Saritha Palamuttathu: എല്ലാവരും ഉപയോഗിച്ചിട്ടല്ല, പെയ്മെൻ്റിന് വേണ്ടി മാത്രം പ്രൊമോഷൻ ചെയ്യുന്നവരാണ് മിക്കവരും
Youtuber Saritha Palamuttathu: എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ നിന്ന് കിട്ടിയ അറിവാണ് കൂടുതലും. കൺമഷിവരെ വീട്ടിലാണ് തയ്യാറാക്കി കൊണ്ടിരുന്നത്. പണ്ട് കാലത്ത് കാച്ചിയ എണ്ണ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളായിരുന്നു. അത് വളരെ നിർബന്ധമായിരുന്നു.
മൊട്ടു സൂചി മുതൽ ബെൻസ് കാർ വരെ പ്രമോഷനും, റേറ്റിങ്ങും ഇല്ലാതെ മാർക്കറ്റിൽ എത്തിക്കുക ഇന്നത്തെ കാലത്ത് പ്രയാസകരമാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്ളോഗർമാർ തന്നെ പ്രമോട്ട് ചെയ്യുന്ന നിരവധി ഉത്പന്നങ്ങളുണ്ട്. കോസ്മറ്റിക്സാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ബ്യൂട്ടി വ്‌ളോഗർമാർ, ലൈഫ് സ്റ്റൈൽ വ്ളോഗർമാർ എന്നിങ്ങനെ എല്ലാവരും നൽകുന്നുണ്ട് പ്രമോഷൻ. കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത നിരവധി പ്രോഡക്ടുകൾക്ക് ഇത്തരത്തിൽ ഒരു വെർച്വൽ മാർക്കറ്റും നമ്മളറിയാതെ രൂപപ്പെടുന്നു.
ഇത്തരത്തിൽ വ്ളോഗർമാർ പറയുന്നതെല്ലാം സത്യമാണോ? അവർ പ്രമോട്ട് ചെയ്യുന്ന ഉത്പന്നങ്ങളും മികച്ചതാണോ? ഇതിനെല്ലാമുള്ള ഉത്തരമാണ് സരിത പാലമുറ്റത്ത് എന്ന വനിതാ സംരംഭക. പ്രമോഷൻ കൊടുക്കാതെ തന്നെ ഒരു ബ്രാൻഡ് പടുത്തുയർത്തി ഇന്ന് 150ൽ പരം പ്രൊഡക്ടുകളുള്ള ഒരു സംരംഭമാക്കി അതിനെ മാറ്റിയ സരിത സംസാരിക്കുകയാണ് ടിവി9 മലയാളം സ്‌റ്റൈൽ ബാഗിലൂടെ.
ഭാഗ്യമെന്നുതന്നെ പറയാം.. ജീവിതത്തിൽ അതൊരു വഴിത്തിരിവായി
മൈക്രോബൈയോളജിയിലാണ് ഞാൻ ഗ്രാജ്യുവേഷനും പോസ്റ്റ് ഗ്രാജ്യുവേഷനും ചെയ്തിരുന്നത്. ജോലി നോക്കി തുടങ്ങിയെങ്കിലും ഒന്നും ശരിയാകാതെ വന്നൊരു സാഹചര്യത്തിലാണ് സമയംപോക്ക് എന്ന നിലയിൽ യൂട്യൂബ് തുടങ്ങുന്നത്. പഠന സമയത്ത് നാച്യുറോപതിയിലാണ് പ്രോജക്ട് എല്ലാം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ അതിൽ ഒരു താല്പര്യം ഉണ്ടായിരുന്നു. നാച്യുറൽ ആയിട്ടുള്ള ടിപ്സാണ് ഞാൻ കൂടുതലായും ഉപയോഗിക്കുമായിരുന്നത്. വീട്ടിൽ പണ്ടുമുതൽ ശീലിച്ച് വന്ന ഒരു രീതിയായിരുന്നു അത്. കുട്ടികളിലും ആ ശീലം തന്നെ വളർത്തിയെടുത്തു. പുറത്തുനിന്നുള്ള ഒരു കെമിക്കൽ പ്രൊഡക്ട്സും വീട്ടിൽ ആരുതന്നെ ഉപയോഗിക്കുമായിരുന്നില്ല. അത്തരം ചില ടിപ്സ് ആളുകളിലേക്ക് കൂടി ഷെയർ ചെയ്യണമെന്ന ആശയത്തിലൂടെയാണ് യൂട്യൂബ് ആരംഭിക്കുന്നത്. ഭാഗ്യമെന്നുതന്നെ പറയാം.. ജീവിതത്തിൽ അതൊരു വഴിത്തിരിവായി. പിന്നീട് ഞാൻ അതെൻ്റെ പ്രൊഫഷനാക്കി മാറ്റുകയായിരുന്നു.
