Winter Skin Care: തണുപ്പുകാലമല്ലേ… ചർമ്മ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Winter Skin Care Routines: തണുപ്പ് കാലത്ത് ചർമ്മത്തിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ബാലൻസ് ചെയ്യുന്നതിന് ധാരാളം വെള്ളം കുടിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിന് ഇത് വളരെ അനിവാര്യമാണ്. ചർമ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
തണുപ്പുകാലമാണ് വരാൻ പോകുന്നത്. അതിനാൽ തന്നെ ചർമ്മ സംരക്ഷണത്തിന് കൂടുതൽ സമയം മാറ്റിവയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ഏത് സീസണിലായാലും ചർമ്മത്തെ തിളക്കത്തോടെയും ആരോഗ്യത്തോടെയും വയ്‌ക്കേണ്ടത് നിർബന്ധമാണ്. ചർമ്മത്തിനുണ്ടാകുന്ന വരൾച്ചയാണ് ശൈത്യകാലത്ത് ചർമ്മം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട്. വരണ്ട ചർമ്മത്തെ പരിചരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ലളിത മാർഗങ്ങളുണ്ട്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ ശൈത്യകാലത്ത് സംരക്ഷിക്കാമെന്ന് നോക്കാം.
മോയ്ചറൈസ് ചെയ്യുക
തണുപ്പ് കാലത്ത് ചർമ്മത്തിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ബാലൻസ് ചെയ്യുന്നതിന് ധാരാളം വെള്ളം കുടിക്കുക. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിന് ഇത് വളരെ അനിവാര്യമാണ്. ചർമ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ചർമ്മത്തിലെ ജലാംശം ഇല്ലാതാക്കുന്നത് തടയാൻ മോയ്ചറൈസിന് സാധിക്കും. കുളി കഴിഞ്ഞ് ഉടൻ തന്നെ മോയ്ചറൈസർ ശരീരത്തിലും മുഖത്തുമിടണം. മോയ്ചറൈസർ ദിവസവും ഉപയോഗിക്കുന്നതിലൂടെ വാർദ്ധക്യ സഹജമായ ചർമ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ കഴിയും. മുഖക്കരുവും ചർമ്മത്തിലെ പാടുകളും കളയാനും ഇത് വളരെ നല്ലതാണ്.
എണ്ണകൾ ഉപയോഗിക്കാം
വെളിച്ചെണ്ണ, മിനറൽ ഓയിൽ, അർഗൻ ഓയിൽ, വിറ്റാമിൻ ഇ, സീഡ് ഓയിൽ എന്നീ പ്രകൃതിദത്ത എണ്ണകളും ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും. ഇവയിൽ എല്ലാം ധാരാളം വൈറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എന്നാൽ എണ്ണ മാത്രം പുരട്ടുന്നത് ചർമ്മത്തിന് ഈർപ്പം നൽകില്ല, കാരണം ഇവ ഈർപ്പം നിലനിർത്താനാണ് സഹായിക്കുന്നത്. ഈ എണ്ണകൾ ശരീരത്തിൽ മാത്രം ഉപയോഗിക്കുക. മുഖത്ത് ഉപയോഗിക്കുന്നത് ചിലർ ചർമ്മ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കും.
മണമുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക
ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ മിക്കതും സുഗന്ധമുള്ളതും സിന്തറ്റിക്കും പെട്രോളിയം അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. വാസ്തവത്തിൽ ഇത് ലോലമായ ചർമ്മത്തിൽ പ്രതികൂലമായി ബാധിക്കും. ചില സമയങ്ങളിൽ ഇത്തരത്തിൽ പ്രശ്‌നമുണ്ടാകുന്നതിന് കാരണം ഉത്പ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന സുഗന്ധങ്ങളാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
സൺസ്‌ക്രീൻ ദിവസവും പുരട്ടുക
സൺസ്‌ക്രീൻ ദിവസവും ഉപയോഗിക്കാൻ മറക്കരുത്. എസ്പിഎഫ് അടങ്ങിയിരിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ശൈത്യകാലത്തും സൺസ്‌ക്രീൻ ആവശ്യമാണ്. എസ്പി കുറഞ്ഞത് 30 എങ്കിലുമുള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ നിങ്ങൾ ശ്രമിക്കുക. സൂര്യനിൽ നിന്ന് മാത്രമല്ല കെരാറ്റിൻ, കൊളാജൻ, എലാസ്റ്റിൻ തുടങ്ങി ചർമ്മത്തിലെ പ്രോട്ടീനുകളെയും സൺസ്‌ക്രീൻ സംരക്ഷിക്കുന്നു.
ചർമ്മ സംരക്ഷണ ദിനചര്യ
കൃത്യമായ ചർമ്മസംരക്ഷണ ദിനചര്യകൾ പിന്തുടരുന്നതും അതുപോലെ പരിസ്ഥിതിയിലെ മാറ്റത്തിന് അനുയോജ്യമായ ഉല്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതും വളരെ പ്രധാനമാണ്. പ്രകൃതിദത്തമായ എണ്ണകൾ പുരട്ടുന്നത് ചർമ്മത്തിന്റെ മിനുസം നിലനിർത്താൻ നല്ലതാണ്. സോപ്പുകൾ ഉപയോഗിക്കുന്നതിന് പകരം ഗ്ലിസറിൻ, ഷിയ ബട്ടർ, വെളിച്ചെണ്ണ പോലുളള പോഷക ഘടകങ്ങൾ അടങ്ങിയ മോയ്‌സ്ചറൈസിങ് ബോഡിവാഷ് ഉപയോഗിക്കുക. മതിയായ ഉറക്കവും വ്യായാമവും അനിവാര്യമാണ്. ചെറു ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കണം.
ചുണ്ടുകൾക്കുണ്ടാകുന്ന വരൾച്ച തണുപ്പ് കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. അതുകൊണ്ട് നല്ല ഒരു ലിപ്ബാം കയ്യിൽ കരുതുക. ചർമ്മത്തെ ഡ്രൈ ആക്കാത്ത രീതിയിലുള്ള മൃദുവായതും ജലാംശം നിലനിർത്തുന്നതുമായ ക്ലൻസറുകൾ ഉപയോഗിക്കുക. ഗ്ലിസറിൻ, തേൻ, ചമോമൈൽ തുടങ്ങിയ ചേരുവകൾ അടങ്ങിയ ക്ലൻസറുകളാണ് ഇതിന് അനുയോജ്യം.