കൊച്ചി : കോവിഡ് വന്നതിനു ശേഷമാണ് കേരളത്തിലുള്ളർ വർക്ക് ഫ്രം ഹോമിനെപ്പറ്റി കേട്ടു തുടങ്ങിയത്. ആ ശീലത്തിൽ നിന്ന് മാറി ഇപ്പോൾ ഓഫീസിൽ പോകാനും തുടങ്ങിയിട്ടുണ്ട് പലരും. പക്ഷെ മിക്ക സ്ഥാപനങ്ങളും അത് തുടരുക തന്നെയാണ്. കമ്പനിക്കും വ്യക്തിയ്ക്കും ലാഭമുണ്ടെന്നു കണ്ടാണ് ഈ നടപടി.
വർക്ക് ഫ്രം ഹോം എന്ന ആശയത്തെപ്പറ്റി മുരളി തുമ്മാരക്കുടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് വീണ്ടും ഈ വിഷയം ഉയർന്നു വന്നത്. വർക്ക് ഫ്രം ഹോമിന്റെ ഗുണങ്ങളെപ്പറ്റി തുമ്മാരക്കുടി തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പറയുന്നു. കേരളത്തിൽ വർക്ക് ഫ്രം ഹോമിന് അനന്ത സാധ്യതയാണ് ഉള്ളതെന്ന് തുമ്മാരക്കുടി പോസ്റ്റിൽ പറയുന്നു. കേരളം, പ്രത്യേകിച്ചും കൊച്ചി അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏറ്റവും സൗകര്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്.
വളരെ നല്ല ഇന്റർനെറ്റ് കണക്ഷൻ, കൊച്ചിയിൽ നിന്നും ദിവസേന ദുബായിലേക്കും സിംഗപ്പൂരിലേക്കും വിമാനം, അവിടെ നിന്നും ലോകത്തെവിടേക്കും വ്യാപകമായ എയർ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് എല്ലാമുണ്ട്. 24 മണിക്കൂറിനുള്ളിൽ ലോകത്തെ മിക്കവാറും സ്ഥലങ്ങളിൽ നമുക്ക് കൊച്ചിയിൽ നിന്നും എത്താൻ സാധിക്കും.
കൂടുതൽ വിദൂരമായ സ്ഥലങ്ങളിൽ (പസിഫിക് ദ്വീപുകളോ ദക്ഷിണ അമേരിക്കയിലോ) ജനീവയിൽ നിന്നും പോകുന്നതിനേക്കാൾ നല്ല കണക്ടിവിറ്റിയും ഉണ്ടെന്ന് അദ്ദഹം പറയുന്നു. ഒരു വർഷം കൊച്ചിയിൽ നിന്നും ജോലി ചെയ്തിട്ടും കാര്യക്ഷമതയുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്ർത്തു. കൂടുതൽ ആളുകൾക്ക്, കൂടുതൽ സമയം, ഫ്ലെക്സിബിൾ ആയി തൊഴിൽ ചെയ്യാം.
രാജ്യത്തിൻറെ അതിർത്തികളും വിസ പരിധികളും നോക്കാതെ പണിയെടുക്കാം, തൊഴിലും വ്യക്തിജീവിതവും തമ്മിൽ കൂടുതൽ ബാലൻസ് ഉണ്ടാക്കാം തുടങ്ങി എത്രയോ സാധ്യതകളാണ് വർക്ക് ഫ്രം ഹോമിൽ ഉള്ളത് എന്നും പോസ്റ്റില്ർ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ
കോവിഡിനും മുൻപ് വർക്ക് ഫ്രം ഹോം ഒക്കെ നമ്മുടെ പദാവലിയുടെ ഭാഗം ആകുന്നതിനും മുൻപ് ഞാൻ കേരളത്തിൽ നിന്നും ഒരു വർഷം ജോലിയെടുത്തിട്ടുണ്ട്. അന്നത് എല്ലാവർക്കും അത്ഭുതം ആയിരുന്നു. യു.എന്നിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു വർക്ക് ഫ്രം ഹോം അനുവദിച്ചത്. എൻറെ വ്യക്തിപരമായ സാഹചര്യങ്ങളാൽ അനുമതി നൽകിയെങ്കിലും യു.എന്നിന് അകത്തും പുറത്തും ഇത് ഫലപ്രദമാകുമോ എന്ന സംശയവും ഉണ്ടായിരുന്നു.