എല്ലാവരും ഉപയോഗിച്ചിട്ടായിരിക്കണമെന്നില്ല പ്രെമോട്ട് ചെയ്യുന്നത്….
ഒരു യൂട്യൂബർ എന്ന നിലയിൽ ഞാൻ മുമ്പ് പ്രൊമോഷൻ ചെയ്തിട്ടുണ്ട്. ഒരുപാട് പണം നമുക്ക് അവർ പ്രൊമോഷന് വേണ്ടി വാഗ്ദാനം ചെയ്യാറുമുണ്ട്. ഒരു പ്രൊഡക്ട് വാങ്ങി അതിൻ്റെ ഗുണനിലവാരം മനസിലാക്കി മാത്രമെ ഞാൻ പ്രൊമോട്ട് ചെയ്യുകയുള്ളു. ഉപയോഗിച്ച് പറയാനുള്ള സാവകാശം പലരും കൊടുക്കാറില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു പ്രൊഡക്ടിൻ്റെ റിസൾട്ട് നമുക്ക് അറിയാൻ സാധിക്കില്ല. പെയ്മെൻ്റിന് വേണ്ടി മാത്രം പ്രൊമോഷൻ ചെയ്യുന്നവരാണ് മിക്കവരും. എന്നാൽ സത്യസന്ധമായി ഉപയോഗിച്ച ശേഷം അതിൻ്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നവരുമുണ്ട്. ഒരിക്കലും എല്ലാവരെയും നമുക്ക് അങ്ങനെ പറയാൻ പറ്റില്ല.
മുടി പാരമ്പര്യമായി ഇല്ലാത്തവർക്കും നന്നായി ഒന്ന് ശ്രദ്ധിച്ചാൽ വളർത്തിയെടുക്കാവുന്നതെയുള്ളൂ
പാരമ്പര്യം എന്നുപറയുമ്പോൾ അത് നമ്മുടെ എല്ലാ കാര്യങ്ങളിലും വ്യക്തമാണ്. മുടിയിൽ മാത്രമല്ല… എന്നാൽ ഇവയിലെല്ലാം മാറ്റം വരുത്താൻ നമുക്ക് കഴിയും. പാരമ്പര്യമായി മുടി ഇല്ലാത്തവർക്കും ഉറപ്പായിട്ടും നാച്യുറലായിട്ടുള്ള മാർഗങ്ങൾ ഉപയോഗിച്ച് മാറ്റം വരുത്താൻ കഴിയും. സ്റ്റിമുലേറ്റ് ചെയ്ത് തുടങ്ങിയാൽ തന്നെ അതിൽ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. പാരമ്പര്യവും നമ്മൾ കൊടുക്കുന്ന ശ്രദ്ധയും ഒരുപോലെയാണ്. രണ്ടിനും പ്രാധാന്യമുണ്ട്.
