5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024: തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ട് പോകാം; അകറ്റേണ്ടത് എയ്‌ഡ്‌സ്‌ രോഗികളെയല്ല; രോഗത്തെയാണ്

World AIDS Day 2024: മിക്ക ആളുകളും ഇന്നും ഈ രോ​ഗത്തെ ഭയക്കുകയാണ്. ഇത് മാത്രമല്ല ഇത്തരം രോ​ഗികളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും ആളുകൾ ശ്രമിക്കുന്നു. ഇതിനു കാരണം ഇപ്പോഴും നിലനിൽക്കുന്ന ചില അബദ്ധധാരണകളാണ്.

World AIDS Day 2024: തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ട് പോകാം; അകറ്റേണ്ടത് എയ്‌ഡ്‌സ്‌ രോഗികളെയല്ല; രോഗത്തെയാണ്
എച്ച് ഐ വി (Image Credits: Laura Calin / 500px/Getty Images)
sarika-kp
Sarika KP | Published: 28 Nov 2024 17:13 PM

എല്ലാ വർഷവും ഡിസംബർ ഒന്നിന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡസ് എന്ന മഹാമാരിയെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. എന്നാലും കാലം ഇത്ര കടന്നുപോയിട്ടും ഇന്നും മിക്കവരുടെ ഉള്ളിലും എയ്‌ഡ്‌സ്‌ അഥവാ എച്ച്ഐവി, കേട്ടാൽ തന്നെ മുഖത്ത് അറപ്പുളവാക്കാകുന്നത് കാണാം. മിക്ക ആളുകളും ഇന്നും ഈ രോ​ഗത്തെ ഭയക്കുകയാണ്. ഇത് മാത്രമല്ല ഇത്തരം രോ​ഗികളെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും ആളുകൾ ശ്രമിക്കുന്നു. ഇതിനു കാരണം ഇപ്പോഴും നിലനിൽക്കുന്ന ചില അബദ്ധധാരണകളാണ്.  ശാസ്ത്രം വളരെയധികം വികസിച്ചുകഴിഞ്ഞു, എങ്കിലും ചില കാര്യങ്ങൾ വിശ്വസിക്കാൻ നമ്മൾ മനഃപൂർവം മെനക്കെടാറില്ല. അങ്ങനെയൊന്നാണ് എയ്ഡ്‌സ് രോഗവും രോഗികളും. എന്നാൽ നമ്മൾ മനസ്സിലാകേണ്ട ഒരു കാര്യമുണ്ട് അകറ്റേണ്ടത് എയ്‌ഡ്‌സ്‌ രോഗികളെയല്ല, രോഗത്തെയാണ് എന്നത്.

ഇത്തരം ചില അബദ്ധധാരണകൾ മാറ്റാനും കൃത്യമായ ബോധവത്കരണം നല്‍കുന്നതിനുമായാണ് എല്ലാ വർഷവും എയ്ഡ്സ് ദിനം ആചരിക്കുന്നത്. എയ്‌ഡ്‌സ്‌ രോഗവുമായി ജീവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്‌മകള്‍ക്കും സംഘടനകള്‍ക്കും വ്യക്തിഗത ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനും എയ്‌ഡ്‌സ്‌ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാനും കഴിയുമെന്ന്‌ യുഎന്‍ എയ്‌ഡ്‌സ്‌ പറയുന്നു. ഇവർക്ക് നേതൃത്വ പദവികളും ആവശ്യമായ ധനസഹായവും നിയമപരമായ പിന്തുണയും ഉറപ്പാക്കണമെന്നും യുഎന്‍ എയ്‌ഡ്‌സ്‌ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ഇതിനുണ്ടാക്കുന്ന തടസം ചെറുതല്ല. ഇതിനു ആദ്യം എന്താണ് എയ്ഡ്സ് എന്നതിനെ പറ്റിയുള്ള ബോധം നമ്മുക്ക് ഇടയിൽ ഉണ്ടാകണം.

Also Read-World AIDS Day 2024: എയ്ഡ്‌സ് ബാധിതനാണോ നിങ്ങള്‍? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, കരുതലോടെയിരിക്കാം

എന്താണ് എയ്‌ഡ്‌സ്‌?

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ (എച്ച്‌ഐവി) പരത്തുന്ന രോഗമാണ് എയ്‌ഡ്‌സ്‌. രോഗം ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യും. 2023 കണക്ക് അനുസരിച്ച് ലോകത്ത്‌ 3.9 കോടി പേര്‍ എയ്‌ഡ്‌ രോഗബാധയുമായി ജീവിക്കുന്നതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ 2.8 കോടി പേര്‍ ആഫ്രിക്കയുടെ കിഴക്ക്‌, തെക്ക്‌ പ്രദേശങ്ങളില്‍ ഉള്ളവരും 65 ലക്ഷം പേര്‍ ഏഷ്യ, പസഫിക്‌ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്. പല കാരണങ്ങൾ കൊണ്ടും എയ്ഡ്‌സ് പകരും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയുടെ ശരീരത്തില്‍ കുത്തിയ സിറിഞ്ച് ഉപയോഗിച്ച് മറ്റൊരാളില്‍ കുത്തിവെപ്പ് നടത്തുമ്പോള്‍, രോഗം ബാധിച്ചയാളുടെ രക്തം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍, എച്ച് ഐ വി ബാധിതയായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്ക്, തുടങ്ങി നിരവധി വഴികളിലൂടെയാണ് എയ്ഡ്‌സ് പകരുന്നത്.

അബദ്ധധാരണകൾ

ചികിത്സയില്ലാത്ത രോഗം എന്നാണ് എയ്ഡ്‌സ് പൊതുവെ അറിയപ്പെടുന്നത്. രോഗം ബാധിച്ചുകഴിഞ്ഞാൽ ഉടൻ മരണമെന്ന ചിന്ത സമൂഹത്തിലാകെ പിടിമുറുക്കി കഴിഞ്ഞു. എന്നാൽ, തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാന്‍ സാധിച്ചാല്‍ അസുഖം ബാധിച്ചവര്‍ക്ക് ആയുർദൈർഘ്യം നീട്ടിക്കിട്ടുന്നതാണ്. മുൻപ് നിരവധി ഗുളികകളാണ് എയ്ഡ്‌സ് രോഗി കഴിക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ന് ദിവസത്തിൽ ഒന്ന് എന്ന കണക്കിലേക്ക് അത് ചുരുങ്ങിയിരിക്കുന്നു. പാർശ്വഫലങ്ങളും വളരെയധികം കുറഞ്ഞിട്ടുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ അസുഖം പൂര്‍ണമായും നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കുകയും ചെയ്യും.