Dialysis Cases In Kerala : സംസ്ഥാനത്ത് ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം, ഈ കണക്കുകള്‍ ഞെട്ടിക്കുന്നത് ! കാരണമെന്ത് ?
Why Dialysis Cases Rising In Kerala : ഡയാലിസിസ് സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ചില കുടുംബങ്ങളില്‍ ഏക വരുമാന മാര്‍ഗമായ ഗൃഹനാഥനടക്കം ഡയാലിസിസിന് വിധേയനാകുന്നുണ്ട്. വരുമാനം നിലയ്ക്കുന്നതും, ചികിത്സാ ചെലവ് വര്‍ധിക്കുന്നതും ഇത്തരം കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡയാലിസിസ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 341 ശതമാനം വര്‍ധിച്ചുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 2020ൽ ഡയാലിസിസ് രോഗികളുടെ എണ്ണം 43,740 ആയിരുന്നത് 2023ൽ 1,93,281 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
2021ല്‍ രോഗികളുടെ എണ്ണം 91,759 ആയും, 2022ല്‍ ഇത് 1,30,633 ആയും വര്‍ധിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ അടക്കം ഡയാലിസിസ് സെന്ററുകള്‍ വരാന്‍ ഇടയാക്കി. നിലവില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള 105 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളുണ്ടെന്ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം ഏകദേശം 200-ഓളം സ്വകാര്യ ഡയാലിസിസ് സെൻ്ററുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവകാരുണ്യ സംഘടനകളുടെ പിന്തുണയോടെ ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 107 ഡയാലിസിസ് സെൻ്ററുകളും 1,271 ഫങ്ഷണൽ ഡയാലിസിസ് മെഷീനുകളുമുമുണ്ടെന്ന് പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാമിൻ്റെ (പിഎംഎൻഡിപി) ഒക്ടോബർ 31 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
READ ALSO : കേരളത്തില്‍ വൃക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്ത്?
ഡയാലിസിസ് സാധാരണ കുടുംബങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ചില കുടുംബങ്ങളില്‍ ഏക വരുമാന മാര്‍ഗമായ ഗൃഹനാഥനടക്കം ഡയാലിസിസിന് വിധേയനാകുന്നുണ്ട്. വരുമാനം നിലയ്ക്കുന്നതും, ചികിത്സാ ചെലവ് വര്‍ധിക്കുന്നതും ഇത്തരം കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു.
സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളില്‍ വന്‍ തുക നല്‍കേണ്ടി വരുന്നത് സാധാരണക്കാരന് തിരിച്ചടിയാണ്. സര്‍ക്കാര്‍ ഡയാലിസിസ് കേന്ദ്രങ്ങളാണ് പലരുടെയും ആശ്രയം.
കാരണമെന്ത് ?
സംസ്ഥാനത്ത് പ്രമേഹ കേസുകള്‍ വര്‍ധിക്കുന്നതാണ്, ഡയാലിസിസ് വര്‍ധനവിന് പിന്നാലെ പ്രധാന ഘടകമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് പ്രമേഹ വ്യാപനം 23.6 ശതമാനമാണെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരിയുടെ (11.4 ശതമാനം) ഇരട്ടി വര്‍ധനവാണ് ഇതെന്നത് ഞെട്ടിക്കുന്നത വസ്തുതയാണ്.
മിക്ക രോഗികളിലും പ്രമേഹമാണ് വൃക്ക തകരാറിലേക്ക് നയിക്കുന്നത്. ചിലരില്‍ ഹൈപ്പര്‍ടെന്‍ഷനും ഇത് കാരണമാകുന്നു. ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നത് ഡയാലിസിസ് കേസുകളുടെ എണ്ണവും വര്‍ധിപ്പിക്കും.
30 വയസിന് മുകളിലുള്ളവരുടെ (1.77 കോടി ആളുകള്‍) ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ ജൂണില്‍ ആരോഗ്യ വകുപ്പ് ഒരു സര്‍വേ തുടങ്ങിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത ഏതാണ് 32 ലക്ഷം പേരില്‍ പകുതിയോളം പേര്‍ക്കും ജീവിതശൈലി രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളുണ്ടെന്ന് കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. 4.30 ലക്ഷം പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷനും, 2.86 ലക്ഷം പേര്‍ക്ക് പ്രമേഹവും, 1.69 ലക്ഷം പേര്‍ക്ക് പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്ന് സര്‍വേ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവിതശൈലി രോഗങ്ങള്‍ വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതാണ് അതില്‍ പ്രധാനം. വ്യായാമം മുടക്കരുത്. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ഉപേക്ഷിക്കണം. മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കണം. ആവശ്യത്തിന് ഉറക്കം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം. കൃത്യമായ ജീവിത ശൈലി തുടരണം. ചില പാരമ്പര്യ ഘടകങ്ങളും ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകും.
രോഗം പിടിപെട്ടാല്‍
ഏത് രോഗവും തുടക്കത്തിലെ കണ്ടെത്തിയാല്‍ നിയന്ത്രണവിധേയമാക്കാം. ചെറിയ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. സ്വയം ചികിത്സയ്ക്ക് മുതിരരുത്. ആരോഗ്യ വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശം കൃത്യമായി പിന്തുടരണം.