World Suicide Prevention Day 2024 : മാറ്റി നിർത്താതെ, അവരെ കേൾക്കൂ, കൂടെ ഇരിക്കൂ; നമ്മുക്ക് ഒരുമിച്ച് ആത്മഹത്യയെ തടയാം
How To Prevent Suicide : റിപ്പോർട്ടുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ 1.64 ലക്ഷത്തോളം ആത്മഹത്യ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതായത് ഒരു ദിവസം 12.5 പേർ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ്. ഇത് ആഗോള ശരാശരിയിലും കൂടുതലാണ്.
‘ഞാൻ പറയുന്നത് കേൾക്കാൻ ആരുമില്ല, മുന്നോട്ട് ഇനി ഒരു വഴിയുമില്ല, അവസാന പിടിവള്ളിയും നഷ്ടമായി’ എന്നിങ്ങിനെ പല കാരണങ്ങൾ ഉണ്ടാകും ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് (Suicide) നയിക്കാൻ. രാജ്യത്ത് 2023ൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ആത്മഹത്യ നിരക്ക് 1.64 ലക്ഷമാണ്. അതായത് ലക്ഷത്തിൽ 12.5 പേർ അത്മഹത്യ ചെയ്യുന്നുയെന്ന്. ആഗോളതലത്തിൽ ഈ കണക്ക് ലക്ഷത്തിൽ ഒമ്പത് എന്നാണ്. ആഗോളതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കണക്ക് ഉയർത്തുന്ന വലിയ ഭീതിയാണ്. രാജ്യത്തെ ആത്മഹത്യ കണക്കിൽ ബഹുഭൂരിപക്ഷം പേരും പുരുഷന്മാരാണ്. 68 ശതമാനമാണ് പുരുഷന്‍മാരിലെ ആത്മഹത്യനിരക്ക്, സ്ത്രീകളുടേത് 32 ശതമാനമാണ്.
ഇതിലും വലിയ ആശങ്ക സൃഷ്ടിക്കുന്നത് കൗമാരക്കാരിലും യുവാക്കളിലുമിടയിൽ ഉയർന്ന് വരുന്ന ആത്മഹത്യ പ്രവണതയാണ്. കഴിഞ്ഞ മാസം പുറത്ത് വിട്ട ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ജനസംഖ്യ നിരക്കിനെ മറികടക്കുന്നതാണ് രാജ്യത്തെ വിദ്യാർഥികൾക്കിടെയിലുള്ള ആത്മഹത്യനിരക്ക്. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി രാജ്യത്തെ വിദ്യാർഥികളിലുള്ള ആത്മഹത്യ നിരക്കിൽ നാല് ശതമാനത്തിൻ്റെ വളർച്ചായാണ് ഉണ്ടായിട്ടുള്ളത്. ആ കണക്കിൽ ഏറ്റവും കൂടുതലുള്ളത് ആൺകുട്ടികളിലാണ്. എന്തുകൊണ്ട് യുവാക്കളിൽ ഇത്രയധികം ആത്മഹത്യ പ്രവണത വളർന്നു വരുന്നു? നേരിടുന്ന പ്രതിസന്ധികളെ തോൽപ്പിക്കാനുള്ള ആകെയുള്ള വഴിയാണോ ആത്മഹത്യ? എങ്ങനെ ആത്മഹത്യയും അതിലൂടെ സൃഷ്ടിക്കുന്ന വിപത്തുകളെയും ഒഴിവാക്കാം, എന്നിങ്ങിനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ടിവി9 മലയാളത്തിലൂടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അശ്വതി പ്രസാദ്.
‘വ്യക്തിപരമായ പ്രശ്നങ്ങൾ, പഠനപരമായ പ്രശ്നങ്ങൾ, തൊഴിൽ സംബന്ധമായ സമ്മർദ്ദങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, ഒറ്റപ്പെടൽ, ഡിപ്രെഷൻ പോലെയുള്ള മാനസിക സമ്മർദ്ദങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലെയുള്ള പ്രശ്നങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങൾ ഉണ്ടാകും ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാൻ. അവർ നേരിടുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ പ്രശ്നം എന്താണ് കണ്ടെത്തുക, കൃത്യസമയത്ത് ലഭിക്കുന്ന സഹായം എന്നീ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നാൽ നമ്മുക്ക് പലരെയും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നത് വാസ്തവമാണ്’
ALSO READ : World Suicide Prevention Day 2024: ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ത്? തടയാന്‍ എന്തുചെയ്യാം?
എങ്ങനെ ഒരാളെ ആത്മഹത്യയിൽ നിന്നും തടയാം?
