AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Post Partum Depression: എന്താണ് പ്രസവാനന്തര വിഷാദം?; കാരണങ്ങളും ലക്ഷണങ്ങളും, നേരിടേണ്ടത് എങ്ങനെ

Post Partum Depression And Treatment: പ്രതിവർഷം ആറ് ലക്ഷത്തിൽപരം സ്ത്രീകളെ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ ബാധിക്കുന്നതായി ചില പഠനങ്ങളും സർവേകളും വ്യക്തമാക്കുന്നുണ്ട്. പ്രസവശേഷം ന്യൂറോ കെമിക്കൽ മാറ്റങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു അവസ്ഥയാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ. പ്രസവാനന്തര വിഷാദരോഗത്തെ നിസാരമാക്കി തള്ളികളയാൻ സാധിക്കില്ല. കാരണം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം മാറ്റങ്ങളാണ് സ്ത്രീകളിൽ ആ സമയം ഉണ്ടാവുന്നത്.

Post Partum Depression: എന്താണ് പ്രസവാനന്തര വിഷാദം?; കാരണങ്ങളും ലക്ഷണങ്ങളും, നേരിടേണ്ടത് എങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 27 Apr 2025 10:50 AM

പ്രസവാനന്തര വിഷാദരോഗം അഥവാ പോസ്റ്റ് പാർടം ഡിപ്രഷൻ (PPD) ഇന്ന് പല സ്ത്രീകളെയും ബാധിക്കാറുള്ള ഗുരുതരമായ മാനസികാവസ്ഥയാണ്. പ്രസവശേഷം ആയതിനാൽ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണിത്. ഈ അവസ്ഥയിലൂടെ കടന്നുപോയ സ്ത്രീകളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാവുന്നു. കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ചിന്താഗതി, പ്രവർത്തികൾ, അനുഭവങ്ങൾ തുടങ്ങിയവയിലെ മാറ്റം എന്നിങ്ങനെ ഒരു സ്ത്രീയെ മാനസികമായി തളർത്താൻ കഴിയുന്ന പല സാഹചര്യങ്ങളിലൂടെയും ഈ രോ​ഗാവസ്ഥ കടന്നുപോകുന്നു.

പ്രതിവർഷം ആറ് ലക്ഷത്തിൽപരം സ്ത്രീകളെ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ ബാധിക്കുന്നതായി ചില പഠനങ്ങളും സർവേകളും വ്യക്തമാക്കുന്നുണ്ട്. പ്രസവശേഷം ന്യൂറോ കെമിക്കൽ മാറ്റങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു അവസ്ഥയാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ. സാധാരണ പ്രസവശേഷം സ്ത്രീകളിൽ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് കുറയാറുണ്ട്. ഇവ മൂലം വിശപ്പ്, ഉറക്കം എന്നിവയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവിൽ മാറ്റങ്ങൾ ഉണ്ടാവുന്നു. ഇവയാവട്ടെ മൂഡ് ഹോർമോണുകൾ ആയ സെറോട്ടോണിൻ, ഡോപ്പമിൻ ഹോർമോണുകളുടെ അളവിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

പ്രസവശേഷം ഉണ്ടാകുന്ന ഉറക്കക്കുറവ് മാനസിക സമ്മർദ്ദത്തെ കൂട്ടുകയും, സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യമാണ് സ്ത്രീകളെ കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നത്. ജനിതകപരമായും പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ കണ്ടുവരുന്നുണ്ട്.

വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

പ്രസവാനന്തര വിഷാദരോഗത്തെ നിസാരമാക്കി തള്ളികളയാൻ സാധിക്കില്ല. കാരണം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം മാറ്റങ്ങളാണ് സ്ത്രീകളിൽ ആ സമയം ഉണ്ടാവുന്നത്.

ഉത്കണ്ഠ അല്ലെങ്കിൽ മുൻ കോപമാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങളിൽ ഒന്ന്. നിരാശ, വിലയില്ലായ്മ, അല്ലെങ്കിൽ നിസ്സഹായത അനുഭവപ്പെടുന്നതും സാധാരണമാണ്. പ്രസവത്തിന് മുമ്പ് ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം കുറയുന്നു. സന്തോഷം കണ്ടെത്താൻ കഴിയാതെ വരുന്നതും ഇതിൻ്റെ ലക്ഷണമാണ്.

അമിതമായ ക്ഷീണം, ഊർജ്ജക്കുറവ്, അല്ലെങ്കിൽ മന്ദത എന്നിവ അനുഭവപ്പെടുക. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഓർമ്മിക്കുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ഉറക്കത്തിലും വിശപ്പിലും ഉണ്ടാകുന്ന മാറ്റങ്ങൾ. വ്യക്തമായ കാരണങ്ങളില്ലാത്ത ശാരീരികമായി വേദനകൾ അനുഭവപ്പെടുക. ഈ സമയം മരണത്തെക്കുറിച്ചുള്ള ചിന്തകൾ, ആത്മഹത്യ അല്ലെങ്കിൽ ആത്മഹത്യാ ശ്രമങ്ങൾ വരെ സ്ത്രീകളിൽ ഉണ്ടാകാറുണ്ട്.

ഗർഭിണിയായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചെറുതോ വലുതോ ആയ ആഘാതങ്ങൾ പലപ്പോഴും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡറിലേക്ക് നയിക്കുകയും പിന്നീട് വിഷാദത്തിന് കാരണമാവുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കുന്ന സമയത്ത് കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീകൾക്ക് വേണ്ട പരി​ഗണനയും ശ്രദ്ധയും ലഭിക്കാറുണ്ട്. എന്നാൽ പ്രസവശേഷം ഈ പരി​ഗണന കുഞ്ഞിലേക്ക് മാത്രമായി ചുരുങ്ങുന്നു. പ്രസവശേഷം അമ്മയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ വരുമ്പോഴും വിഷാദ രോ​ഗം കണ്ടുവരുന്നുണ്ട്. പണ്ടുള്ള പലർക്കും ഇക്കാര്യങ്ങൾ അറിയണമെന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് ഇവയ്ക്കെതിരെ ക്ലാസുകളും മറ്റ് കൗൺസിലുകളും ലഭ്യമാണ്.

പ്രസവാനന്തര വിഷാദത്തെ നേരിടാൻ വിദ്യാഭ്യാസം, അവബോധം എന്നിവ നൽകേണ്ടത് വളരെ പ്രധാനമാണ്. ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. അമ്മയാകുന്ന സ്ത്രീകളെ വേണ്ടവിധത്തിൽ പരി​ഗണിക്കുന്നതിലൂടെയും ശ്രദ്ധിക്കുന്നതിലൂടെയും ഒരുപരിധിവരെ വിഷാദത്തെ അകറ്റി നിർത്താം. അത്തരം ആരോഗ്യകര മായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ ആദ്യപടി തുടങ്ങേണ്ടതുണ്ട്.