Dates For Blood Sugar Control: പ്രമേഹ രോഗികൾക്ക് എല്ലാ തരം ഈന്തപ്പഴങ്ങളും ഗുണകരമാണോ? ഇക്കാര്യങ്ങൾ അറിയാം…
Dates For Blood Sugar Control: ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമാണ് ഈന്തപ്പഴം. ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് പ്രമേഹരോഗികൾക്ക് ഈന്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

DATES
എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ഭക്ഷണ പദാർത്ഥമാണ് ഈന്തപ്പഴം. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമായി ഇവയെ കണക്കാക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. സ്വാഭാവികമായും പഞ്ചസാര കൂടുതലാണെങ്കിലും, അവയിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രമേഹരോഗികൾക്ക് ഇവ ഗുണകരമാണോ എന്നതാണ് ചോദ്യം.
ഈന്തപ്പഴത്തിന് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ കഴിയുമോ?
മധുരമുണ്ടെങ്കിലും, ഈന്തപ്പഴത്തിന് കുറഞ്ഞതോ മിതമായതോ ആയ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതുകൊണ്ട് തന്നെ മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിനെ മന്ദഗതിയിലാക്കുന്നു. പോളിഫെനോളുകൾ വീക്കം കുറയ്ക്കാനും ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ALSO READ: കറിക്ക് അരയ്ക്കാൻ മാത്രമല്ല…! ദിവസവും തേങ്ങ കഴിച്ചാലുള്ള ഗുണങ്ങൾ നിങ്ങൾക്കറിയാമോ?
അതേസമയം, സാധാരണയുള്ളതിനേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ചില ഇനം ഈന്തപ്പഴങ്ങളുമുണ്ട്. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ്. അതിനാൽ തന്നെ പ്രമേഹരോഗികൾക്ക് ഇത്തരം ഈന്തപ്പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനുള്ള സഹായിക്കുന്ന വ്യത്യസ്ത തരം ഈന്തപ്പഴങ്ങളെ പരിചയപ്പെടാം.
അജ്‌വ ഈത്തപ്പഴം: ചെറുതും, ഇരുണ്ട നിറത്തിലുള്ളതും, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവുമായ ഈത്തപ്പഴമാണിത്. കൂടാതെ കൊഴുപ്പ് കുറഞ്ഞതും, കൊളസ്ട്രോൾ ഇല്ലാത്തതും, പ്രോട്ടീനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഇവ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
കിമിയ ഈത്തപ്പഴം: വ്യാപകമായി ലഭ്യമാകുന്ന ഈന്തപ്പഴമാണിത്. മിൽക്ക് ഷേക്കുകളിലും മധുരപലഹാരങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നു. മിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, ഗ്ലൂക്കോസ് ഉൽപാദനം മന്ദഗതിയിലാക്കാൻ അവ ചെറിയ അളവിൽ കഴിക്കാവുന്നതാണ്.
മെഡ്ജൂൾ ഈത്തപ്പഴം: വലിപ്പം കൂടിയതും കാരമൽ പോലെ രുചിയുള്ളതുമായ ഇവ ഏറ്റവും മധുരമുള്ളതുമായ ഇവയെ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവർക്ക് മിതമായ അളവിൽ ഇവ കഴിക്കാം.
ഈന്തപ്പഴം ഏങ്ങനെ കഴിക്കാം
നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുമായി സംയോജിപ്പിക്കുക: ഓട്‌സിലോ തവിടുപൊടി ധാന്യങ്ങളിലോ ഈന്തപ്പഴം ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
സംസ്കരിച്ച ഈന്തപ്പഴം ഒഴിവാക്കുക: പഞ്ചസാര പൂശിയതോ സിറപ്പിൽ കുതിർത്തതോ ആയ ഇനങ്ങൾ ഒഴിവാക്കുക. പകരം സ്വാഭാവികമായി ഉണക്കിയവ തിരഞ്ഞെടുക്കുക.
ഈന്തപ്പഴം അവയുടെ സ്വാഭാവിക രൂപത്തിൽ തന്നെ കഴിക്കണം. സംസ്കരിക്കാത്തതും പായ്ക്ക് ചെയ്യാത്തതുമായ ഈന്തപ്പഴത്തിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിന് ഏകദേശം 7 മുതൽ 15 ഗ്രാം വരെ നാരുകൾ അടങ്ങിയിരിക്കുന്നു.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)