എൻ്റെ പ്രൊഡക്ടിൻ്റെ ഉപയോക്താക്കൾ യൂട്യൂബിൻ്റെ കാഴ്ചക്കാർ തന്നെയായിരുന്നു. ഒരു പ്രൊഡക്ട് വാങ്ങിയ ശേഷം അവരുടെ ഫീഡ്ബാക്ക് കൃത്യമായി നമ്മൾ എടുക്കാറുണ്ട്. അവരുടെ സജഷൻ കേട്ട ശേഷമാണ് പ്രൊഡക്ട് കൊടുക്കുന്നത് തന്നെ. കാരണം എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവരാണോ, അതല്ലെങ്കിൽ അസുഖങ്ങൾ ഉണ്ടോ എന്നുള്ളത് ഉറപ്പുവരുത്തുക, ഉപയോഗിച്ച് ഉണ്ടായ മാറ്റം എന്താണ്, അങ്ങനെ ഒരു കസ്റ്റമറിൻ്റെ പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷമാണ് പ്രൊഡക്ട് നൽകുന്നത്.
കാരണം ഉള്ളിൽ എന്തെങ്കിലും ഒരു അസുഖം ഉള്ളവർ പ്രൊഡക്ട് മാത്രം ഉപയോഗിച്ചതുകൊണ്ട് അവർ ഉദ്ദേശിച്ച മാറ്റം വരണമെന്നില്ല. അതിന് വേണ്ട കൃത്യമായ ചികിത്സ നൽകിയതിന് ശേഷം ഒരു സ്റ്റിമുലേറ്റർ എന്ന നിലയിൽ പ്രൊഡക്ട് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് തൈറോയിഡ് ഉള്ള വ്യക്തികൾക്ക് അതിൻ്റെ മരുന്ന് കഴിക്കുമ്പോൾ മുടി കൊഴിയുന്ന സാഹചര്യമുണ്ടാകാറുണ്ട്. അതിനെ പ്രൊഡക്ട് ഉപയോഗിച്ച് ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. ഒന്നും ചെയ്യാതിരിക്കുന്നതും ബോഡിയെ കെയർ ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്.
മകളിലാണ് ഞാൻ ആദ്യ പരീക്ഷണം നടത്തിയത്
ആദ്യം ഒരു പ്രൊഡക്ട് ആയിട്ടല്ല എണ്ണ തയ്യാറാക്കി തുടങ്ങിയത്. എൻ്റെ മകളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. അതിൽ നന്നായി ഒരു മാറ്റം കാണാൻ സാധിച്ചു. അങ്ങനെ മുടി വളരുന്നതിനുള്ള എണ്ണ എങ്ങനെ തയ്യാറാക്കാം എന്നുള്ള ഒരു വീഡിയോ ആണ് യൂട്യൂബിൽ ആദ്യം പങ്കിട്ടത്. അത് നല്ലരീതിയിൽ വൈറലായി. ഒരുപാട് ഫീട്ബാക്കും ലഭിച്ചു. ഫീട്ബാക്കിൽ എല്ലാം തന്നെ അവർ ഉപയോഗിച്ചിട്ട് മുടി കൊഴിച്ചിൽ കുറഞ്ഞ് പുതിയ മുടികൾ വളർന്നു എന്ന പോസിറ്റീവ് റെസ്പോൺസ് ആയിരുന്നു. കമൻ്റ് സെക്ഷനിൽ അധികം ആളുകളും എണ്ണ തയ്യാറാക്കാനുള്ള സാധനങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞിരുന്നു. അവർക്ക് അതൊരു പ്രൊഡക്ട് ആക്കി അയച്ചു തരുമോ എന്ന് ആവശ്യപ്പെട്ട് പലരും ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് ഹെയർ ഓയിൽ നിർമ്മാണം എന്ന ആശയം ഉള്ളിൽ വന്നത്.
