MVD : എപ്പോഴൊക്കെയാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യേണ്ടത്?; വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

When To Dim The Headlights While Driving At Night : രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ എപ്പോഴാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യേണ്ടതെന്ന് വിശദീകരിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് എംവിഡി ഇക്കാര്യത്തിൽ സുദീർഘമായ കുറിപ്പെഴുതിയത്.

MVD : എപ്പോഴൊക്കെയാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യേണ്ടത്?; വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്

രാത്രി ഡ്രൈവിങ് (Image Courtesy - Social Media)

Published: 

13 Nov 2024 08:27 AM

രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ നമ്മളിൽ പലർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ്. ഹെഡ്ലൈറ്റ് ഹൈ ബീമിലിട്ട് എതിരെ വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടമുണ്ടാക്കാറുണ്ട്. കണ്ണിലേക്ക് തുളച്ചുകയറുന്ന വെളിച്ചത്തിൽ ഒന്നും കാണാനാവാതെ പരിഭ്രാന്തരാവുന്ന അവസരങ്ങൾ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. രാത്രി വാഹനമോടിക്കുമ്പോൾ എതിരെ വാഹനം വരുന്ന സമയത്ത് ഹെഡ്ലൈറ്റ് ഡിം ചെയ്യണമെന്നത് വളരെ അടിസ്ഥാനപരമായ ഒരു മര്യാദയാണ്. എന്നാൽ, ഇത് പലരും ചെയ്യാറില്ല. ഇപ്പോഴിതാ എപ്പോഴൊക്കെയാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യേണ്ടതെന്നും ഡിം ചെയ്യുന്നതിൻ്റെ പ്രാധാന്യം എന്തെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് പറയുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ വിശദീകരണം.

Also Read : Health tips : പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ വെള്ളം കുടിക്കുമ്പോൾ ഇത്രയും മാറ്റങ്ങൾ ശരീരത്തിൽ സംഭവിക്കും

എതിരെ വാഹനം വരുമ്പോൾ മാത്രമല്ല, എംവിഡി പറയുന്നതനുസരിച്ച് വഴിവിളകുകൾ പ്രവർത്തിക്കുന്ന റോഡുകളിലും ഒരു വാഹനത്തിൻ്റെ തൊട്ടുപിന്നിൽ സഞ്ചരിക്കുമ്പോഴും ഹെഡ്ലൈറ്റ് ഡിം ചെയ്യണം. ഇൻഡിക്കേറ്റർ ഇടുമ്പോഴും ലൈറ്റ് ഡിം ചെയ്യേണ്ടതുണ്ട്. ഹാലജൻ ബൾബുകൾക്ക് പകരം അനധികൃതമായി എൽഇഡി ലാമ്പുകളും മറ്റും ഉപയോഗിക്കുന്നത് റോഡിലെ അപകടം വർധിപ്പിക്കും. ഇത് ചെയ്യാതിരിക്കുക. അവശ്യഘട്ടങ്ങളിൽ മാത്രമേ ഹൈ ബീമിൽ ഹെഡ്ലൈറ്റ് ഉപയോഗിക്കാവൂ. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ് എന്നും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ എംവിഡി കുറിച്ചു.

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡിൽ അവശ്യം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക.

ഓർക്കുക,താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.

1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ.
2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ.
3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ
കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റ് പ്രകാശത്തിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇൻഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണിൽ പെടില്ല. ഇത് അപകടത്തിലേക്ക് വഴിതെളിക്കും.

പല വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം LED ലാംബുകളും HID ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കിൽ HID ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.
ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകളിൽ വിട്ടു നിൽക്കാൻ ഏവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ അമിത പ്രകാശം മറ്റുള്ളവരിൽ ഇരുട്ടായി പടരാതെ ഇരിക്കട്ടെ..സ്നേഹത്തോടെ MVD Kerala.

കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി