Proton Therapy: ക്യാൻസർ സെല്ലുകളുടെ ഡിഎൻഎയെ തകർക്കും; എന്താണ് മമ്മൂട്ടിയുടെ ചികിത്സാരീതിയായ പ്രോട്ടോൺ തെറാപ്പി?
What Is Proton Therapy: മമ്മൂട്ടിയുടെ വൻകുടൽ ക്യാൻസറിന് പ്രോട്ടോൺ തെറാപ്പി നടത്തുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാൻസറിനെതിരായുള്ള ഏറ്റവും നൂതനമായ ചികിത്സാരീതികളിൽ ഒന്നാണ് പ്രോട്ടോൺ തെറാപ്പി. ഇതെന്താണെന്നറിയാം.

മമ്മൂട്ടിയ്ക്ക് വൻകുടലിൽ ക്യാൻസറാണെന്ന വാർത്ത ആശങ്കയോടെയാണ് മലയാളി കേട്ടത്. അര നൂറ്റാണ്ടോളമായി മലയാളിയുടെ സിനിമാ കാഴ്ചയിൽ ഏറ്റവും ഉന്നത സ്ഥാനമുള്ളൊരു പേരാണത്. 73ആം വയസിലും ഫിറ്റ്നസ് നിലനിർത്താൻ ശ്രദ്ധിക്കുന്ന മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദം അഥവാ കോളൻ ക്യാൻസർ ബാധിച്ചെന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ താരത്തിന് ചെന്നൈയിൽ പ്രോട്ടോൺ തെറാപ്പി നടത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്താണ് പ്രോട്ടോൺ തെറാപ്പി?
ലളിതമായി പറഞ്ഞാൽ ക്യാൻസർ സെല്ലുകളുടെ ഡിഎൻഎയെ തകർക്കുന്ന ചികിത്സാരീതിയാണ് പ്രോട്ടോൺ തെറാപ്പി. നമ്മുടെ കോശങ്ങൾ വിഘടിപ്പിച്ച് ഡിഎൻഎ മ്യൂട്ടേഷൻ വരുത്തുകയാണ് ക്യാൻസർ സെല്ലുകൾ ചെയ്യുന്നത്. എന്നുവച്ചാൽ ജനിതക ഘടനയിൽ മാറ്റമുണ്ടാക്കാൻ ക്യാൻസർ കോശങ്ങൾക്ക് സാധിക്കും. ഈ കോശങ്ങളെ ഇല്ലാതാക്കുകയാണ് പ്രോട്ടോൺ തെറാപ്പിയിലൂടെ ചെയ്യുന്നത്. ക്യാൻസറും ക്യാൻസറസല്ലാത്ത മുഴകളുമൊക്കെ ഇത്തരത്തിൽ ചികിത്സിക്കാനാവും. റേഡിയേഷൻ തെറാപ്പിയുടെ നൂതനമായ മാർഗമാണ് ഇത്. ഹൈ എനർജി പ്രോട്ടോണുകൾ (പോസിറ്റീവ് ചാർജ് ആയ ആറ്റം) കടത്തിവിട്ട് ക്യാൻസർ സെല്ലുകളിലെ ഡിഎൻഎയെ നശിപ്പിക്കുന്ന രീതിയാണിത്. പ്രോട്ടോൺ ബീം തെറാപ്പി എന്നും ഇതറിയപ്പെടുന്നു.
പ്രോട്ടോൺ തെറാപ്പിയുടെ ഗുണങ്ങൾ
വേദനരഹിതമായ, കൃത്യമായ, ചെലവേറിയ ചികിത്സാരീതിയാണ് പ്രോട്ടോൺ തെറാപ്പി. ക്യാൻസർ സെല്ലുകളുടെ ജനിതകഘടനയെ നശിപ്പിച്ച് ഇവ പെരുകുന്നതിൽ നിന്ന് തടയാൻ പ്രോട്ടോൺ തെറാപ്പിക്ക് കഴിയും. നേരിട്ട് ക്യാൻസർ സെല്ലുകളെ കേന്ദ്രീകരിക്കാൻ കഴിയുമെന്നതിനാൽ സമീപത്തുള്ള, ആരോഗ്യമുള്ള മറ്റ് സെല്ലുകൾക്ക് പ്രശ്നമുണ്ടാവില്ല. ഇത് കൂടുതൽ കൃത്യമായ രീതിയിൽ അർബുദത്തെ ചികിത്സിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.




സൈഡ് എഫക്ടുകൾ
സാധാരണ ക്യാൻസർ ചികിത്സയിലുണ്ടാവുന്ന സൈഡ് എഫക്ടുകളിൽ പലതും പ്രോട്ടോൺ തെറാപ്പി ചെയ്യുമ്പോൾ ഉണ്ടാവാറില്ല. സമീപകാലത്ത് നടന്ന പഠനങ്ങൾ പ്രകാരം വേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വാസതടസം, ഓക്കാനം, വയറിളക്കം തുടങ്ങിയ സൈഡ് എഫക്ടുകളാണ് പ്രോട്ടോൺ തെറാപ്പിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് പരമ്പരാഗത ക്യാൻസർ ചികിത്സയിലുണ്ടാവുന്ന സൈഡ് എഫക്ടുകളെക്കാൾ വളരെ കുറവാണ്.
മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഈ മാസം 19ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ദിവസത്തെ പ്രോട്ടോൺ തെറാപ്പിയാണ് മമ്മൂട്ടിയ്ക്ക് നടത്തുന്നന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം മമ്മൂട്ടി സുഖമായിരിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മഹേഷ് നാരായണൻ്റെ മൾട്ടി സ്റ്റാറർ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഇടവേളയെടുത്ത താരം ഏറെ വൈകാതെ ഷൂട്ടിംഗിനായി ടീമിനൊപ്പം ചേരുമെന്നാണ് സൂചനകൾ.