പിന്നീട് രണ്ടാമത് മറ്റൊരണം കൂടി തയ്യാറാക്കി നോക്കി. അത് കൂടുതലും വരണ്ട തലയോട്ടിയുള്ളവർക്കും താരൻ്റെ ശല്യമുള്ളവർക്കും വേണ്ടിയായിരുന്നു. കെമിക്കൽ ട്രീറ്റ്മെൻ്റ് ചെയ്ത് മുടി മോശമായവർക്കും ബ്രഹ്മരയുടെ പ്രീമിയം ഓയിൽ ഉപയോഗിക്കാവുന്നതാണ്. ആട്ടിൻ പാലുപയോഗിച്ചുള്ള മറ്റൊരു ഓയിൽ കൂടിയുണ്ട് അത് കുട്ടികൾക്കടക്കം ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.
പെട്ടെന്ന് നിർത്തിയാൽ ചിലരിൽ മുടികൊഴിച്ചിൽ കൂടും
ചില ആളുകൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ പെട്ടെന്ന് നിർത്തുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പെട്ടെന്ന് നിർത്തുന്നതിന് പകരം എണ്ണ ഉപയോഗിക്കുന്നതിൻ്റെ അളവ് കുറച്ച് കൊണ്ടുവന്നുകൊണ്ട് നിർത്താവുന്നതാണ്. അത്തരത്തിൽ ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നിങ്ങൾക്ക് ആ എണ്ണയുടെ ഉപയോഗം നിർത്താവുന്നതാണ്. കാരണം നമ്മുടെ തലയോട്ടി ആ സാഹചര്യവുമായി പതിയെ പൊരുത്തപെട്ടുതുടങ്ങും. അങ്ങനെ എണ്ണ നിർത്തുന്നത് മുലമുള്ള മുടികൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കും.
കൺമഷിവരെ വീട്ടിൽ തയ്യാറിക്കിയ സമയമുണ്ടായിരുന്നു
എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ നിന്ന് കിട്ടിയ അറിവാണ് കൂടുതലും. പണ്ട് കാലത്ത് കാച്ചിയ എണ്ണ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളായിരുന്നു. അത് വളരെ നിർബന്ധമായിരുന്നു. അങ്ങനെയാണ് അവ തയ്യാറാക്കുന്ന രീതികളെക്കുറിച്ച് ഞാൻ പഠിച്ചത്. എല്ലാവരും ഒരുമിച്ചുള്ള കുടുംബം ആയതിനാൽ എണ്ണ എല്ലാവർക്കും വേണ്ടിയാണ് തയ്യാറാക്കികൊണ്ടിരുന്നത്. അത് ഒരു വർഷമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. എനിക്ക് ഈ എണ്ണ തയ്യാറാക്കുനുള്ള ഒരു ധൈര്യം കിട്ടിയതും അവിടെ നിന്നുതന്നെയാണ്.
അതുപോലെ തന്നെ കൺമഷിവരെ വീട്ടിലാണ് തയ്യാറിക്കി കൊണ്ടിരുന്നത്. പച്ച മരുന്നുകൾ ഉപയോഗിച്ചാണ് അവ തയ്യാറാക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ വീട്ടിൽ വളരെ സ്ട്രിക്ട് ആയിരുന്നു. കാരണം പുറത്തുനിന്ന് വാങ്ങി ഒന്നുംതന്നെ മുഖത്തോ മറ്റോ ഉപയോഗിക്കാൻ സമ്മതിക്കില്ലായിരുന്നു. പച്ചമഞ്ഞൾ പോലുള്ളവയാണ് ഞങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിൻ്റെ ഗുണം ഇപ്പോഴും അറിയാനുണ്ട്. അതെല്ലാം ഇപ്പോഴും ഞാൻ തുടരുന്ന കാര്യങ്ങളാണ്. പിന്നെ ഇപ്പോഴാണ് എൻ്റെ പ്രൊഡക്ടുകൾ ഞാൻ ഉപയോഗിക്കാൻ തുടങ്ങിയത്.
ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് സ്കിൻ
ഏറ്റവും നല്ല ഹൈഡ്രേറ്റിങ് ആയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. കൂടാതെ താളി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. പിന്നെ അതിൻ്റെ തണുപ്പ് പറ്റാത്തവർക്കും മറ്റൊരു മാർഗത്തിലൂടെ അത് ഉപയോഗിക്കാവുന്നതാണ്. ആദ്യം താളി തലയിൽ തെയ്ച്ച് മുടിയിൽ നിന്ന് അത് കഴുകി മാറ്റിയ ശേഷം ചൂടുവെള്ളത്തിൽ ഒരു തുണി മുക്കി അത് തലയിൽ കെട്ടിവയ്ക്കാം. അപ്പോൾ തണുപ്പും ചെറിയ ചൂടും കൂടിയാകുമ്പോൾ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല.
പിന്നെ ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികൾ വെളുക്കണം എന്നതിനല്ല പ്രാധാന്യം കൊടുക്കുന്നത്. അവരുടെ സ്കിൻ നന്നായി ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മറ്റ് ചർമ്മ പ്രശ്നങ്ങൾ ഒന്നും വരാതെ നോക്കുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പിന്നെ നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് സ്കിന്നും. കാരണം നമ്മുടെ ഇമ്മ്യൂണിറ്റിയിൽ ഏറ്റവും വലിയ അവയവമാണ് സ്കിൻ എന്ന് പറയുന്നത്.
ഷുഗർ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക
ചർമ്മത്തിന് വളരെ അപകടകാരിയായ ഒന്നാണ് ഷുഗർ എന്ന് പറയുന്നത്. ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുന്നതിൽ ഷുഗർ ഒരു പ്രധാന ഘടകമാണ്. നിറം വയ്ക്കുന്നില്ലാന്ന് പരാതിപ്പെടുന്നവർ ഒരു മാസം ഷുഗറിൻ്റെ ഉപയോഗം പൂർണമായും നിർത്തിയാൽ അതിൻ്റെ ഫലം കാണാൻ കഴിയും. അതിനാൽ കഴിവതും ഷുഗർ ഒഴിവാക്കുക. പിന്നെ ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്. സ്ഥിരമായി വെളിച്ചെണ്ണ പുരട്ടിയാൽ ചർമ്മത്തിന് നല്ലൊരു മാറ്റം ഉണ്ടാകും. പിന്നെ ഫ്രൂട്ട്, വെജിറ്റബിൾ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നതും ചർമ്മത്തിന് വളരെ നല്ലതാണ്.
കസ്റ്റമേഴ്സിന് എല്ലാത്തിനെയും കുറിച്ച് നല്ല ധാരണ ഉണ്ട്
ഇപ്പോഴത്തെ ആളുകൾ കൂടുതലും ഒരു പ്രൊഡക്ടിൻ്റെ ഫോർമുലേഷനും മറ്റ് കാര്യങ്ങളും അറിഞ്ഞ ശേഷമാണ് അവ വാങ്ങുന്നത്. കസ്റ്റമേഴ്സിന് എല്ലാത്തിനെയും കുറിച്ച് നല്ല ധാരണ ഉണ്ട്. പണ്ടത്തെ പോലെ എന്തും വാരിവലിച്ചിടുന്ന ഒരു രീതിയല്ല ഇപ്പോൾ. ഓരോന്നിൻ്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും അറിഞ്ഞുതന്നെയാണ് കസ്റ്റമേഴ്സ് ഒരു പ്രൊഡക്ട് വാങ്ങുന്നത്. സ്കിൻ ഏതെണെന്നും എന്ത് ഉപയോഗിച്ചാലാണ് അതിന് മാറ്റം വരുക എന്നും തിരിച്ചറിവുണ്ട്. ശരിക്കും അതിനെല്ലാം യൂട്യൂബ് ഇൻഫ്ലുവൻസേഴ്സ് ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അവരിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റിയിട്ടുണ്ട്. വെറുതെ ഒരു കണ്ടൻ്റിന് വേണ്ടി ചെയ്യുന്നതല്ല ഒന്നും. അവർ അതിനെ പറ്റി പഠിച്ചിട്ടാണ് നമ്മളിലേക്ക് എത്തിക്കുന്നത്.
