അടക്കമുള്ള കാര്യങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2 / 5

പതിറ്റാണ്ടുകളായി കേരളം കാത്തിരിക്കുന്നതാണ് എയിംസ് അഥവാ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ആരോഗ്യമേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ നിരന്തരമായി തഴയുന്നതിൽ കാര്യമായ വിമർശനങ്ങളുയർന്നിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 10 വർഷം മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അത് നീണ്ടുപോയി. ഇത്തവണ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും ഉള്ളതിനാൽ ഇത്തവണ എയിംസ് ലഭിക്കും എന്നാണ് പ്രതീക്ഷ. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറക്കാനായതും നിർണായകമായേക്കും.

3 / 5

കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം ഉയർത്തണമെന്ന ആവശ്യം ഏറെക്കാലമായി സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. കേരളം കേന്ദ്രത്തിന് നൽകുന്ന വിഹിതത്തിൻ്റെ വെറും 1.925 ശതമാനം മാത്രമാണ് തിരികെലഭിക്കുന്നത്. ഇത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിർണായകമാണ്. നികുതിവിഹിതത്തിൽ കാര്യമായ മാറ്റം ഉണ്ടാവാനിടയില്ലെങ്കിലും കുറച്ചെങ്കിലും വ്യത്യാസമുണ്ടായേക്കും എന്നാണ് ഇത്തവണത്തെ പ്രതീക്ഷ.

4 / 5

വിഴിഞ്ഞം തുറമുഖത്ത് ചരിത്രം രചിച്ച് ആദ്യ കപ്പലെത്തിയത് ഈ മാസം 11നാണ്. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി ഉൾപ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള പരിഗണന ഉണ്ടാവുമെന്ന് തന്നെയാണ് കേരളത്തിൻ്റെ പ്രതീക്ഷ.

5 / 5

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കണമെന്ന ആവശ്യത്തിലും റബ്ബറിൻ്റെ താങ്ങുവില 250 ആക്കി ഉയർത്തണമെന്ന ആവശ്യത്തിലും കേരളം പ്രതീക്ഷ വെക്കുന്നുണ്ട്. കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്കുള്ള 5000 കോടിയുടെ ധനസഹായം ഉൾപ്പെടെ ഇത്തവണ ബജറ്റിൽ കേരളത്തെ കാര്യമായി പരിഗണിച്ചേക്കും എന്നാണ് പ്രതീക്ഷ.

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