Kidney Disease: കേരളത്തില്‍ വൃക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമെന്ത്?
Kidney Disease Patients in Kerala: ഏകദേശം 50,000 ത്തിന് മുകളില്‍ ഡയാലിസിസ് രോഗികളാണ് കേരളത്തിലുള്ളത്. ഈ ഡയാലിസിസ് ചെയ്യുക എന്നത് വൃക്ക രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധിയല്ല. വിവിധ കാരണങ്ങളാണ് വൃക്ക രോഗം പിടിപെടുന്നതിന് പിന്നിലുള്ളത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൃക്ക രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വൃക്ക രോഗം കൂടുതലായി സ്ത്രീകളിലാണ് കണ്ടുവരുന്നതെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയേറെ വൃക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നത് ആരോഗ്യ മേഖലയെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.
ഏകദേശം 50,000 ത്തിന് മുകളില്‍ ഡയാലിസിസ് രോഗികളാണ് കേരളത്തിലുള്ളത്. ഈ ഡയാലിസിസ് ചെയ്യുക എന്നത് വൃക്ക രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നതിനുള്ള പ്രതിവിധിയല്ല. വിവിധ കാരണങ്ങളാണ് വൃക്ക രോഗം പിടിപെടുന്നതിന് പിന്നിലുള്ളത്. അണുബാധ, എലിപ്പനി, മലേറിയ, കര്‍പ്പന്‍ തുടങ്ങിയ അണുബാധകള്‍ക്ക് ശേഷമുണ്ടാകുന്ന ഗ്ലോമെറുലോ നെഫ്രൈറ്റിസ്, ചില മരുന്നുകള്‍, വിഷാംശം, സര്‍പ്പദംശനം എന്നിവയാണ് താത്കാലിക വൃക്കസ്തംഭനത്തിന് കാരണമാകുന്നത്.
എന്നാല്‍ പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം, ഗ്ലോമെറുമോ നെഫ്രൈറ്റിസ്, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രത്തിലെ അണുബാധ, മൂത്ര നാളികളിലുണ്ടാകുന്ന തടസങ്ങള്‍, ജന്മനാ ഉള്ള വൈകല്യങ്ങള്‍ എന്നീ കാരണങ്ങളാണ് സ്ഥായിയായ വൃക്ക രോഗത്തിനിടയാകുന്നത്.
കേരളത്തില്‍ വൃക്കരോഗം വര്‍ധിക്കുന്നതിന് കാരണമെന്ത്?
വൃക്ക സ്തംഭനം ഉണ്ടാകുന്നതിന് പ്രധാന കാരണം പ്രമേഹം തന്നെയാണ്. കേരളത്തിലുള്ള ആളുകളെയും ഇത് തന്നെയാണ് ബാധിക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പ്രമേഹം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമേഹ രോഗികളുടെ വര്‍ധനവ് തന്നെയാണ് പ്രധാനമായും വൃക്ക രോഗികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാക്കുന്നത്.
വൃക്കരോഗ ലക്ഷണങ്ങള്‍
മുഖത്തും കാലിലും നീര്, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തത്തിന്റെ അംശം, മൂത്രത്തിന്റെ അളവ് കുറയുന്നു, വിശപ്പില്ലായ്മ, ഛര്‍ദി, ഓക്കാനം, രക്താദിസമ്മര്‍ദം, ക്ഷീണം, വിളര്‍ച്ച എന്നിവയാണ് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇവയക്ക് പുറമെ ശ്വാസതടസം, അപസ്മാരം, ബോധം പോകല്‍, ചൊറിച്ചില്‍ എന്നിവയും ഉണ്ടാകാറുണ്ട്. ചിലയാളുകളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകാറില്ല. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
വൃക്കസ്തംഭനം മറ്റ് അവയവങ്ങളെ ബാധിക്കുന്നത് എന്തുകൊണ്ട്?
വൃക്കകള്‍ മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട വിസര്‍ജനാവയവമാണ്. അതിനാല്‍ തന്നെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും ഇത് മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
സ്ത്രീകളില്‍ വൃക്കരോഗം വര്‍ധിക്കുന്നു
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വൃക്കരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അതിന് പ്രധാന കാരണം മൂത്രത്തിലെ അണുബാധയാണ്. പനി, ഛര്‍ദി, മൂത്ര കടച്ചില്‍, അടിവയറ്റിലും ഉദരത്തിന്റെ പിന്‍ഭാഗത്തും വേദന എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങള്‍. ഇടയ്ക്കിടെ അണുബാധയുണ്ടാകുന്ന വ്യക്തികളില്‍ വിദഗ്ധ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
കൂടാതെ സിസ്റ്റ്മിക് ലൂപസ് എറിത്ത മറ്റോസിസ് എന്ന ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗവും സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇതും വൃക്കരോഗത്തിന് വഴിവെക്കുന്നു.