എല്ലാത്തിനും പണം കൊടുത്ത് പ്രൊമോഷൻ നൽക്കാൻ സാധിക്കില്ല
ബ്രഹ്മരയുടെ ഒരു പ്രൊഡക്ടിനും ഒരു സമൂഹമാധ്യമം വഴിയും ഞങ്ങൾ പ്രൊമോഷൻ നൽകിയിട്ടില്ല. പൊള്ളാച്ചിയിലാണ് ഞങ്ങളുടെ സ്ഥാപനം. ഏകദേശം 150ൽ പരം പൊഡക്ടുകൾ അവിടെ തയ്യാറാക്കുന്നുണ്ട്. എല്ലാത്തിനും നമുക്ക് പണം കൊടുത്ത് പ്രൊമോഷൻ നൽക്കാൻ സാധിക്കില്ല. ഞാനൊരു യൂട്യൂബർ ആണെങ്കിൽ കൂടിയും എനിക്ക് എൻ്റെ പ്രൊഡക്ടിന് പ്രൊമോഷൻ നൽക്കുന്നതിന് ഒരു പരിധിയുണ്ട്. കൂടുതലും ഡോക്ടർമാരാണ് ബ്രഹ്മരയുടെ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ മറ്റുള്ളവർക്ക് അവരാണ് ഇതിനെ പരിചയപ്പെടുത്തികൊടുക്കുന്നതും.
ഉപയോഗിച്ച ശേഷം പ്രൊമോഷൻ ചെയ്യാം എന്നുള്ളവർക്ക് മാത്രമാണ് ഞാൻ എൻ്റെ പ്രൊഡക്ട് നൽകാറുള്ളൂ. എൻ്റെ പ്രൊഡക്ട് വാങ്ങിയ ഉപയോക്താക്കൾ തന്നെയാണ് പ്രമോട്ടേഴ്സും. കാരണം ഉപയോഗിച്ച ഒരു വ്യക്തി മറ്റൊരാളോട് പറയുന്നതാണ് ആ പ്രൊഡക്ടിന് കിട്ടാവുന്ന ഏറ്റവും നല്ല പ്രൊമോഷൻ.
പ്രൊഡക്ട് മാറ്റി കൊടുക്കേണ്ടതായി വന്നിട്ടുണ്ട്
എല്ലാത്തിനും എക്സ്ട്രാറ്റുകൾ ലഭ്യമാണ്. എന്നാൽ അതിൽ പൂർണവിശ്വാസം നൽകാൻ കഴിയില്ല. കുറച്ച് സമയമെടുക്കുമെങ്കിലും ഈ എക്സ്ട്രാറ്റുകൾ നമുക്ക് തയ്യാറാക്കാവുന്നതെയുള്ളൂ. നമ്മൾ എക്സ്ട്രാറ്റ് ചെയ്യുമ്പോൾ അതിന് കാലാവതി വളരെ കുറവായിരിക്കും. മറ്റൊരു കാര്യം എന്താന്ന് പറഞ്ഞാൽ ഓർഗാനിക്ക് പ്രൊഡക്ട് ആയതുകൊണ്ട് ഇവയുടെ നിറത്തിലും മണത്തിലും വ്യത്യാസം വന്നിരിക്കാം. എക്സ്ട്രാറ്റ് ചെയ്യുമ്പോൾ ഉണ്ടാവുന്ന അവസ്ഥയായിരിക്കണമെന്നില്ല അതൊരു കസ്റ്റമറിൻ്റെ കൈവശം എത്തുമ്പോൾ. ചില സാഹചര്യങ്ങളിൽ പ്രൊഡക്ട് മാറ്റി കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അത് മനസിലാക്കുന്ന ചില ഉപഭോക്താക്കളുമുണ്ട്.