നല്ല ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ജനീവയിൽ ഇരുന്നു ചെയ്യേണ്ട ജോലികൾ ലോകത്തെവിടെ ഇരുന്നും ചെയ്യാമെന്ന് എനിക്ക് മനസ്സിലായി. കേരളം, പ്രത്യേകിച്ചും കൊച്ചി അന്താരാഷ്ട്ര തലത്തിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏറ്റവും സൗകര്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. വളരെ നല്ല ഇന്റർനെറ്റ് കണക്ഷൻ, കൊച്ചിയിൽ നിന്നും ദിവസേന ദുബായിലേക്കും സിംഗപ്പൂരിലേക്കും വിമാനം, അവിടെ നിന്നും ലോകത്തെവിടേക്കും വ്യാപകമായ എയർ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് എല്ലാമുണ്ട്.
24 മണിക്കൂറിനുള്ളിൽ ലോകത്തെ മിക്കവാറും സ്ഥലങ്ങളിൽ നമുക്ക് കൊച്ചിയിൽ നിന്നും എത്താൻ സാധിക്കും. കൂടുതൽ വിദൂരമായ സ്ഥലങ്ങളിൽ (പസിഫിക് ദ്വീപുകളോ ദക്ഷിണ അമേരിക്കയിലോ) ജനീവയിൽ നിന്നും പോകുന്നതിനേക്കാൾ നല്ല കണക്ടിവിറ്റിയും ഉണ്ട്.
ഇതൊക്കെ കൊണ്ട് ഒരു വർഷം കൊച്ചിയിൽ നിന്നും ജോലി ചെയ്തിട്ടും കാര്യക്ഷമതയുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായില്ല. യു.എന്നിലെ രീതി അനുസരിച്ച് താമസിക്കുന്ന നഗരത്തിനനുസരിച്ചാണ് ശന്പളം.
അതുകൊണ്ട് ശന്പളമിനത്തിൽ തന്നെ സ്ഥാപനത്തിന് പതിനായിരക്കണക്കിന് ഡോളർ ലാഭമുണ്ടായി. കൊച്ചിയിൽ നിന്നുള്ള വിമാന ചാർജ്ജുകൾ കുറവായതിനാൽ അങ്ങനെയും ലാഭം.
2019 ൽ, കോവിഡിന് മുൻപ് തന്നെ, യു.എന്നിൽ വർക്ക് ഫ്രം ഹോം പോളിസി ഉണ്ടാക്കി. ആഴ്ചയിൽ മൂന്നു ദിവസം വേണമെങ്കിൽ വീട്ടിൽ നിന്നു ജോലി ചെയ്യാമെന്നും വർഷത്തിൽ ആറുമാസം വരെ ജോലി സ്ഥലത്തു നിന്നും മാറി എവിടെനിന്നും ജോലി ചെയ്യാമെന്നും വകുപ്പുകൾ വന്നു.
എൻറെ അനുഭവങ്ങൾ ഈ നയ രൂപീകരണത്തെ നന്നായി സഹായിച്ചിരുന്നു. എന്നിട്ടും കോവിഡ് വരുന്നത് വരെ യു.എന്നിൽ അധികം വർക്ക് ഫ്രം ഹോം കേസുകൾ ഉണ്ടായില്ല.
കോവിഡ് യു.എന്നിൽ മാത്രമല്ല ലോകത്തെവിടെയും വർക്ക് ഫ്രം ഹോം സാധാരണമാക്കി. എന്നാൽ കോവിഡ് കഴിഞ്ഞതോടെ തിരിച്ച് ഓഫീസിലേക്ക് പോകുന്ന കാഴ്ചയാണ് ലോകത്തെവിടെയും കണ്ടത്.
വാസ്തവത്തിൽ വർക്ക് ഫ്രം ഹോം വലിയൊരു സാധ്യതയാണ്. കൂടുതൽ ആളുകൾക്ക്, കൂടുതൽ സമയം, ഫ്ലെക്സിബിൾ ആയി തൊഴിൽ ചെയ്യാം. രാജ്യത്തിൻറെ അതിർത്തികളും വിസ പരിധികളും നോക്കാതെ പണിയെടുക്കാം, തൊഴിലും വ്യക്തിജീവിതവും തമ്മിൽ കൂടുതൽ ബാലൻസ് ഉണ്ടാക്കാം തുടങ്ങി എത്രയോ സാധ്യതകളാണ് വർക്ക് ഫ്രം ഹോമിൽ ഉള്ളത്.