ആദ്യം കേൾക്കൂ
ആത്മഹത്യ പ്രവണതയുള്ള ഒരാളെ അതിൽ നിന്നും തടയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അവരെ കേൾക്കുക എന്ന് തന്നെയാണ്. ഈ വ്യക്തികൾ എന്താണ് പറയുന്നത് ആ കാര്യങ്ങൾ ക്ഷമയോടും സമാധാനത്തോടും കേട്ട് അത് ഉൾകൊള്ളുകയും വേണം. അവരുടെ ബുദ്ധിമുട്ടോ പ്രശ്നങ്ങളോ കേട്ട് പരിഹാരം നൽകുക അല്ല അപ്പോൾ വേണ്ടത്, ആദ്യം അവർ പറയുന്നത് മുഴുവനും കേട്ട് നമ്മൾ അവർക്കൊപ്പമുണ്ടെന്ന് അവരുടെ തന്നെ മനസ്സിൽ തോന്നൽ ഉണ്ടാക്കണം.
സുരക്ഷ ഉറപ്പ് വരുത്തൂ
ഇത്തരത്തിൽ ആത്മഹത്യ പ്രവണതയുള്ളവർക്ക് എപ്പോഴും നമ്മളെ കൊണ്ട് സാധിക്കുന്ന വിധം സുരക്ഷ ഉറപ്പ് വരുത്താൻ ശ്രമിക്കുക. ഏത് നിമിഷം വേണമെങ്കിലും അവരുടെ മനസ്സ് വ്യതിചലിച്ച് സ്വയം അപകടങ്ങളിലേക്ക് നയിച്ചേക്കാം.
വിദഗ്ധരെ കാണൂ
ആത്മഹത്യ പ്രവണതയുള്ളർ നിങ്ങൾക്കൊപ്പമുണ്ട് എന്ന് തോന്നുകയാണെങ്കിൽ അവരെ ഉടൻ തന്നെ ഒരു മനശാസ്ത്ര വിദഗ്ധരുടെ അടുക്കൽ എത്തിച്ച് സഹായം തേടണം. ഈ സഹായം തിരഞ്ഞെടുക്കാൻ അവരെ കൊണ്ട് തന്നെ സമ്മതിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യണം. ഒരു സൈക്യാട്രിസ്റ്റിൻ്റെയോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻ്റെയോ അല്ലെങ്കിൽ കൗൺസിലിങ് സൈക്കോളജിസ്റ്റിൻ്റെയോ അങ്ങനെ ആരുടെയും അടുത്തെത്തി സഹയാം തേടാം. ഓർക്കേണ്ട കാര്യം നിങ്ങൾ സമീപിക്കുന്നയാൾ അംഗീകാരമുള്ള ഒരു മനശാസ്ത്ര വിദഗ്ധരാണ് എന്ന് ഉറപ്പ് വരുത്തണം. ഈ ചികിത്സ സമയത്ത് നിങ്ങളുടെ സാന്നിധ്യവും ആവിശ്യം വന്നേക്കാം. അപ്പോഴെല്ലാം അവരെ കേൾക്കുക, ആ വിദഗ്ധർ പറയുന്ന നിർദേശങ്ങൾ നിങ്ങളും ശ്രദ്ധിക്കുക.
നമ്മളെയും ബാധിച്ചേക്കാം
നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ സ്വാഭാവികമായി നിങ്ങൾക്കും മാനസിക പിരിമുറുക്കമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം. അതുകൊണ്ട് നിങ്ങളും ആ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കണം. നിങ്ങൾക്കും ആ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ മേൽ പറഞ്ഞ വിദഗ്ധരോട് സഹായം തേടാവുന്നതാണ്. ഇങ്ങനെ ഒരു ബുദ്ധിമുട്ട് നിങ്ങൾ നേരിടുകയാണെങ്കിൽ അത് ആരോടെങ്കിലും തുറന്ന് പറയാൻ കൂടി തയ്യാറാകണം.
മാറ്റങ്ങൾ വേണ്ടത്
ഇത്തരം പ്രവണതയുള്ളവരെ കുറ്റപ്പെടുത്താതെ അവർക്കൊപ്പം നിൽക്കാനാണ് ശ്രമിക്കേണ്ടത്. സ്കളൂകളിലും കോളജുകളിലും ആത്മഹത്യയ്ക്കെതിരെ ഒരു അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഈ വിഷയത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ കുട്ടികളുമായി സംസാരിക്കുകയും ചർച്ച ചെയ്യുകയും പ്രത്യേക ക്യമ്പയിൻ നടത്തുകയും ചെയ്യമ്പോൾ അവരിലേക്ക് കൂടുതൽ അവബോധം സൃഷ്ടിക്കാനാകും. എല്ലാവരും കഴിയുന്നതും ഒരാളെ കേൾക്കാനും അവർക്കൊപ്പം ഇരിക്കാനും അവരോട് സ്നേഹത്തോടും അനുകമ്പയോടും സംസാരിക്കാനും ശ്രമിക്കുക. അങ്ങനെ ആത്മഹത്യ എന്ന വലിയ വിപത്തിനെ മാറ്റി നിർത്താൻ സാധിക്കും.
(ആത്മഹത്യ തടയുന്നതിനായി രാജ്യത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദേശീയ ആത്മഹത്യാ നിരോധന ലൈഫ് ലൈന്‍ 1-800-273-8255 നമ്പരിൽ പ്രവര്‍ത്തിക്കുന്നുണ്ട്)