5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024: ‘തൊട്ടാൽ എയ്‌ഡ്‌സ്‌ പകരുമോ! ചികിൽസിച്ചാൽ മാറുമോ?’; നിങ്ങളുടെ സംശയങ്ങൾ മാറ്റാം

Treatment And Prevention Of AIDS: എല്ലാ വർഷവും പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും എയ്‌ഡ്‌സുമായി ബന്ധപ്പെട്ട പഴഞ്ചൻ കാഴ്ചപ്പാടുകൾ ഇപ്പോഴും സമൂഹത്തിലെ ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട്. ഈ സംശയങ്ങൾ എയ്‌ഡ്‌സ്‌ രോഗികളോടുള്ള മനോഭാവത്തിലും പ്രതിഫലിക്കുന്നു.

World AIDS Day 2024: ‘തൊട്ടാൽ എയ്‌ഡ്‌സ്‌ പകരുമോ! ചികിൽസിച്ചാൽ മാറുമോ?’; നിങ്ങളുടെ സംശയങ്ങൾ മാറ്റാം
Represental Image (Credits: Freepik)
neethu-vijayan
Neethu Vijayan | Updated On: 29 Nov 2024 07:58 AM

എല്ലാ വർഷവും ഡിസംബർ ഒന്നിന് ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിച്ചുവരുന്നു. എയ്‌ഡ്‌സ്‌ രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടുന്നതിനായാണ് 1988 മുതൽ ഡിസംബർ ഒന്നിന് ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയ്‌ഡ്‌സ്‌ ദിനം ആചരിച്ചുവരുന്നത്. എല്ലാ വർഷവും പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും എയ്‌ഡ്‌സുമായി ബന്ധപ്പെട്ട പഴഞ്ചൻ കാഴ്ചപ്പാടുകൾ ഇപ്പോഴും സമൂഹത്തിലെ ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട്. ഈ സംശയങ്ങൾ എയ്‌ഡ്‌സ്‌ രോഗികളോടുള്ള മനോഭാവത്തിലും പ്രതിഫലിക്കുന്നു. അത്തരക്കാരുടെ കാഴ്ചപ്പാടുകൾ മാറ്റി എയ്‌ഡ്‌സ് സംബന്ധിച്ച കൃത്യമായ ഒരു ധാരണയുണ്ടാക്കേണ്ടത് വളരെ പ്രധാനമാണ്.

എന്താണ് എച്ച്ഐവി- എയ്‌ഡ്‌സ്‌?

ആദ്യം രോഗം എന്താണെന്ന് കൃത്യമാി അറിയുകയാണ് വേണ്ടത്. എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ) ബാധിച്ചതിന്റെ ഫലമായി ഒരു വ്യക്തിയുടെ രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന അവസ്ഥയിൽ ടിബി പോലുള്ള അണുബാധകൾ ശരീരത്തിലുണ്ടാകാൻ സാധ്യത കൂടുതലാണ്. അവസാനം ഈ അവസ്ഥ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

എന്തെല്ലാമാണ് ലക്ഷണങ്ങൾ?

എച്ച്ഐവി ബാധിതരിൽ പലർക്കും പല തരത്തിലാണ് ലക്ഷണങ്ങൾ ഉണ്ടാകാറുള്ളത്. അക്യൂട്ട് രോഗാണുബാധ (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം), രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി, എയ്‌ഡ്‌സ്‌ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്. ചിലരിൽ രോഗാണുബാധയുണ്ടായി 2–4 ആഴ്ച്ചകൾ കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊണ്ടയിൽ കോശജ്വലനം, തൊലി ചുവന്നുതടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങളാണ്. ഇവയിൽ പലതും എച്ച്ഐവി ആയി തിരിച്ചറിയില്ല എന്നതാണ് മറ്റൊരു വെല്ലുവിളി.

അക്യൂട്ട് എന്ന ആദ്യ ഘട്ടം കഴിഞ്ഞാൽ ലക്ഷണങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ക്രോണിക് എച്ച്ഐവി എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഇത് മൂന്ന് വർഷം മുതൽ ഇരുപത് വർഷം വരെ നിലനിന്നേക്കാം. എയ്ഡ്‌സ് രോഗബാധ സ്ഥിരീകരിക്കുന്ന ഘട്ടം സിഡി4 ടി കോശങ്ങളുടെ എണ്ണം +200-ൽ താഴുന്ന അവസ്ഥയാണ്.

ALSO READ: എച്ച്ഐവി ബാധിതർ ഗർഭിണി ആയാൽ കുഞ്ഞുങ്ങളെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

രോഗം പകരുന്നത് എങ്ങനെ

എയ്ഡ്‌സ് ബാധയുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക, കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക, രോഗബാധയുള്ളവരുടെ രക്തം സ്വീകരിക്കുക തുടങ്ങിയവയാണ് എച്ച്ഐവി ബാധ പകരാനുള്ള പ്രധാന കാരണങ്ങൾ. എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരുന്നതും മറ്റൊരു കാരണമാണ്. തൊട്ടാലോ രോഗിയുമായി ഒരു മുറിയിൽ തങ്ങിയാലോ എയ്ഡ്‌സ് പകരുമെന്ന ധാരണ വളരെ തെറ്റായ ചിന്താ​ഗതിയാണ്.

എയിഡ്സ് പ്രതിരോധവും പരിഹാരവും

രോഗം ബാധിച്ചുകഴിഞ്ഞാൽ പിന്നെ മരണമാണ് അവസാന വാക്ക്. ചികിത്സ ലഭ്യമല്ല… എന്നിങ്ങനെ നിരവധി ധാരണകളാണ് എയ്ഡ്സിനെ ചുറ്റിപ്പറ്റി സമൂഹത്തിൽ നിലനിൽക്കുന്നത്. എന്നാൽ, കൃത്യമായ സമയത്ത് വേണ്ട ചികിത്സ ലഭിച്ചാൽ ഒരു മനുഷ്യന്റെ സാധാരണ ആയുർദൈർഘ്യം തന്നെ എയ്ഡ്‌സ് രോഗികൾക്കും ലഭിക്കുന്നതാണ്. എച്ച്ഐവി പിടിപെടാൻ സാധ്യതയുണ്ടെന്ന് സംശയം തോന്നിയാൽ തന്നെ ഉടൻ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. എച്ച്ഐവി പിടിപെടാൻ സാധ്യതയുള്ള ആളുകൾ എച്ച്ഐവി പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയ്ക്കായി സമഗ്രവും കാര്യക്ഷമവുമായ സേവനങ്ങൾ ഉടനടി തേടണം. അണുബാധ തിരിച്ചറിയാൻ സ്വയം പരിശോധനകളും ലളിതവും ചെലവ് കുറഞ്ഞതുമായ ദ്രുത ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങളും ഉപയോഗപ്പെടുത്താം.

എന്നാൽ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കുക. രോഗാണുവാഹകരുമായി ലൈംഗികവേഴ്ച ഒഴിവാക്കുക, ഗർഭനിരോധന ഉറ അഥവാ കോണ്ടം നിർബന്ധമായും ഉപയോഗിക്കുക, രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക. അവരിൽ ഉപയോ​ഗിച്ച സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാതിരിക്കുക, പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്, എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രോഗാണുവാഹകരുമായി രോഗപ്പകർച്ച ഉണ്ടാകുന്ന ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക, പ്രതിരോധ മരുന്നുകൾ സ്വീകരിക്കുക തുടങ്ങിയവയാണ് ഇവയ്ക്കുള്ള ഏക പരിഹാരം.