World Aids Day 2024: ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാൻ ഒരുമയോടെ കേരളം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
World Aids Day 2024 December 1: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030-ഓടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. വളരെ നേരത്തെ തന്നെ ആ ലക്ഷ്യം കൈവരിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ഐവി ബാധയില്ലാതാക്കാന്‍ ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ‘ഒന്നായി പൂജ്യത്തിലേക്ക്’. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030-ഓടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. വളരെ നേരത്തെ തന്നെ ആ ലക്ഷ്യം കൈവരിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
2025-ഓടെ 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എച്ച്ഐവി ബാധിതരായവരില്‍ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി. രോഗാവസ്ഥ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ 95 കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനവും എആർടി ചികിത്സയ്ക്ക് വിധേയരാക്കുക എന്നതാണ് രണ്ടാമത്തെ 95 കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമിടുന്നത് ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ്. 2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തേയും മൂന്നാമത്തെയും ലക്ഷ്യം കൈവരിക്കുകയും, ആദ്യത്തേത് 76 ശതമാനം വരെ കൈവരിക്കുകയും ചെയ്തു.
എച്ച്‌ഐവി അണുബാധിതനായ ഒരാളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍, എച്ച്‌ഐവി അണുബാധിതനായ ഒരാളുടെ രക്തം സ്വീകരിക്കുമ്പോള്‍, അണുവിമുക്തമാക്കാത്ത സിറിഞ്ച് ഉപയോഗിക്കുമ്പോള്‍, ഗര്‍ഭകാലത്തും പ്രസവസമയത്തും മലയൂട്ടുന്ന സമയത്തും അണുബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെയാണ് എച്ച്‌ഐവി പകരുന്നത്.
സാധാരണ സമ്പര്‍ക്കത്തിലൂടെ എച്ച്‌ഐവി പകരുമെന്നത് തെറ്റിദ്ധാരണയാണ്. എച്ച്‌ഐവി അണുബാധിതരുടെ പരിചരണത്തിനായും സാമൂഹ്യ പിന്തുണയ്ക്കായും കെയര്‍ & സപ്പോര്‍ട്ട് കേന്ദ്രങ്ങളുണ്ട്.
എച്ച്‌ഐവി അണുബാധ പിടിപ്പെടാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കായി 64 സുരക്ഷാ പ്രോജക്ടുകളാണുള്ളത്. എച്ച്‌ഐവി ആന്റിറിട്രോവിറല്‍ ചികിത്സയ്ക്കായി 15 ഉഷസ് കേന്ദ്രങ്ങളുമുണ്ട്.
സൗജന്യ എച്ച്‌ഐവി പരിശോധനയ്ക്കും കൗണ്‍സിലിംഗിനുമായി 88 ജ്യോതിസ് (ഐസിടിസി) കേന്ദ്രങ്ങളാണുള്ളത്. എച്ച്‌ഐവി ലൈംഗികരോഗ ചികിത്സയ്ക്കായി 23 പുലരി (എസ്ടിഐ) കേന്ദ്രങ്ങള്‍ സജ്ജമാണ്. എച്ച്‌ഐവി എന്നാല്‍ ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസാണ്. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള അവസാന ഘട്ടമാണ് എയ്ഡ്‌സ് അഥവാ അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രം. എച്ച്‌ഐവിയെയും ലൈംഗിക രോഗങ്ങളെയും കുറിച്ചുള്ള സംശയങ്ങള്‍ അകറ്റാന്‍ 1097-ലേക്ക് വിളിക്കാം.
എച്ച്‌ഐവി പ്രതിരോധത്തിന് അംഗീകൃത രക്തബാങ്കില്‍ നിന്ന് മാത്രം രക്തം സ്വീകരിക്കാം. എല്ലാ ഗര്‍ഭിണികളും ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ തന്നെ എച്ച്‌ഐവി പരിശോധിക്കണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഒഴിവാക്കണം. മയക്കുമരുന്നുകളുടെ ഉപയോഗവും ഒഴിവാക്കണം.
എച്ച്‌ഐവി അണുബാധിതര്‍ക്കുള്ള സൗജന്യ ചികിത്സയും അനുബന്ധ പരിശോധനകളും ഉഷസി(എച്ച്‌ഐവി ചികിത്സാ കേന്ദ്രം)ല്‍ ലഭ്യമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്ന അണുബാധിതരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. സൗജന്യ എച്ച്‌ഐവി പരിശോധനയ്ക്കും, അണുബാധിതര്‍ക്കുള്ള കൗണ്‍സലിങ്ങിനുമായി ജ്യോതിസ് കേന്ദ്രങ്ങളെ സമീപിക്കാം.
അകറ്റി നിര്‍ത്തരുത്
എച്ച്‌ഐവി എയ്ഡ്‌സ് ബാധിതരുടെ നിയമപരവും മനുഷ്യാവകാശപരവുമായ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് എച്ച്‌ഐവി, എയ്ഡ്‌സ് (പ്രതിരോധം & നിയന്ത്രണം) നിയമം 2017. എച്ച്‌ഐവി/എയ്ഡ്‌സ് എന്നിവയുടെ വ്യാപനം തടയുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതിനൊപ്പം, എയ്ഡ്‌സ് ആരോഗ്യസംരക്ഷണ ദാതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു.
എച്ച്‌ഐവി/എയ്ഡ്‌സ് സംരക്ഷിത വ്യക്തിക്ക് തൊഴില്‍ നല്‍കുന്നത് നിഷേധിക്കാനോ അല്ലെങ്കില്‍ തൊഴിലില്‍ നിന്ന് പിരിച്ചുവിടാനോ പാടില്ല. കടകള്‍, പൊതു റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വിനോദ സ്ഥലങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ എച്ച്‌ഐവി എയ്ഡ്‌സ് സംരക്ഷിത വ്യക്തിയോട് വിവേചനം കാണിക്കാനും പാടില്ല.