Breastfeeding: കുഞ്ഞുങ്ങൾക്ക് എത്ര വയസ് വരെ മുലപ്പാൽ നൽകാം?; ഒരു ദിവസം എത്രനേരം മുലയൂട്ടണം
Breastfeeding Benefits For Baby: ഏകദേശം 15 മുതൽ 20 മിനിറ്റുവരെയോ അല്ലെങ്കിൽ കുഞ്ഞ് കുടിക്കുന്നത് നിർത്തുന്നതുവരെയോ മുലയൂട്ടാവുന്നതാണ്. ഒരു വയസ്സ് കഴിയുമ്പോൾ കുഞ്ഞിന് മുതിർന്നവർ കഴിക്കുന്ന ആഹാരങ്ങളെല്ലാം പരിചയപ്പെടുത്താം. എന്നാൽ ഇവയെല്ലാം വിട്ടിലുണ്ടാകുന്നത് ആയിരിക്കണം. കൂടുതലും ആവിയിലുള്ള ഭക്ഷണങ്ങൾ കൊടുക്കുന്നതാണ് നല്ലത്.

ആദ്യമായി ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുട്ടികൾക്ക് ഏറ്റവും ആരോഗ്യകരവും പോഷകഗുണത്തോടെയും നൽകാൻ കഴുയുന്ന ഒന്നാണ് അമ്മയുടെ മുലപ്പാൽ. അതിനോളം ആരോഗ്യ ഗുണം മറ്റൊന്നിനുമില്ല. ഭാവിയിൽ കുട്ടിയുടെ പ്രതിരോധശേഷിയെ വരെ നിയന്ത്രിക്കുന്നതിൽ മുലപ്പാലിന് വലിയ പങ്കുണ്ട്. എന്നാൽ പ്രസവശേഷം ചില അമമ്മാരിൽ പാൽ കുറവായിരിക്കും. സിസേറിയൻ കഴിയുന്നവർക്കാണ് മുലപ്പാൽ ഉണ്ടാകാൻ വൈകുന്നത്. സാധാരണ ഈ സാഹചര്യങ്ങളിൽ മറ്റ് ബദൽ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത് അത്ര നല്ല ശീലമായി പറയാൻ കഴിയില്ല.
അതുപോലെ പാൽ കുറവാണെന്ന് കരുതി അത് കൊടുക്കാതെ ഇരിക്കരുത്. പ്രസവശേഷം രണ്ട് ദിവസം കഴിയുമ്പോൾ സ്വാഭാവികമായി പാൽ വന്നുതുടങ്ങും. മുലപ്പാൽ കുറവാണെങ്കിൽ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാൻ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ആദ്യ ആറ് മാസം വരെ കൃത്യമായി മുലയൂട്ടുന്നവർ പിന്നീട് മറ്റ് ആഹാരങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ കുഞ്ഞിന് രണ്ടുവയസ്സ് തികയുന്നതു വരെ മുലയൂട്ടുന്നതാണ് ശരിയായ രീതി. ആറുമാസം കഴിയുമ്പോൾ ആരോഗ്യകരമായ കുറുക്കുകൾ കൊടുത്തു തുടങ്ങാം. എന്നാൽ മുലപ്പാൽ നൽകുന്നത് നിർത്തുകയും ചെയ്യരുത്.
ഒരു വയസ്സ് കഴിയുമ്പോൾ കുഞ്ഞിന് മുതിർന്നവർ കഴിക്കുന്ന ആഹാരങ്ങളെല്ലാം പരിചയപ്പെടുത്താം. വളരെ വേഗം ദഹിക്കുന്ന രീതിയിൽ ഞെരുടി വേണം കൊടുക്കാൻ. എന്നാൽ ഇവയെല്ലാം വിട്ടിലുണ്ടാകുന്നത് ആയിരിക്കണം. കൂടുതലും ആവിയിലുള്ള ഭക്ഷണങ്ങൾ കൊടുക്കുന്നതാണ് നല്ലത്. ഏത്തക്ക എന്നിവ പുഴുങ്ങി കൊടുക്കുന്നത് വളരെ നല്ലതാണ്. ടിന്നുകളിൽ ലഭ്യമാകുന്ന പാൽപൊടി പോലുള്ളവ കഴിവതും ഒഴിവാക്കുക. റാഗി പോലുള്ളവ കുറുക്കി നൽക്കുന്നത് കുഞ്ഞിൻ്റെ എല്ലുകൾക്ക് കൂടുതൽ ശക്തി നൽകുന്നു.
ഒരു കുട്ടിയെ സംബന്ധിച്ച് അവരുടെ അവകാശമാണ് മുലപ്പാൽ. ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അവ അത്യന്താപേക്ഷിതമാണ്. ആദ്യമായി അമ്മയാകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ടായേക്കാം. എത്ര തവണ മുലയൂട്ടണം, എത്ര വയസ് വരെ നൽകണം.. എന്നിങ്ങനെ പോകുന്നു. ദിവസം എട്ടു മുതൽ 12 തവണ വരെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാവുന്നതാണ്. രണ്ടു മുതൽ മൂന്നു വരെ മണിക്കൂർ ഇടവിട്ടാണ് മുലയൂട്ടാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. വൈകുന്നേരവും രാത്രിയും കൂടുതൽ പാൽ ഉണ്ടാവുമെന്നതിനാൽ രാത്രിയിലെ ഇടയ്ക്കിടെ പാൽ നൽകേണ്ടതാണ്.
ഏകദേശം 15 മുതൽ 20 മിനിറ്റുവരെയോ അല്ലെങ്കിൽ കുഞ്ഞ് കുടിക്കുന്നത് നിർത്തുന്നതുവരെയോ മുലയൂട്ടാവുന്നതാണ്. ചിലരിൽ കുട്ടിക്ക് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോ എന്ന് മനസിലാകാതെ വന്നേക്കാം. എന്നാൽ ദിവസവും ആറുമുതൽ എട്ടു തവണ വരെ കുഞ്ഞ് മൂത്രമൊഴിക്കുകയോ രണ്ടു മുതൽ നാലു തവണ വരെ മലവിസർജനം നടത്തുകയോ ചെയ്താൽ ആവശ്യത്തിന് മുലപ്പാൽ കിട്ടുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.