കൊറിയൻ സംഗീത ബാൻഡായ ബിടിഎസിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 2025-ഓടെ സംഗീത ലോകത്തേക്ക് ബിടിഎസ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതിനായി കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. (Image Credits: X)
ബിടിഎസിലെ ഏഴ് അംഗങ്ങളിൽ അഞ്ച് പേരും നിലവിൽ ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കുകയാണ്. 2025-ൽ എല്ലാ അംഗങ്ങളും മടങ്ങിയെത്തുമെങ്കിലും വേദിയിൽ അവർ ഒന്നിച്ചെത്താൻ 2026 ആകുമെന്നാണ് അവരുടെ ഏജൻസി അറിയിച്ചിരിക്കുന്നത്. (Image Credits: X)
ബിടിഎസിന്റെ ഏജൻസിയായ 'ഹൈബ്'(Hybe)ന്റെ സിഎഫ്ഒ ലീ ക്യുങ്-ജൂൻ ആണ് ബാൻഡിന്റെ ഭാവി പരിപാടികളെ കുറിച്ച് സൂചന നൽകിയത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഹൈബിന്റെ സെയിൽസിനെ സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിഎഫ്ഒ. ബിടിഎസിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, എന്നാൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും സിഎഫ്ഒ അറിയിച്ചു. ബിടിഎസിന്റെ മടങ്ങി വരവോടെ സെയിൽസിലും ഉയർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. (Image Credits: X)
സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ബിടിഎസിലെ മുതിർന്ന അംഗം ജിൻ പുതിയ ആൽബം ഉടൻ പുറത്തിറക്കും. നവംബർ 15-നാണ് ജിന്നിന്റെ 'ഹാപ്പി' പുറത്തിറങ്ങുന്നത്. ആൽബത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. (Image Credits: Jin Instagram)
കൂടാതെ, ബിടിഎസിലെ ജെ-ഹോപ്പും അടുത്തിടെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തി. മടങ്ങിയെത്തി ഏതാനും നാളുകൾക്കുള്ളിൽ തന്നെ, പുതിയ ആൽബത്തിന്റെ തയ്യാറെടുപ്പുകൾക്കായി താരം യുഎസിലേക്ക് പുറപ്പെട്ടു. (Image Credits: Jhope Instagram)