Packaged Milk: പാക്കറ്റ് പാല്‍ തിളപ്പിച്ച് കുടിക്കുന്നുവരാണോ നിങ്ങൾ? എന്നാൽ അതിന്റെ ആവശ്യമില്ല
മറ്റ് പാലിനെ പോലെ പാക്കറ്റ് പാലും ചൂടാക്കി കുടിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ പാക്കറ്റ് പാല്‍ ഇങ്ങനെ തിളപ്പിക്കേണ്ട ആവശ്യം ഉണ്ടോ?
പാലിന്റെ ഗുണം ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ നമ്മുക്ക് ലഭിക്കുന്നുണ്ട്. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിനും പല്ലിനും ഉറപ്പേകുന്നു. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. ഇത് കൂടാതെ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ് പാല്‍ . ചുരുക്കി പറഞ്ഞാൽ ഊര്‍ജത്തിന്‍റെ കലവറയാണ് പാല്‍. എന്നാൽ പണ്ട് കാലത്തെ പോലെയല്ല ഇപ്പോൾ വീട്ടിൽ കറന്ന് എടുക്കുന്ന പാൽ എല്ലായിടത്തും കിട്ടാനില്ല. ഇതുകൊണ്ട് തന്നെ പല വീടുകളിലും പാക്കറ്റ് പാലാണ് ഉപയോഗിച്ച് വരുന്നത്. മറ്റ് പാലിനെ പോലെ തന്നെ പാക്കറ്റ് പാലും ചൂടാക്കി കുടിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ പാക്കറ്റ് പാല്‍ ഇങ്ങനെ തിളപ്പിക്കേണ്ട ആവശ്യം ഉണ്ടോ? അതിന്റെ ആവശ്യമില്ലെന്നതാണ് സത്യാവസ്ഥ.
പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ട ആവശ്യം ഉണ്ടോ?
അതായത് പാക്കറ്റ് പാലാണ് നാം ഉപയോഗിക്കുന്നതെങ്കിൽ ഇത് ചൂടാക്കി ഉപയോഗിക്കേണ്ട. കാരണം പാക്കറ്റ് പാൽ പാസ്ച്വുറൈസേഷന് വിധേയമാകുന്നു. അതായത് ഇത്തരം പാലുകള്‍ ഒരു നിശ്ചിത താപനിലയില്‍ ചൂടാക്കി അണുവിമുക്തമാക്കിയതിന് ശേഷമാണ് വിപണിയിൽ എത്തുന്നത്. ഇതുകൊണ്ട് തന്നെ അത് വീണ്ടും ചൂടാക്കി ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല. ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ.കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രക്രിയയ്ക്ക് വിധേയമാകുന്നത്.
പാലിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ മാത്രമല്ല പാൽ നിശ്ചിത ദിവസം വരെ കേട്കൂടാതിരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. തിളപ്പിക്കാതെ നേരിട്ട് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നും ഇത് പാലിന്റെ രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കുന്നില്ലെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
പാക്കറ്റ് പാല്‍ തിളപ്പിക്കുമ്പോൾ എന്ത് സംഭവിക്കും
എന്നാൽ ഇത്തരത്തിലുള്ള പാൽ 100 ഡിഗ്രി സെൽഷ്യസിനു മുകളിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ സംഭവിക്കുന്നത് വലിയ മാറ്റങ്ങളാണ്. വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയാനും പാലിന്റെ രുചിയും ഘടനയും മാറുന്നതിനും കാരണമാകുന്നു. എന്നാൽ പാക്കറ്റ് പാൽ ശരിയായ താപനിലയിൽ അല്ല സംഭരിക്കുന്നതെങ്കിൽ പാൽ തിളപ്പിക്കുന്നത് നല്ലതാകും.
അമിതമായി പാല്‍ കുടിക്കുന്നത് നല്ലതല്ല
പാലിനു ഒരുപാട് ഗുണമുണ്ടെങ്കിലും അമിതമായി പാൽ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പഠനം. ഇത് ദഹന പ്രശ്‌നങ്ങള്‍ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ ചുമയും ജലദോഷവും അലർജിയുള്ളവരാണെങ്കിൽ വെറും വയറ്റിൽ പാൽ കുടിക്കരുത്.