ഈ മാസം മുതൽ സെപ്റ്റംബർ വരെ മാസത്തിൽ പത്തു ദിവസം കേരളത്തിൽ നിന്നും ജോലിയെടുക്കാം എന്ന് തീരുമാനിച്ചത് അങ്ങനെയാണ്. റിട്ടയർ ആയി കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി നാട്ടിലെ ആളുകളുമായി വീണ്ടും റീകണക്ട് ചെയ്യുക, നാട്ടിലെ രീതികളുമായി പൊരുത്തപ്പെടുക എന്നീ ലക്ഷ്യങ്ങൾ കൂടി ഇതിനുണ്ട്.
മുഴുവൻ സമയം ഒറ്റക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് അല്പം ബോറൻ പരിപാടിയാണ്. വൈകീട്ട് നടക്കാൻ പോവുക, രഞ്ജന്റെ ചായക്കടയിൽ പോയി കടുപ്പത്തിൽ ഒരു ചായയും പരിപ്പുവടയും കഴിക്കുക എന്നിങ്ങനെ ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്യുക ആയിരുന്നു.
അപ്പോഴാണ് സുഹൃത്ത് ലക്ഷ്മി മേനോന്ർ അവർ വീടിനടുത്ത് പുതിയതായി നിർമ്മിച്ച The Place എന്ന ഓഫീസിൽ നിന്നും ഒരു ദിവസം ജോലി ചെയ്യാനായി ക്ഷണിച്ചത്. ബാംഗളൂരിലെ സ്ഥാപനത്തിന് വേണ്ടി എറണാകുളത്ത് നിന്നും ജോലി ചെയ്യുന്ന സുധീറും വരാമെന്ന് പറഞ്ഞതോടെ ഒരു ദിവസം അവിടെ കോ വർക്കിങ്ങ് ചെയ്യാമെന്ന് തീരുമാനിച്ചു.
അരയങ്കാവ് എന്ന ഗ്രാമത്തിലാണ് The Place. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ്. മുറ്റത്ത് തന്നെ നിറയെ മാങ്ങ പഴുത്തു കിടക്കുന്ന നാട്ടുമാവ്, ചുറ്റും ഹരിതാഭയും പച്ചപ്പും. അതിനൊക്കെ നടുവിൽ വളരെ നല്ല ഇന്റർനെറ്റ് സ്പീഡ്. മീറ്റിംഗുകൾ എടുക്കണമെങ്കിൽ റൂമിൽ ഉള്ള മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പുറത്തിരുന്നു ചെയ്യാം. ഉച്ചക്ക് നാടൻ ഭക്ഷണം.
വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞപ്പോൾ നാട്ടുകാരുമായി സൗഹൃദ സംഭാഷണം.
എത്ര പ്രൊഡക്ടീവ് ആയ ദിവസം, എത്ര സന്തോഷം നിറഞ്ഞ ദിവസം. Best of both worlds !
ഇരുപത് ലക്ഷം മലയാളികളാണ് കേരളത്തിന് പുറത്തുള്ളത്. അതിൽ പത്തു ശതമാനം ആളുകൾക്കെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാനുള്ള സാധ്യതയുണ്ട്. ഒരു വർഷത്തിൽ രണ്ടു മാസമെങ്കിലും ഈ സാധ്യത ഉപയോഗപ്പെടുത്തുന്നത് നമ്മുടെ മാനസിക ആരോഗ്യത്തിനും സംസ്ഥാനത്തിന്റെ സാന്പത്തിക ആരോഗ്യത്തിനും നല്ലതാണ്.
റിമോട്ട് വർക്കിന് വേണ്ടി യു.എ.ഇ.യിൽ ഒരു വകുപ്പും മന്ത്രിയും ഉള്ള കാര്യം ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ റിമോട്ട് വർക്ക് വിസ തന്നെ നൽകുന്നുണ്ട്. ഇന്ത്യയിലും ഇത് വരും. അപ്പോഴേക്കും റിമോട്ട് വർക്കിനും, കോ വർക്കിനുമുള്ള സംവിധാനങ്ങൾ നമ്മുടെ ഓരോ ഗ്രാമത്തിലും നഗരത്തിലും എത്തണം.