സാധാരണയായി ഒരു പ്രൊഡക്ടിന് ഒരു വർഷമാണ് കാലാവധി നൽകാറുള്ളത്. ഓരോന്നിനും ഓരോ കാലാവധിയായിരിക്കും. ഷാംമ്പൂ പോലുള്ളവയ്ക്ക് ഒരു വർഷത്തിൽ കൂടുതൽ കാലാവതി നമുക്ക് ലഭിക്കുന്നതാണ്.
എല്ലാ പ്രൊഡക്ടിനും ആവശ്യമായ സാധനങ്ങൾ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടാണ്
എല്ലാം നമുക്ക് കൃഷി ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. കറ്റാർവാഴയൊക്ക് കൃഷി ചെയ്ത് ആണ് ഉപയോഗിക്കുന്നത്. മറ്റുള്ളവയെല്ലാം പുറത്തുനിന്ന് വാങ്ങി തന്നെയാണ് ഉപയോഗിക്കുന്നത്. ഫാമുകളിൽ നേരിട്ട് ചെന്നാണ് ഇവ വാങ്ങുന്നത്. ഗുണമേന്മയ്ക്കാണ് ഞാൻ പ്രാധാന്യം നൽകാറുള്ളത്. അതിനാൽ തന്നെ എൻ്റെ പ്രൊഡക്ടിന് റേറ്റ് അല്പം കൂടുതലാണ്. കാരണം അത്രയും ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങിയാണ് പ്രൊഡക്ട് തയ്യാറാക്കുന്നത്.
എല്ലാ പ്രൊഡക്ടിനും ആവശ്യമായ സാധനങ്ങൾ നമ്മൾ തന്നെ കൃഷി ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടുണ്ട്. എന്നാലും ഭാവിയിൽ അതിനുള്ള ഒരു സാധ്യതയും ചിന്തിക്കുന്നുണ്ട്. നിലവിൽ അങ്ങനൊരു ബിസിനസിന് പ്ലാൻ ഇല്ല എന്നുതന്നെ പറയാം.
അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ സജീവമായി തുടങ്ങിയത്
2019ലാണ് യൂട്യൂബ് തുടങ്ങുന്നത്. എന്നാൽ ബ്രഹ്മര എന്ന പ്രൊഡക്ടിൻ്റെ ബിസിനസ്സ് ആരംഭിക്കുന്നത് കോവിഡ് സമയത്താണ്. തുടക്കത്തിൽ യൂട്യൂബിൽ മാത്രമാണ് വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. പിന്നീട് അത് ഫേയ്സ്ബുക്കിലേക്ക് ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ സജീവമായത് അടുത്തിടെയാണ്. കാരണം അതിൻ്റെ കൂടുതൽ കാര്യങ്ങളിൽ എനിക്ക് അറിവുണ്ടായിരുന്നില്ല. ഭർത്താവിനോടാണ് യൂട്യൂബ് തുടങ്ങണമെന്ന ആഗ്രഹം പങ്കുവച്ചത്. ടെക്നിക്കൽ വശങ്ങളെക്കുറിച്ച് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. കുറച്ച് കാര്യങ്ങൾ അറിയാം അത് മറ്റുള്ളവരിലേക്ക് എത്തികണമെന്നത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് വേണ്ട മറ്റ് സഹായങ്ങളെല്ലാം ഇപ്പോഴും ചെയ്തു തരുന്നത് ഭർത്താവാണ്. ഈ കാര്യത്തിൽ എൻ്റെ ഫാമിലി ഫുൾ സപ്പോർട്ട് ആണ്.